27 April 2024, Saturday

രണ്ട് സര്‍ക്കാരുകള്‍ രണ്ട് നയങ്ങള്‍

Janayugom Webdesk
December 4, 2021 5:00 am

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും കനത്ത മഴയും കാലാവസ്ഥാ വ്യതിയാനവും കാരണമുണ്ടായ ദൗര്‍ലഭ്യവും ഉപഭോക്തൃ സംസ്ഥാനമായ കേരളത്തില്‍ അവശ്യ വസ്തുക്കള്‍ക്കും പച്ചക്കറി ഉല്പന്നങ്ങള്‍ക്കും വിലക്കയറ്റം സൃഷ്ടിക്കുക സ്വാഭാവികമാണ്. സംസ്ഥാന സര്‍ക്കാരിന്റെ സമയോചിതവും അടിയന്തരവുമായ ഇടപെടലുകളാണ് വിലക്കയറ്റം നിയന്ത്രിക്കുന്നതിന് സഹായകമാകുന്നത്. കഴിഞ്ഞമാസം രണ്ടാമത്തെ ആഴ്ച മുതല്‍ വിലക്കയറ്റത്തിന്റെ പ്രവണത പൊതു വിപണിയില്‍ ദൃശ്യമായിരുന്നു. അതിന് പ്രധാനകാരണമായത് കേന്ദ്ര സര്‍ക്കാരിന്റെ നയഫലമായി ഇന്ധന വിലയിലുണ്ടായ ഗണ്യമായ വര്‍ധനയാണ്. എണ്ണക്കമ്പനികള്‍ തോന്നുംപടിയാണ് വില ഉയര്‍ത്തിയത്. അതുകൊണ്ടുതന്നെ ഉല്പാദക സംസ്ഥാനങ്ങളില്‍ അവശ്യവസ്തുക്കള്‍ക്ക് വിലക്കയറ്റമുണ്ടായി. ഇതോടൊപ്പം ചരക്കുവാഹനങ്ങളുടെ യാത്രാക്കൂലിയിലും വന്‍ വര്‍ധനയുണ്ടായി. രണ്ടുംചേരുമ്പോള്‍ വിലക്കയറ്റത്തിന്റെ രൂക്ഷതരമായ സാഹചര്യം അഭിമുഖീകരിക്കേണ്ടി വരുന്നത് കേരളം പോലുള്ള ഉപഭോക്തൃ സംസ്ഥാനങ്ങളാണ്. ഇതിന് പരിഹാരമായി പച്ചക്കറി ഉല്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനുള്ള ശക്തമായ നടപടികള്‍ സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ നടക്കുന്നുവെങ്കിലും ഭൂപരിമിതിയും കാലാവസ്ഥയും അക്കാര്യത്തില്‍ ലക്ഷ്യം കൈവരിക്കുന്നതില്‍ തടസമാകുകയാണ്. എങ്കിലും നിലവിലുള്ള ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് വിപണിയിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള ഫലപ്രദമായ നടപടികളാണ് കൃഷിവകുപ്പും ഭക്ഷ്യവകുപ്പും സ്വീകരിക്കുന്നത്. നാം സാധനങ്ങള്‍ക്കായി ആശ്രയിക്കുന്ന പല സംസ്ഥാനങ്ങളും ശക്തമായ മഴക്കെടുതിയില്‍പ്പെടുകയും വിളനാശവും ഉല്പാദനക്കുറവും സംഭവിക്കുകയും ചെയ്തതും വിപണിയില്‍ വിലക്കയറ്റ പ്രവണത ദൃശ്യമാകുന്നതിന് കാരണമായി. പച്ചക്കറി ഉല്പന്നങ്ങള്‍ക്കാണ് വന്‍വിലക്കയറ്റമുണ്ടായത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ സമയോചിതമായി ഇടപെട്ടതിനെ തുടര്‍ന്ന് അതിന് തടയിടാനായി. കൃഷി വകുപ്പ് പെട്ടെന്നുതന്നെ ഇടപെട്ട് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും നേരിട്ട് സംഭരിച്ച 41 മെട്രിക് ടണ്‍ പച്ചക്കറി സംസ്ഥാനത്തെത്തിച്ചു. വന്‍വിലക്കയറ്റം പ്രകടമായ സവാള പോലുള്ളവ വന്‍തോതില്‍ എത്തിച്ചതുവഴി വിപണി വില കുറയ്ക്കുന്നതിന് സാധ്യമായി.


ഇതുകൂടി വായിക്കാം; പച്ചക്കറി വിലക്കയറ്റം തടയാൻ ഊർജ്ജിത ഇടപെടലുമായി കൃഷിവകുപ്പ്


ഈ ഉല്പന്നങ്ങള്‍ സംസ്ഥാനത്താകെ വിപണന ശൃംഖലകളുള്ള ഹോര്‍ട്ടി കള്‍ച്ചറല്‍ കോര്‍പറേഷന്‍, വെജിറ്റബിള്‍ ആന്റ് ഫ്രൂട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (വിഎഫ്പിസികെ) എന്നിവ വഴി ജനങ്ങള്‍ക്ക് ലഭ്യമാക്കിയതോടെതന്നെ വില ഇടിയുന്ന സാഹചര്യമുണ്ടായി. ഇതിന്റെ തുടര്‍ച്ചയായി തെങ്കാശിയില്‍ നിന്ന് പച്ചക്കറി ഉല്പന്നങ്ങള്‍ എത്തിക്കുന്നതിനുള്ള നടപടിയും പൂര്‍ത്തിയായി. അവിടെയുള്ള ആറ് കാര്‍ഷികോല്പാദക സംഘങ്ങളില്‍ നിന്ന് നേരിട്ടാണ് ഇവ ശേഖരിക്കുന്നത്. അതുകൊണ്ടുതന്നെ ഇടനിലക്കാരില്ലാതെ ഉപഭോക്താക്കളിലെത്തിച്ച് വിലകുറച്ച് വില്ക്കുവാന്‍ സാധിക്കും. ഇതിന് പുറമേ ദക്ഷിണേന്ത്യയിലെ പ്രമുഖ കാര്‍ഷിക ഉല്പാദക — വിപണന കേന്ദ്രമായ തെങ്കാശിയില്‍ സ്ഥിരം സംഭരണ കേന്ദ്രം ആരംഭിക്കുന്നതിനുള്ള ശ്രമങ്ങളും സംസ്ഥാന കൃഷിവകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതോടൊപ്പം തന്നെ ഭക്ഷ്യ — പൊതുവിതരണ വകുപ്പും അവശ്യ വസ്തുക്കള്‍ വില കുറച്ചു ലഭ്യമാക്കുന്നതിനുളള ഫലപ്രദമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. 5,919 മെട്രിക് ടണ്‍ നിത്യോപയോഗ സാധനങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്തെത്തിച്ച് സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വിതരണം ചെയ്തു തുടങ്ങിയത്. കഴിഞ്ഞ അഞ്ചുവര്‍ഷത്തോളമായി വില കൂട്ടാതെ വില്പന നടത്തിക്കൊണ്ടിരിക്കുന്ന 13 ഇനം നിത്യോപയോഗ വസ്തുക്കളാണ് 1,800 ഓളം സപ്ലൈകോ ഔട്ട്ലെറ്റുകളിലൂടെ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. ആറുലക്ഷത്തോളം പാക്കറ്റ് വെളിച്ചെണ്ണയും എത്തിച്ചു. സബ്‌സിഡി സാധനങ്ങള്‍ വിലകൂട്ടാതെ വില്ക്കുക വഴി വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ വലിയ പങ്കാണ് ഭക്ഷ്യപൊതുവിതരണ വകുപ്പ് വഹിക്കുന്നത്. ഇതിന്റെ കൂടെത്തന്നെ സബ്‌സിഡി സാധനങ്ങള്‍ ജനങ്ങളിലേക്കു നേരിട്ടെത്തിക്കുന്നതിന് ജില്ലകള്‍ തോറും സപ്ലൈകോയുടെ മൊബൈല്‍ വില്പനശാലകളും ആരംഭിച്ചിരിക്കുകയാണ്. ഒരു ജില്ലയില്‍ അഞ്ചു മൊബൈല്‍ യൂണിറ്റുകള്‍ എന്ന നിലയില്‍ രണ്ടു ദിവസങ്ങളിലായാണ് സാധനങ്ങള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുന്നത്. ജനജീവിതം ദുസ്സഹമാക്കുന്ന ഏറ്റവും പ്രധാനഘടകമാണ് വിലക്കയറ്റം. വിലക്കയറ്റത്തോടുള്ള രണ്ട് സര്‍ക്കാരുകളുടെ സമീപനങ്ങളിലെ പ്രകടമായ വ്യത്യാസമാണ് സമീപ ദിവസങ്ങളില്‍ കാണാനായത്. വിലക്കയറ്റത്തിന് മുഖ്യകാരണങ്ങളിലൊന്നായ ഇന്ധന വില ഇടക്കിടെ കൂട്ടിയും ഗോഡൗണുകളില്‍ ധാന്യങ്ങള്‍ കെട്ടിക്കിടക്കുമ്പോഴും അത് സാധാരണക്കാരിലെത്തിക്കാതെയും നിരുത്തരവാദപരവും നിസംഗവുമായ സമീപനമാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്നുണ്ടാകുന്നത്. വിലക്കയറ്റത്തിന് കാരണമാകുന്ന വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വില കയറ്റിയതും കഴിഞ്ഞ ദിവസമായിരുന്നു. അവിടെയാണ് സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും ഫലപ്രദമായ ഇടപെടലുകളിലൂടെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള സമഗ്രമായ നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.