8 May 2024, Wednesday

വിഴിഞ്ഞം; സ്വപ്നങ്ങള്‍ കെടുത്തുന്നതാര്?

രമേശ് ബാബു
September 22, 2022 5:45 am

കേരള ചരിത്രത്തില്‍ നൂറ്റാണ്ടുകള്‍ക്ക് മുന്നേ സുപ്രധാന പങ്കും നിര്‍ണായകമായ പ്രാധാന്യവുമുണ്ടായിരുന്ന വിഴിഞ്ഞം തുറമുഖത്തിന് ഓരോ കാലഘട്ടത്തിലും വികസന പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ആയ്‌ രാജവംശത്തിന്റെ അധീനതയിലായിരുന്ന വിഴിഞ്ഞം തുറമുഖം ചോളന്മാരുടെ ആക്രമണത്തില്‍ തകര്‍ന്നുപോയിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലേക്കെത്തുമ്പോള്‍ തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി പി രാമസ്വാമി അയ്യര്‍ വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകള്‍ അന്നേ കണ്ടെത്തിയിരുന്നു. സ്വാതന്ത്ര്യാനന്തരം മത്സ്യബന്ധന തുറമുഖമായി വികാസംകൊണ്ട വിഴിഞ്ഞത്തെ ഒരു വന്‍ വാണിജ്യ തുറമുഖമാക്കി മാറ്റുവാനുള്ള ചര്‍ച്ചകളും സജീവമായി. വിഴിഞ്ഞം തീരത്തിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാണ് താല്പര്യ ചര്‍ച്ചകള്‍ക്ക് വഴിവച്ചത്. അന്താരാഷ്ട്ര കപ്പല്‍ പാതയുടെ സാമീപ്യം, തീരത്തുനിന്ന് ഒരു നോട്ടിക്കല്‍ മൈല്‍ അകലെ വരെ 24 മീറ്റര്‍ സ്വാഭാവിക ആഴം തുടങ്ങിയവയാണ് വിഴിഞ്ഞത്തിന്റെ അനുകൂല ഘടകങ്ങള്‍.
വിഴിഞ്ഞം തുറമുഖ വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിനായി ഒട്ടേറെ കരടുപദ്ധതികള്‍ ആവിഷ്കരിക്കുകയും കമ്പനികള്‍ പല കാലങ്ങളില്‍ താല്പര്യം പ്രകടിപ്പിച്ച് മുന്നോട്ടുവരുകയും ചെയ്തെങ്കിലും പല കാരണങ്ങളാല്‍ അവയൊന്നും നടപ്പിലായില്ല. ഒടുവിലാണ് പൊതു, സ്വകാര്യ പങ്കാളിത്തത്തോടെയുള്ള ആദ്യ തുറമുഖ പദ്ധതിക്ക് വേണ്ടി കേരള സര്‍ക്കാരും അഡാനി ഗ്രൂപ്പും 2015ല്‍ കരാര്‍ ഒപ്പിടുന്നത്. ആയിരം ദിവസംകൊണ്ട് തീര്‍ക്കുമെന്ന് അഡാനി പ്രഖ്യാപിച്ചെങ്കിലും അതൊന്നും നടപ്പായില്ല. എങ്കിലും ഏറെ കടമ്പകള്‍ കടന്ന് വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്നതിനിടയിലാണ് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നതുവരെ വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം തുടരാന്‍ അനുവദിക്കില്ലായെന്ന മുന്നറിയിപ്പുമായി പൊടുന്നനെ ലത്തീന്‍ അതിരൂപത പ്രക്ഷോഭവുമായി ഇറങ്ങിയിരിക്കുന്നത്.


ഇതുകൂടി വായിക്കു;വിഴിഞ്ഞം തുറമുഖം കടലാക്രമണത്തിന് ആക്കം കൂട്ടി


കേരളത്തിന്റെ പരിസ്ഥിതിക്ക് വില കല്പിക്കാതെയാണ് അഡാനി ഗ്രൂപ്പ് വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം നടത്തുന്നതെന്ന വാദവുമായി പരിസ്ഥിതി പ്രവര്‍ത്തകരും സംഘടനകളും ആദ്യഘട്ടത്തില്‍ മുന്നോട്ടുവന്നിരുന്നു. അവരുടെ ആശങ്കകളെ സാധൂകരിക്കുംവിധം 2020 ഒക്ടോബര്‍ മുതല്‍ 2021 സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ തീരശോഷണം ഉണ്ടായതായി കാണുന്നുവെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓഷീന്‍ ടെക്നോളജി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2015ന് ശേഷമുണ്ടായ ചുഴലിക്കാറ്റുകളും പ്രകൃതിക്ഷോഭങ്ങളും തീരത്ത് വിവിധതരം മാറ്റങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അതിന്റെ പ്രത്യാഘാതങ്ങള്‍ കൂടിയാണ് തീരശോഷണത്തിന് കാരണമാകുന്നതെന്ന നിഗമനവും റിപ്പോര്‍ട്ട് മുന്നോട്ടു വയ്ക്കുന്നുണ്ട്. വിവിധ പഠനങ്ങള്‍ നടത്തിയ ഹരിത ട്രിബ്യൂണല്‍ ഒടുവില്‍ തുറമുഖ നിര്‍മ്മാണത്തിന് അനുമതി നല്‍കുകയായിരുന്നു. ഈ വക തടസങ്ങളും കുടിയൊഴിപ്പിക്കല്‍, നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയവയും ഒരുവിധം പരിഹരിച്ച് നിര്‍മ്മാണം പുരോഗമിക്കുമ്പോഴാണ് ലത്തീന്‍ അതിരൂപത ഉപരോധ സമരവുമായെത്തുന്നത്. തുറമുഖ നിര്‍മ്മാണം നിര്‍ത്തിവച്ച് അതിരൂപത നിര്‍ദ്ദേശിക്കുന്നവരെ കൂടി ഉള്‍പ്പെടുത്തി ശാസ്ത്രീയ പഠനം നടത്തുക, വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് അതിനു തുല്യമായ നഷ്ടപരിഹാരം നല്‍കുക, കാലാവസ്ഥാ മുന്നറിയിപ്പും മറ്റും മൂലമുണ്ടാകുന്ന തൊഴില്‍ നഷ്ടത്തിനു പകരം മിനിമം വേതനം നല്‍കുക, മണ്ണെണ്ണ വില വര്‍ധന പിന്‍വലിക്കാന്‍ ഇടപെടുക എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് ലത്തീന്‍ അതിരൂപതയുടേത്. സര്‍ക്കാര്‍ പല തലത്തില്‍ ലത്തീന്‍ മതമേധാവികളുമായി ചര്‍ച്ച നടത്തിയെങ്കിലും അനുരഞ്ജനത്തിന്റെ പാതകള്‍ തെളിഞ്ഞിട്ടില്ല. മത്സ്യത്തൊഴിലാളികളുടെ ആവശ്യം കണക്കിലെടുത്ത് ആവശ്യമായ പരിഹാര നടപടികള്‍ സ്വീകരിക്കുമെന്നും പുനര്‍ഗേഹം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വലിയതുറയില്‍ 192 ഫ്ലാറ്റുകള്‍ നിര്‍മ്മിച്ചു നല്‍കുമെന്നുമൊക്കെയുള്ള ഉറപ്പുകള്‍ സര്‍ക്കാര്‍ നല്കുന്നെങ്കിലും സമരം തുടരുകയാണ്.


ഇതുകൂടി വായിക്കു; പാര്‍ട്ടി പ്രവര്‍ത്തകരുടെ പിശാചുപേടിയും ചീട്ടുകളി ഭ്രാന്തും


ഉപരോധസമരം നിക്ഷിപ്ത താല്പര്യക്കാരുടെ അജണ്ടകള്‍ പ്രകാരം ആസൂത്രണം ചെയ്യപ്പെട്ടതാണെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്. തുറമുഖ പദ്ധതി എല്ലാ കരാര്‍ വ്യവസ്ഥകളും പാലിച്ച് നിയമാനുസരണം തുടക്കം കുറിച്ചപ്പോള്‍ വിരുദ്ധ പ്രചാരണവുമായി എത്തിയ പരിസ്ഥിതി സംഘടനകള്‍ കരാറുകാരില്‍ നിന്ന് പണം കൈപ്പറ്റുന്നതായുള്ള ആരോപണമാണ് ആദ്യം പുറത്തുവന്നത്. മറ്റൊന്ന് തുറമുഖത്തിനെതിരെ സമരം നടത്തുന്നവര്‍ അഡാനിയുടെ തന്നെ ഒത്താശയോടെയാണ് സമരം നടത്തുന്നതെന്നും ഒപ്പം ഈ സമരത്തിലൂടെ സഭ തങ്ങളുടെ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ സര്‍ക്കാരിനെതിരെ സമ്മര്‍ദ്ദതന്ത്രം പ്രയോഗിക്കുകയാണെന്ന ആരോപണവും. സംസ്ഥാന സര്‍ക്കാരുമായുള്ള കരാര്‍ പ്രകാരം 2019 ഡിസംബറിനകം തുറമുഖ പ്രവൃത്തി അഡാനി ഗ്രൂപ്പ് പൂര്‍ത്തിയാക്കണമെന്നായിരുന്നു നിബന്ധന. അല്ലാത്തപക്ഷം മൂന്ന് മാസങ്ങള്‍ക്ക് ശേഷം പ്രതിദിനം 12 ലക്ഷം രൂപവീതം അഡാനി നഷ്ടപരിഹാരം കൊടുക്കേണ്ടതുണ്ട്. എന്നാല്‍ ഓഖി, പ്രളയം, കോവിഡ്, ടൗട്ടേ ചുഴലിക്കാറ്റ്, പാറക്കല്ലിന്റെ ദൗര്‍ലഭ്യം എന്നിവയെല്ലാം കാരണം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വൈകിയെന്നാണ് അഡാനി വാദിച്ചുവന്നിരുന്നത്. 2022 ആയിട്ടും പണി പൂര്‍ത്തിയാക്കാന്‍ കഴിയാത്ത അഡാനി ഗ്രൂപ്പ് സമരക്കാർക്ക് ചെല്ലും ചെലവും കൊടുത്ത് ഇളക്കിവിട്ട് കാലതാമസത്തിന് കാരണം അവതരിപ്പിക്കുകയാണെന്നാണ് വേറൊരു ആരോപണം. ചൈനയെപ്പോലുളള വിദേശശക്തികള്‍ വിഴിഞ്ഞം പദ്ധതിക്ക് എതിരെ ഗൂഢമായി പ്രവര്‍ത്തിക്കുന്നുവെന്നും കേള്‍ക്കുന്നു.

വിഴിഞ്ഞം പദ്ധതി വൈകിയാല്‍ ചൈന ശ്രീലങ്കയില്‍ വികസിപ്പിച്ച ഹംബന്‍തോട്ട തുറമുഖത്തിന് ഗുണകരമാകുമെന്നാണ് നിഗമനം. വിഴിഞ്ഞം പദ്ധതി പൂര്‍ത്തിയാകുന്നതോടെ കൊളംബൊ തുറമുഖം കൈകാര്യം ചെയ്തിരുന്ന നല്ലൊരു ഭാഗം ഇന്ത്യന്‍ ട്രാന്‍സ്ഷിപ്മെന്റ് കാര്‍ഗോ വിഴിഞ്ഞത്തേക്കെത്തുമെന്നും ഇത് ഇന്ത്യയിലെ കയറ്റുമതികാര്‍ക്കും ഇറക്കുമതികാര്‍ക്കും നേട്ടമാകുമെന്നും വിഴിഞ്ഞം വഴി ട്രാന്‍സ്ഷിപ്മെന്റ് നടത്തുമ്പോള്‍ 1500 കോടിയോളം രൂപ വിദേശ നാണ്യം നേടാമെന്നും ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. ഇതൊക്കെക്കൊണ്ടാണ് വിദേശ ശക്തികള്‍ ഇവിടെ ഒരു വാണിജ്യ തുറമുഖം യാഥാര്‍ത്ഥ്യമാകുന്നത് ഇഷ്ടപ്പെടാത്തതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമായാല്‍ അത് സംസ്ഥാനത്തിന്റെ പ്രത്യേകിച്ച് തലസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റും. അനുബന്ധമായി വികസിക്കുന്ന ഗതാഗതം, ഹോട്ടല്‍, ടൂറിസം, വിദ്യാഭ്യാസം, പരിശീലന കേന്ദ്രങ്ങള്‍ എന്നീ മേഖലകള്‍ സര്‍ക്കാരിന് നികുതിവരുമാനവും ജനങ്ങള്‍ക്ക് തൊഴില്‍ സാധ്യതകളും നേടിക്കൊടുക്കും. അതുകൊണ്ടാണ് ഇത്രത്തോളമായ തുറമുഖ നിര്‍മ്മാണ പ്രവൃത്തികള്‍ക്ക് തടസം വരാതെ നോക്കണമെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചിരിക്കുന്നത്.

വിഴിഞ്ഞത്തെ മുല്ലൂര്‍ എന്ന പ്രദേശത്താണ് തുറമുഖ പദ്ധതി. അവിടെ ലത്തീന്‍ അതിരൂപതാ അംഗങ്ങളുടെ സാന്നിധ്യമില്ലാത്ത പ്രദേശമാണ്. ലത്തീന്‍ അതിരൂപത നടത്തുന്ന സമരത്തിനെതിരെ പദ്ധതിയെ അനുകൂലിക്കുന്ന മുല്ലൂർ മേഖലകളിലെ പ്രാദേശിക കൂട്ടായ്മകളും പ്രതിഷേധവുമായി രംഗത്തെത്താന്‍ തുടങ്ങിയിരിക്കുകയാണ്. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയെ അട്ടിമറിക്കാനുള്ള ശ്രമത്തിനെതിരെ ഈ വിധം മറുചേരികളും ശക്തമാകാൻ തുടങ്ങുന്നത് ഒട്ടും അഭിലഷണീയമല്ല. വര്‍ഗീയ സംഘര്‍ഷങ്ങള്‍ ഒട്ടേറെ ജീവനുകള്‍ അപഹരിച്ച തീരം കൂടിയാണ് വിഴിഞ്ഞം. രാജ്യത്തിനും സംസ്ഥാനത്തിനും വികസനത്തിന്റെയും പുരോഗതിയുടെയും പുതിയ വാതായനങ്ങള്‍ തുറന്നുതരുന്ന ഒരു അന്തര്‍ദേശീയ പദ്ധതിയെ സാമുദായിക താല്പര്യങ്ങള്‍കൊണ്ട് ചെറുക്കാന്‍ ശ്രമിക്കുന്നത് എല്ലാത്തരത്തിലും ഇനി ബുദ്ധിശൂന്യതയായിരിക്കും. ചിലപ്പോൾ തിരിച്ചടികള്‍ ഗുരുതരവുമായേക്കാം.

മാറ്റൊലി
വിഴിഞ്ഞത്തിന്റെ ഒരേയൊരു ആശങ്ക തീരശോഷണമാണ്. അതിനാണ് പോംവഴി വേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.