21 January 2026, Wednesday

Related news

January 1, 2026
December 19, 2025
December 11, 2025
October 20, 2025
October 13, 2025
September 16, 2025
August 24, 2025
July 13, 2025
June 28, 2025
June 20, 2025

അഴിമതിയുടെ വാമനരൂപം

Janayugom Webdesk
August 18, 2024 5:00 am

ഴിമതി വാമനരൂപം പൂണ്ട് പടിവാതിൽക്കൽ വീണ്ടും എത്തിയിരിക്കുന്നു. അഴിമതിക്കെതിരായ പോരാട്ടത്തെക്കുറിച്ചുള്ള നരേന്ദ്ര മോഡിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സർക്കാരിന്റെ അവകാശവാദങ്ങളെല്ലാം പൊയ്മൊഴിയെന്ന് ആവർത്തിച്ച് ബോധ്യപ്പെട്ടിരിക്കുന്നു. അസത്യം സകല മൂടികളും തുറന്ന് പുറത്തുവന്നിരിക്കുന്നു. സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബ്യൂറോ ഓഫ് ഇന്ത്യ (സെബി) മേധാവി മാധബി പുരി ബുച്ചും ഭർത്താവ് ധവാൽ ബുച്ചും അ‍ഡാനിയുമായി ബന്ധപ്പെട്ടതും പുകമറയിലുള്ളതുമായ കടലാസു കമ്പനികളില്‍ നിക്ഷേപം നടത്തി എന്നതാണ് ഗുരുതരമായ വെളിപ്പെടുത്തല്‍. യുഎസ് ആസ്ഥാനമായുള്ള ഷോർട്ട് സെല്ലർ ഹിൻഡൻബർഗ് തങ്ങളുടെ അന്വേഷണത്തിലൂടെയാണ് ഇക്കാര്യം കണ്ടെത്തിയത്. ഗൗതം അഡാനിയുടെ സഹോദരൻ വിനോദ് അ‍ഡാനി സാമ്പത്തിക വെട്ടിപ്പിന് ഉപയോഗിക്കുന്ന തട്ടിപ്പ് ശൃംഖലയുടെ ഭാഗമാണ് ഈ സ്ഥാപനങ്ങൾ എന്നും “വിസിൽ ബ്ലോവർ” രേഖകളെ ഉദ്ധരിച്ച് ഹിൻഡൻബർഗ് വിശദീകരിക്കുന്നു. അഡാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട സാമ്പത്തിക വിപണിയിൽ കൃത്രിമം കാണിക്കാൻ അഡാനി ഗ്രൂപ്പ് ഉപയോഗിച്ച ബർമുഡയിലെയും മൗറീഷ്യസിലെയും കടലാസു കമ്പനികളിൽ 2015 മുതൽ സെബി മേധാവിയും ഭർത്താവും നിക്ഷേപം നടത്തിയതായി രേഖകൾ വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട് 2023 ജനുവരിയിൽ മറ്റൊരു അന്വേഷണ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇതിൽ സ്റ്റോക്ക് കൃത്രിമത്വത്തിലൂടെയും സാമ്പത്തിക ക്രമക്കേടിലൂടെയും കോർപറേറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിയാണ് അഡാനി ഗ്രൂപ്പ് നടത്തിയതെന്ന് അടിവരയിടുന്നുണ്ട്. ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിനു ശേഷം, ഓഹരിവിപണിയിൽ അഡാനി ഗ്രൂപ്പ് ഓഹരികൾക്ക് പ്രകടമായ ഇടിവുണ്ടായി.

സെബിയും ചങ്ങാത്തമുതലാളിത്തവും

ഈ മാസം 10ന് പുറത്തിറക്കിയ റിപ്പോർട്ടിൽ, സെബി ചെയർപേഴ്സൺ മാധബി ബുച്ചിനെയും ഭർത്താവ് ധവാൽ ബുച്ചിനെയും കുറിച്ച് ഹിൻഡൻബർഗ് കൂടുതൽ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നു. രാജ്യത്തിന്റെ സ്റ്റോക്ക് മാർക്കറ്റ് റെഗുലേറ്ററി ചെയർപേഴ്സൺ എന്ന നിലയിൽ അവർ നടത്തിയ ചില പ്രസ്താവനകൾ വ്യക്തിപരമായി നേട്ടമുണ്ടാക്കാൻ വഴിയൊരുക്കി. മാധബിയുടെ ഉടമസ്ഥതയിലുള്ള അഗോറ കൺസൾട്ടിങ്ങിൽ നിന്ന് ലഭിക്കുന്ന വരുമാനം പൂർണമായും വെളിപ്പെടുത്തിയിട്ടില്ല. മുഖ്യധാരയിലുള്ളതും എണ്ണപ്പെട്ടതുമായ ഓൺഷോർ ഇന്ത്യൻ മ്യൂച്വൽ ഫണ്ട് സംവിധാനങ്ങൾ നിലനിൽക്കെ, മാധബി ബുച്ചിനും ഭർത്താവിനും ചട്ടവിരുദ്ധമായ ഒട്ടേറെ കടലാസു കമ്പനികളുടെ ഓഹരിയുള്ളതും ഹിൻഡൻബർഗ് തുറന്നുകാട്ടുന്നു. അഡാനിയുമായി ബന്ധപ്പെട്ട രഹസ്യ വിദേശ നിക്ഷേപങ്ങളിലെല്ലാം സെബി മേധാവിക്ക് പങ്കാളിത്തമുണ്ടെന്നതാണ് ചുരുക്കം. അഡാനി ഗ്രൂപ്പ് ഡയറക്ടർ നിയന്ത്രിക്കുന്നതും വിനോദ് അഡാനി സാമ്പത്തിക തട്ടിപ്പിന് ഉപയോഗിക്കുന്നുവെന്ന് ആവർത്തിക്കുന്നതുമായ സ്ഥാപനത്തിലാണ് സെബി മേധാവിയുടെ നിക്ഷേപം എന്നത് ദുരൂഹമാണ്. വയർകാർഡ് അഴിമതിയുമായി ബന്ധമുള്ളതാണ് ഈ സ്ഥാപനം.

അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടാൻ ജെപിസി വരണം

2015 ജൂൺ അഞ്ചിന് സിംഗപ്പൂരിൽ ഐപിഇ പ്ലസ് ഫണ്ട് ഒന്നിൽ ആദ്യമായി അക്കൗണ്ട് തുറന്നതായി ഹിൻഡൻബർഗ് ഗവേഷണം കണ്ടെത്തുന്നു. ഇത്തരം ഓഫ്ഷോർ ബെർമുഡ, മൗറീഷ്യസ് ഫണ്ടുകൾക്കായി ‘വിനോദ് അഡാനി പ്രയോഗിച്ചത് സങ്കീർണവും ഇടുങ്ങിയതും ചട്ടവിരുദ്ധവുമായ ഘടനകളാണ് ’ എന്ന് ഹിൻഡൻബർഗ് വിവരിക്കുന്നു. സെബി മേധാവിയായി നിയമിക്കുന്നതിന് രണ്ടാഴ്ച മുമ്പ്, മാധബിയുടെ ഭർത്താവ് ധവാൽ ബുച്ച് മൗറീഷ്യസ് ഫണ്ട് അഡ്മിനിസ്ട്രേറ്റർ ട്രൈഡന്റ് ട്രസ്റ്റിന് കത്തെഴുതി. ഗ്ലോബൽ ഡൈനാമിക് ഓപ്പർച്യുണിറ്റീസ് ഫണ്ടിൽ നിക്ഷേപം നടത്തുന്നതിനെക്കുറിച്ചായിരുന്നു ഇമെയിൽ. “അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാൻ അധികാരമുള്ള ഏക വ്യക്തിയായി തന്നെ പരിഗണിക്കണമെന്നുള്ള സമ്മതപത്രവും ധവാൽ ബുച്ച് നൽകി. അഡാനിയുടെ ഓഫ്ഷോർ ഷെയർ സമാഹരിച്ചവർക്ക് ആരാണ് ധനസഹായം നൽകിയത് എന്നതിനെക്കുറിച്ചുള്ള അന്വേഷണത്തിൽ സെബി വീഴ്ച വരുത്തിയതായി 2023 മേയ് ആറിലെ സുപ്രീം കോടതി വിദഗ്ധ സമിതി റിപ്പോർട്ട് ചൂണ്ടിക്കാട്ടിയതും ഇതോടു ചേർക്കാം. “സ്വന്തം ചെയർപേഴ്സണിലേക്ക് അന്വേഷണം നീളാനുള്ള സാധ്യത സെബി അടച്ചതിൽ അത്ഭുതമില്ല” എന്ന് ഹിൻഡൻബർഗ് വിശദീകരിക്കുന്നു. മുഖ്യമന്ത്രിയായിരുന്ന കാലം മുതൽ നരേന്ദ്ര മോഡിയുമായി ആത്മബന്ധം പുലർത്തുന്ന ഗൗതം അഡാനിയുടെ പങ്കാളിത്തം രാഷ്ട്രീയ ആരോപണമായും പ്രധാന തെരഞ്ഞെടുപ്പ് വിഷയങ്ങളിലൊന്നായും ഉയർന്നു. വിവിധ ഘട്ടങ്ങളിൽ വ്യക്തതയോടെ ഷോർട്ട് സെല്ലർ ഇക്കാര്യങ്ങൾ ഉന്നയിച്ചു. പക്ഷെ എല്ലാ ആരോപണങ്ങളും അഡാനി ഗ്രൂപ്പ് നിഷേധിച്ചുകൊണ്ടേയിരുന്നു.

അവിശുദ്ധ കൂട്ടുകെട്ട് തുറന്നുകാട്ടാൻ ജെപിസി വരണം

2023 ജനുവരിയിലെ റിപ്പോർട്ടിൽ, മറ്റ് ഫണ്ടുകൾക്കിടയിൽ, ‘ഇഎം റീസർജന്റ് ഫണ്ട്, എമർജിങ് ഇന്ത്യ ഫോക്കസ് ഫണ്ടുകൾ എന്നിങ്ങനെ രണ്ട് മൗറീഷ്യസ് സ്ഥാപനങ്ങൾ തിരിച്ചറിഞ്ഞതായി ഹിൻഡൻബർഗ് അവകാശപ്പെട്ടു. രണ്ട് സ്ഥാപനങ്ങളും ഇന്ത്യ ഇൻഫോലൈനിന്റെ (നിലവിൽ 360 വൺ) ബന്ധപ്പെട്ട കക്ഷികളാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. അതേവര്‍ഷം ഓഗസ്റ്റിൽ ഫിനാൻഷ്യൽ ടൈംസ് നടത്തിയ അന്വേഷണത്തിൽ ഇഎം റീസർജന്റ്, എമർജിങ് ഇന്ത്യ ഫോക്കസ് ഫണ്ടുകൾ എന്നിവയിൽ ‘രഹസ്യ ഇടപാടുകൾക്കുള്ള മുന്നൊരുക്കങ്ങൾ’ കണ്ടെത്തിയതായി ഹിൻഡൻബർഗ് പറയുന്നു. “ഷെയർ വിലയിൽ കൃത്രിമം തടയുന്ന ഇന്ത്യൻ കമ്പനികൾക്കുള്ള നിയമങ്ങൾ മറികടക്കാൻ” അ‍ഡാനി ബിസിനസ് അസോസിയേറ്റുകളെ ‘സുഹൃത്തുക്കളായി’ ഉപയോഗിച്ചിരുന്നോ എന്നതിൽ ചില സംശയങ്ങളും ഉന്നയിച്ചു. എന്നാൽ ഇത്തരം ഫണ്ടുകൾക്കെതിരെ സെബി ഇതുവരെ ഒരു നടപടിയും എടുത്തിട്ടില്ല. ഇക്കഴിഞ്ഞ ജൂൺ 27ന്, സെബി ഹിൻഡൻബർഗിന് ഒരു ‘കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ഹിൻഡൻബർഗിന്റെ “ഷോർട്ട് സെല്ലർ” പദവി ഒട്ടേറെ അവ്യക്തതകളിലും പരിമിതികളിലുമാണ് എന്നായിരുന്നു പരാതി. പ്രത്യേകിച്ച് നിയമങ്ങൾ ലംഘിക്കുന്നതിനുള്ള സങ്കീർണമായ ഓഫ്ഷോർ ഇടപാടുകളിലും റെഗുലേറ്റർ പദ്ധതികളിലും പങ്കെടുത്തെന്നും സെബി കുറ്റപ്പെടുത്തി. 2017 ഏപ്രിൽ മുതൽ 2022 മാർച്ച് വരെ മാധബി ബുച്ച് പൂർണസമയ അംഗവും സെബി ചെയർമാനും ആയിരിക്കെ, സിംഗപ്പൂര്‍ ആസ്ഥാനമായ അഗോറ പാർട്ണേഴ്സ് ഓഫ്ഷോർ കൺസൾട്ടിങ് സ്ഥാപനത്തിൽ പൂർണമായും നിരന്തരം ഇടപെട്ടിരുന്നു. 2022 മാർച്ച് 16ന്, സെബി ചെയർപേഴ്സണായി നിയമിതയായി രണ്ടാഴ്ച കഴിഞ്ഞ്, അവര്‍ ബന്ധപ്പെട്ട ഓഹരികൾ ഭർത്താവിന് കൈമാറി. അഗോറ അഡ്വൈസറി എന്ന ഇന്ത്യൻ കൺസൾട്ടിങ് ബിസിനസിൽ മാധബി ബുച്ചിന് നിലവിൽ 99 ശതമാനം ഓഹരിയാണുള്ളത്. ഭർത്താവ് ഇവിടെ ഡയറക്ടറുമാണ്. 2022ൽ കൺസൾട്ടിങ് ഇടപാടിൽ നിന്ന് 2,61,000 ഡോളർ വരുമാനമാണ് ഇവർ നേടിയത്. സെബിയിൽ മാധബി വെളിപ്പെടുത്തിയ ശമ്പളത്തിന്റെ 4.4 മടങ്ങാണ് ഇത്. അഗോറ അഡ്വൈസറി എന്ന കൺസൾട്ടൻസി സ്ഥാപനത്തിൽ നിന്നും 3.71 കോടി (4,42,025 ഡോളർ) ചട്ടവിരുദ്ധമായി സമ്പാദിച്ചതായി റോയിട്ടേഴ്സും കണ്ടെത്തിയിട്ടുണ്ട്.

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.