കേന്ദ്രസര്‍ക്കാരിന്റെ പിടിപ്പുകേടും പൊള്ളയായ വാഗ്ദാനങ്ങളും രാജ്യത്ത് സൃഷ്ടിച്ചത് രൂക്ഷമായ തൊഴിലില്ലായ്മയും കടുത്ത ദാരിദ്ര്യവും. 2020ല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതിനു മുമ്പ് തന്നെ രാജ്യത്തെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ജനങ്ങള്‍ അതിരൂക്ഷമായ സാമ്പത്തിക ബാധ്യത നേരിട്ടു. രൂക്ഷമായ തൊഴിലില്ലായ്മയാണ് ഇന്ത്യയില്‍ ദരിദ്രവിഭാഗത്തെ സൃഷ്ടിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ കുറച്ചുവര്‍ഷത്തിനിടെ ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം വര്‍ധിക്കുന്നതിന് ഇത് കാരണമായതായും ദ വയര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ജര്‍മ്മനിയിലെ ബോണിലുള്ള ഇസ (ഐഇസഡ്എ) ഇന്‍സ്റ്റിട്ട്യൂട്ട് ഓഫ് ലേബര്‍ ഇക്കണോമിക്സിലെ ഗവേഷകന്‍ സന്തോഷ് മെഹ്‌റോത്ര, ജജാതി കെഷാരി പരിദ എന്നിവര്‍ ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
2020 വരെ എട്ട് വര്‍ഷങ്ങളിലായി തൊഴിലില്ലായ്മയും അതിനെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ താഴെത്തട്ടിലുള്ള ജനങ്ങളെ അതിരൂക്ഷമായി ബാധിച്ചതായും ഇസ പുറത്തുവിട്ട കണക്കുകള്‍ വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ സ്ഥിര പ്രതിദിന വരുമാനത്തില്‍ വന്‍ ഇടിവാണ് തൊഴിലില്ലായ്മയെത്തുടര്‍ന്ന് ഉണ്ടായതെന്നും ഇതുമൂലം ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരുടെ എണ്ണത്തില്‍ 76 ദശലക്ഷം കണ്ട് വര്‍ധനവുണ്ടായതായും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കോവിഡ് മഹാമാരിക്ക് മുമ്പുള്ള കണക്കുകളാണ് ഇവ. രാജ്യത്ത് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കാലയളവിന് മുമ്പ് തന്നെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ആളുകള്‍ പ്രതിസന്ധിയിലൂടെയാണ് കടന്നുപോയതെന്നത് ഞെട്ടിപ്പിക്കുന്നുവെന്നും മെഹ്റോത്ര പറയുന്നു.
കേന്ദ്രസര്‍ക്കാരിന്റെ നാഷണല്‍ സാമ്പിള്‍ സര്‍വേ എല്ലാ അഞ്ച് വര്‍ഷം കൂടുമ്പോഴും ഇത്തരത്തില്‍ ഗവേഷണം നടത്താറുണ്ട്. 2018ലാണ് ഏറ്റവും ഒടുവിലായി പഠനം നടത്തിയത്. അതേസമയം ഈ ഗവേഷണത്തിന്റെ റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടിരുന്നില്ല. 1973നുശേഷം ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണത്തില്‍ അതിരൂക്ഷമായ വര്‍ധനയുണ്ടായത് മോഡി ഭരണത്തിലേറിയ ഈ കുറച്ചുവര്‍ഷത്തിനിടെയാണ്. എന്നാല്‍ ദാരിദ്ര്യരേഖയിലുണ്ടായ വര്‍ധനവ് ഇതേ രീതിയില്‍ നിലനില്‍ക്കുകയും ചെയ്യുന്നു.
അസംഘടിത മേഖലയിലുണ്ടായ സാമ്പത്തിക പ്രതിസന്ധി, തൊഴിലില്ലായ്മ, നോട്ട് നിരോധനം തുടങ്ങിയവ നിരന്തരമായി സാമ്പത്തിക പ്രതിസന്ധി സൃഷ്ടിച്ചു. കൂടാതെ സാമ്പത്തിക വളര്‍ച്ചാ നിരക്കിലുണ്ടായ മാന്ദ്യവും ദാരിദ്ര്യം രൂക്ഷമാക്കുന്നതിന് കാരണമായി. 2018 ആയപ്പോഴേയ്ക്കും രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ 45 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയതെന്ന് സര്‍ക്കാരിന്റെ തന്നെ കണക്കുകളില്‍ നിന്ന് വ്യക്തമായിട്ടുള്ളതായും മഹ്റോത്ര പറയുന്നു.
2012‑നും 2018‑നും ഇടയിൽ തൊഴിലില്ലായ്മ ആറ് ശതമാനത്തില്‍ നിന്ന് 18 ശതമാനമായി മൂന്നിരട്ടി വർധിച്ചു. ബിരുദ- ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണല്‍ യോഗ്യത നേടിയവര്‍ സൃഷ്ടിക്കപ്പെടുന്നുണ്ടെങ്കിലും അതിനനുസരിച്ചുള്ള തൊഴില്‍ രാജ്യത്ത് സൃഷ്ടിക്കപ്പെടുന്നില്ല. വേതനം ഇല്ലാതാകുന്നതോടെ ഉപഭോഗത്തിലും ഗണ്യമായ കുറവുമുണ്ടാകുന്നു. 2012നുശേഷം ഇന്ത്യയില്‍ത്തന്നെ ഇത്രയധികം ദാരിദ്ര്യമുണ്ടായൊരു കാലഘട്ടംതന്നെ ഇന്ത്യയിലുണ്ടായിട്ടില്ലെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.
കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിലും സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് രാജ്യത്തെ ഇനിയും പട്ടിണിയിലേക്ക് നയിക്കുമെന്ന് വിലയിരുത്തുന്നുവെന്നും മഹ്റോത്ര പറയുന്നു. 1973 മുതൽ 2012 വരെ ഇന്ത്യയില്‍ പട്ടിണിയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. 1973–4ൽ ഇത് 54.9, 1983–84ൽ 44.5, 1993–94‑ൽ 36, 2004–05‑ൽ 27.5 എന്നിങ്ങനെയായിരുന്നു രാജ്യത്തിന്റെ പട്ടിണി നിരക്ക് രേഖപ്പെടുത്തിയിരുന്നത്. 1973 മുതല്‍ 2005 വരെ വ്യക്തമായ കുറവാണ് ദാരിദ്ര്യരേഖയില്‍ കാണിച്ചിരുന്നതെങ്കില്‍ ഇന്ന് അതിന്റെ നിരക്കില്‍ മൂന്നിരട്ടിയോളം വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോര്‍പറേറ്റ് പ്രീണനം, സാമ്പത്തിക രംഗത്തെ തകര്‍ച്ച, തികച്ചും അശാസ്ത്രീയമായ പദ്ധതികള്‍ തുടങ്ങിയവ സ്വകാര്യ മേഖലയുടെ ഉന്നമനത്തിലേക്ക് മാത്രമായി ചുരുങ്ങിയതും അടിസ്ഥാന വിഭാഗത്തെ പട്ടിണിയിലേക്ക് തള്ളിവിട്ടതിന്റെ കാരണങ്ങളാണ്. പക്കോഡ കച്ചവടത്തിലൂടെ ദിവസേനെ 200 രൂപ സമ്പാദിക്കുന്നവരെ തൊഴില്‍ രഹിതരായി കണക്കാക്കാനാവില്ലെന്നാണ് തൊഴിലില്ലായ്മയില്‍ പ്രതിഷേധിച്ചവരോട് മോഡി പറഞ്ഞത്. ഓരോ വര്‍ഷവും ഒരുകോടി ജോലി വാഗ്‌ദാനം ചെയ്‌ത് അധികാരത്തിലെത്തിയ മോഡി, തൊഴിലില്ലായ്‌മയെ വീക്ഷിക്കുന്നത് ഇത്ര നിസാരമായാണ്. രാജ്യത്തെ ദരിദ്രവിഭാഗങ്ങളെ മുഴുവന്‍ പട്ടിണിയിലേക്ക് തള്ളിവിട്ട കേന്ദ്ര സര്‍ക്കാരിന്റെ വികലമായ നയങ്ങളില്‍ മാറ്റമുണ്ടാകണമെങ്കില്‍ എന്തെങ്കിലും അതിശയം നടക്കണമെന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തലുകള്‍.
English Summary; BJP’s hollow promises have created severe unemployment and extreme poverty
You may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.