26 April 2024, Friday

നീയെനിക്ക് വിഷം തന്നോ മോളേ…

ദേവിക
വാതിൽപ്പഴുതിലൂടെ
August 29, 2022 8:08 am

രു കിളിക്കൂടു തകര്‍ന്നുവീഴുമ്പോള്‍ പോലും ഹൃദയം വിങ്ങിപ്പൊട്ടിപ്പോകാറുള്ളവരാണ്. എന്നാല്‍ ഇന്നലെ അംബരചുംബിയായ ഒരു ഇരട്ട ഫ്ലാറ്റു സമുച്ചയം ഡല്‍ഹി അതിര്‍ത്തിയിലെ നോയിഡയില്‍ സ്ഫോടനത്തില്‍ തകര്‍ത്തു നിലംപരിശാക്കുന്ന ദൃശ്യം കണ്ടപ്പോള്‍ അളവറ്റ ആഹ്ലാദമാണുണ്ടായത്. ഫ്ലാറ്റുകള്‍ നിലംപൊത്തുമ്പോഴുണ്ടായ പുകച്ചുരുളുകളുടെ മഹാമല കണ്ടുകൊണ്ടുനിന്ന ആയിരക്കണക്കിനു ജനങ്ങളില്‍ നിന്നുയര്‍ന്ന ഹര്‍ഷാരവവും കരഘോഷവും ഒരു രാജ്യത്തിന്റെ മനോഗതിയുടെ ബഹിര്‍സ്‌ഫുരണമായി. നമ്മുടെ മരട് ഫ്ലാറ്റുകള്‍ സ്ഫോടനത്തിലൂടെ തകര്‍ത്ത എഡിഫെയിസ്‌ കമ്പനിയായിരുന്നു ഈ അംബരചുംബികളും തകര്‍ത്തത്. ഒന്‍പതിനായിരം സുഷിരങ്ങളില്‍ 3,700 കിലോ സ്ഫോടകവസ്തുക്കള്‍ കുത്തിനിറച്ചു നടത്തിയ സ്ഫോടനം. ഇതിന്റെ നിര്‍മ്മാതാക്കളായ സൂപ്പര്‍ടെക് ഫ്ലാറ്റ് മാഫിയ ഒന്‍പതു വര്‍ഷത്തോളം നടത്തിയ നിയമയുദ്ധത്തിലെ തോല്‍വിയുടെ പരിസമാപ്തി. കയ്യില്‍ പത്തു ചക്രമുള്ളവന് നിയമം ഒരു കളിപ്പാട്ടമാണെന്ന മൂലധന ശക്തികളുടെ ഹുങ്കിനു തടയിട്ട അത്യുന്നത ന്യായാസനത്തോട് നമുക്ക് നന്ദി പറയാം. വൈകിയാണെങ്കിലും നീതി ലഭിക്കുമെന്ന ആശ്വാസം. കെട്ടിടനിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ചും സര്‍ക്കാര്‍ ഭൂമി കയ്യേറിയുമുള്ള ഇത്തരം അപനിര്‍മ്മിതികള്‍ ഇനിയും നൂറുകണക്കിനുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. പക്ഷേ അവയെല്ലാം നിയമത്തെ വെല്ലുവിളിച്ച് ഇപ്പോഴും തല ഉയര്‍ത്തി നില്‍ക്കുന്നു. ഇവയെല്ലാം നോയിഡയിലെയും മരടിലെയും പോലെ നിലം പൊത്തണമെങ്കില്‍ ഇനിയെത്ര കാലമെടുക്കുമെന്നറിയില്ല. കാരണം ഇത് ഇന്ത്യാ മഹാരാജ്യമാണ്.


ഇതുകൂടി വായിക്കൂ: വാരാണസിയിലെ ആ ശിശുരോദനം


എന്നാല്‍ നിയമക്കുരുക്കുകളിലേക്ക് നീട്ടിക്കൊണ്ടു പോകാനാവാതെ തുടരുന്ന നിരവധി ദുരന്തങ്ങള്‍ നമ്മെ ചൂഴ്ന്നു നില്‍ക്കുന്നു. മയക്കുമരുന്നിന്റെയും ചൂതുകളിയുടെയും മഹാദുരന്തങ്ങള്‍ നമ്മെ വലയം ചെയ്തിരിക്കുന്നു. കഴിഞ്ഞ ദിവസം തൃശൂര്‍ കോടാലിയില്‍ മരണാസന്നയായ മാതാവ് രുഗ്മിണി, മകള്‍ ഇന്ദുലേഖയോട് ചോദിച്ചു; ‘മോളേ നീയെനിക്ക് വിഷം കലര്‍ത്തി നല്‍കിയോ’ മകള്‍ ഉടന്‍ മറുപടി പറഞ്ഞു, ‘ചാകാന്‍ പോവുകയാണ്, മിണ്ടാതെ കിടന്നോളണം.’ തനിക്ക് വിഷം നല്കിയോ എന്ന ആ അമ്മയുടെ ചോദ്യം അവരുടെ അന്ത്യമൊഴിയുമായി. മറ്റൊരു വാര്‍ത്തയും തൃശൂരില്‍ നിന്നുതന്നെ. മകന്‍ വിഷ്ണു, അമ്മ ശോഭനയെ ഗ്യാസ് സിലിണ്ടര്‍ കൊണ്ട് ഇടിച്ചുചതച്ചു കൊന്നു. ഈ രണ്ട് അരുംകൊലകള്‍ക്കും സമാന സ്വഭാവമുണ്ട്. ലഹരിയും ചൂതുകളിയും. ഓണ്‍ലൈന്‍ ചൂതുകളിയിലൂടെ പത്തു ലക്ഷം രൂപയുടെ കടം വീട്ടാന്‍ കിടപ്പാടം വിറ്റു നല്‍കാത്തതിനാലാണ് രുഗ്മിണിയെ മകള്‍ ഇന്ദുലേഖ വിഷം കൊടുത്തു കൊന്നത്. മയക്കുമരുന്നിനും ചൂതുകളിക്കും ബാങ്കില്‍ നിന്നും നാല് ലക്ഷം രൂപയെടുത്തു നല്കാത്തതിനായിരുന്നു അമ്മ ശോഭയെ മകന്‍ വിഷ്ണു ഗ്യാസ് സിലിണ്ടര്‍ കൊണ്ട് ചതച്ചുകൊന്നത്. ഇന്ത്യയിലെ വര്‍ധിച്ചുവരുന്ന ലൈംഗികാതിക്രമ കേസുകളില്‍ 90 ശതമാനവും മയക്കുമരുന്നിന് അടിമകളായവര്‍ നടത്തിയതായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്ന കേസുകളുടെ കുത്തൊഴുക്കാണ് ദിനേന. ഒന്നര വയസുള്ള പെണ്‍കുരുന്നിനെപ്പോലും പീഡിപ്പിക്കുന്ന മൃഗീയകാലം. മൃഗങ്ങള്‍പോലും ബലാത്സംഗം ചെയ്യാറില്ലെന്നാണ് വയ്പ്. മലയാളക്കരയെ പ്രബുദ്ധ കേരളം, സാംസ്കാരിക കേരളം എന്നൊക്കെയാണ് നാം പുരപ്പുറത്തുകയറി വിളിച്ചുകൂവാറുള്ളത്. ആ പ്രബുദ്ധ കേരളത്തില്‍ തലസ്ഥാന ജില്ലയില്‍ ബാലരാമപുരത്തെ ദൈവദാന്‍ പാസ്റ്റര്‍ ജോസ് പ്രകാശ് 13 കാരിയെ പീഡിപ്പിച്ചതിന് 15 വര്‍ഷത്തെ കഠിനതടവ് അനുഭവിക്കണമെന്ന വിധി വന്നിരിക്കുന്നു. പോരാഞ്ഞ് ഇരയുടെ സഹോദരനായ പിഞ്ചു ബാലനെ ലൈംഗികമായി പീഡിപ്പിച്ചതിനു വേറെ അഞ്ചു വര്‍ഷം കഠിനതടവും. മനുഷ്യനും ദൈവവും തമ്മിലുള്ള പാലമായ ദൈവദാസന്‍ പോലും ജയില്‍ ചപ്പാത്തി തിന്നേണ്ടി വരുന്ന കര്‍ത്താവിന്റെ കാലവിശേഷം.
നമ്മുടെ ‘പ്രബുദ്ധകേരള’ത്തില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ സ്ത്രീകള്‍ക്കെതിരായ 69,972 അതിക്രമങ്ങള്‍ നടന്നുവെന്നാണ് ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്ക്. പത്തുവര്‍ഷം മുമ്പ് 1132 ബലാത്സംഗ കേസുകളുണ്ടായി.


ഇതുകൂടി വായിക്കൂ: ശ്രീശങ്കരാചാര്യര്‍, ശ്രീനാരായണഗുരു, സിവിക് ചന്ദ്രന്‍!


കഴിഞ്ഞ വര്‍ഷം അത് 2,318 ആയി ഉയര്‍ന്നു. സാംസ്കാരിക മലയാളിയുടെ വളര്‍ച്ച കണ്ട് കൊതി തോന്നുന്നുവോ! ഇതെല്ലാം തടയാന്‍ ഒരു സര്‍ക്കാരിനുമാവില്ല. സമൂഹത്തിന്റെ മനോഗതിയിലാണ് മാറ്റം വേണ്ടത്. ബോധമില്ലാത്തവനെ എങ്ങനെ ബോധവല്ക്കരിക്കും? എന്നാല്‍ ഓണ്‍ലൈന്‍ ചൂതുകളിക്കും മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗത്തിനുമെതിരേ കര്‍ക്കശമായ നിയമങ്ങള്‍ കൊണ്ടുവന്നാല്‍ ഇതെല്ലാം തടയാവുന്നതേയുളളൂ. ഓണ്‍ലൈന്‍ റമ്മികളിയിലൂടെ ആയിരക്കണക്കിനു കോടി രൂപയാണ് മാഫിയകളുടെ കീശകളിലേക്ക് ഒഴുകുന്നത്. ഒരൊറ്റ നിയമനിര്‍മ്മാണം കൊണ്ടു തടയാവുന്ന മഹാവിപത്ത്. മയക്കുമരുന്നു മാഫിയകളെ കഠിനശിക്ഷയ്ക്കു വിധേയമാക്കിയാലെന്താണ് തെറ്റ്. സമൂഹത്തെയാകെ നാശത്തിലേക്ക് നയിക്കുന്ന ഇവരെ മരണംവരെ ജയിലിലടയ്ക്കുന്ന ശിക്ഷ നല്‍കിയാല്‍‍ തീരുന്ന പ്രശ്നമേയുളളു. പക്ഷേ ഇതങ്ങനെ തീരുന്ന പ്രശ്നമല്ല. ഈ മാഫിയകള്‍ക്ക് പിന്നില്‍ വന്‍ രാഷ്ട്രീയ മാഫിയകളാണുള്ളത്. നടിയും ബിജെപി നേതാവുമായ സൊനാലി ഫോഗട്ട് കഴിഞ്ഞ ദിവസം ഗോവയില്‍ മരിച്ചത് മയക്കുമരുന്ന് അമിതമായി കഴിച്ചായിരുന്നു. ത്രിപുര ഭരിക്കുന്നത് ബിജെപിയാണ്. അവിടെ പാര്‍ട്ടി സംസ്ഥാന ഉപാധ്യക്ഷന്‍ മംഗള്‍ ദേബ് ബര്‍മ്മന്റെ കാറില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തത് 400 കിലോ കഞ്ചാവായിരുന്നു. നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയതുകൊണ്ടുമാത്രം കഞ്ചാവ് പിടിച്ചെടുക്കാന്‍ പൊലീസ് നിര്‍ബന്ധിതമായി എന്നേയുള്ളു. നാടുവാഴുന്ന തമ്പുരാനായതിനാല്‍ ഇതു കള്ളക്കേസായി എഴുതിത്തള്ളുമെന്നു കട്ടായം. ഓണ്‍ലൈന്‍ ചൂതുകളിയുടെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍ ബോളിവുഡ് ചക്രവര്‍ത്തി ഷാരൂഖ്ഖാനും ക്രിക്കറ്റിലെ കില്ലാടി വിരാട് കോലിയും കഴിഞ്ഞ ലോകകപ്പ് ക്രിക്കറ്റിനിടെ ധോണിയും കോലിയും ഉള്‍പ്പെടെ ടീമംഗങ്ങളില്‍ പലരും ഹോട്ടല്‍ മുറികളില്‍ പബ്ജി കളിച്ചും മയക്കുമരുന്നും മദ്യവും അകത്താക്കിയുമായിരുന്നു നേരം പോക്കിയത്. കളിയില്‍ ദയനീയമായി തോറ്റു തുന്നംപാടുകയും ചെയ്തു. കേരളത്തിലാണെങ്കില്‍ ഓണ്‍ലൈന്‍ റമ്മികളിക്ക് ബ്രാന്‍ഡ് അംബാസഡര്‍മാരായി മലയാളത്തിന്റെ തുള്ളക്കാരി റിമിടോമി, ഗാനഗന്ധര്‍വന്‍ യേശുദാസിന്റെ മകന്‍ ചിന്നഗന്ധര്‍വന്‍ വിജയ് യേശുദാസ് തുടങ്ങിയവര്‍. ഒരുവേള നടന്‍ ലാലും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പക്ഷേ ജനം ഇതു ശരിയല്ലെന്നു പറഞ്ഞതോടെ അദ്ദേഹം പിന്മാറിയതു നല്ലകാര്യം. പക്ഷേ ഓണ്‍ലൈന്‍ ചൂതുകളിക്കാര്‍ മോഡി ഭരണത്തില്‍ തഴച്ചുവളരുകയേയുള്ളു. ഒപ്പം ‘നീയെനിക്ക് വിഷം തന്നോ മോളേ’ എന്ന രുഗ്മിണിയുടെ വിലാപവും തുടര്‍ക്കഥയാവും.


ഇതുകൂടി വായിക്കൂ: ഗ്രഹണത്തിന് മോഡിയും കണ്ണടവയ്ക്കും!


കഴിഞ്ഞ ദിവസം യുപിയിലെ മൗജില്ലയിലെ കോപാഗഞ്ചില്‍ നിന്നുള്ള ഒരു വാര്‍ത്ത കണ്ടപ്പോള്‍ നമുക്കും വേണ്ടേ ഒരു ദേശീയ പുരുഷകമ്മിഷനും സംസ്ഥാന പുരുഷ കമ്മിഷനുകളുമെന്നു തോന്നിപ്പോയി. ഭാര്യയുടെ ക്രൂരമായ മര്‍ദ്ദനം കൊണ്ടു പൊറുതിമുട്ടിയ രാംരുപേഷ് എന്ന നാല്പതുകാരന്‍ 80 അടി പൊക്കമുള്ള പനയിലേക്ക് പൊറുതിയായെന്നാണ് വാര്‍ത്ത. രാത്രി പാതിരാപ്പക്ഷിപോലും ഉറക്കമാവുമ്പോള്‍ നിലത്തിറങ്ങി പ്രാഥമിക കര്‍മ്മങ്ങള്‍ നടത്തിയശേഷം നേരേ പനമുകളിലേക്ക്. മുകളില്‍ നിന്നു കയറില്‍ ഒരു പാത്രം താഴേക്ക് തൂക്കിയിട്ടുകൊടുക്കും ആരെങ്കിലും അല്പം ഭക്ഷണം അതിലിട്ടുകൊടുത്താല്‍ മുകളിലേക്ക് വലിച്ച് മൃഷ്ടാന്നഭോജനം. പിന്നെ പനമുകളില്‍ സുഖനിദ്ര. ഈ പീഡിത ഭര്‍ത്താവിന്റെ പനമുകള്‍ വാസം കാണാന്‍ അയല്‍ ഗ്രാമങ്ങളില്‍ നിന്നും നൂറുകണക്കിന് ആബാലവൃദ്ധം എത്തുന്നു. ഇയാളെ താഴെയിറക്കാന്‍ ഗ്രാമത്തലവനടക്കം ശ്രമിച്ചുനോക്കി. ഭാര്യയുടെ തല്ലുകൊണ്ട് ചാവാന്‍ വയ്യാ എന്ന് വനവാസിയായ ഭര്‍ത്താവ്. ഇതോടെ ഗ്രാമമുഖ്യന്‍ ഒരു പുതിയ ആരോപണവുമായി രംഗത്തിറങ്ങിയിരിക്കുന്നു. നൂല്‍ബന്ധമില്ലാതെ ഗ്രാമസുന്ദരിമാര്‍ കുളിക്കുന്നത് ആസ്വദിക്കാനാണത്രേ ഇയാളുടെ പനയിലെ പൊറുതിയെന്ന്. ഭാര്യാമര്‍ദ്ദനവുമില്ല; പെണ്‍പിള്ളേരുടെ കുളിയും കാണാം! ഗ്രാമമുഖ്യന്‍ പറഞ്ഞത് കഥയാകാം. പക്ഷേ വേണ്ടേ നമുക്ക് ഒരു പുരുഷ കമ്മിഷനും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.