ലോകം മുഴുവന്‍ എതിര്‍ത്തിട്ടും പശ്ചിമേഷ്യയിലെ സംഘര്‍ഷാന്തരീക്ഷം അയഞ്ഞിട്ടില്ല. ഓരോ ദിവസവും മരണനിരക്ക് ഉയരുകയാണ്. ജീവഹാനിയും പരിക്കുകളും അഭയാര്‍ത്ഥിപ്രവാഹവും കൂടിക്കൊണ്ടേയിരിക്കുന്നു. 10 ലക്ഷത്തിലധികം പേര്‍ അഭയാര്‍ത്ഥികളായി. പലസ്തീനിലെ ജനങ്ങള്‍ക്ക് മരണം കണ്‍മുന്നിലാണുള്ളത്. അന്താരാഷ്ട്ര നിയമമനുസരിച്ചുള്ള മാനുഷിക ഇടനാഴി പോലും അനുവദിക്കാതെ ഗാസയെ വളഞ്ഞിട്ടാണ് ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടത്. പ്രണയത്തിലും യുദ്ധത്തിലും എന്തുമാകാമെന്ന ചൊല്ലുണ്ടായിരുന്നു. പിന്നീട് ഭാവനാസമ്പന്നര്‍, കത്തിക്കാളുമ്പോൾ ഇവയ്ക്കു രണ്ടിനും വ്യവസ്ഥകളില്ല, ഒറ്റക്കാഴ്ചയായി പരസ്പരം ഉന്നമാകുന്നു എന്നിങ്ങനെ അതിന് വ്യാഖ്യാനങ്ങളും വിശദീകരണങ്ങളും കൂട്ടിച്ചേര്‍ക്കുകയുമുണ്ടായി. ഇന്നും ആ പ്രയോഗം നിലവിലുണ്ടെങ്കിലും യുദ്ധത്തിന്റെ കാര്യത്തില്‍ അത് അനാവശ്യമായിരിക്കുന്നു. ഭൂതന്ത്രങ്ങള്‍ക്കും ഭരണനയങ്ങള്‍ക്കുംമേല്‍ മാനവികത പ്രതിഷ്ഠിക്കപ്പെട്ടതിനുശേഷം യുദ്ധത്തിന് നിയമങ്ങളും വ്യവസ്ഥകളുമുണ്ട്. യുദ്ധഭ്രാന്തുള്ള ഭരണാധികാരികള്‍ പക്ഷേ ആ നിയമങ്ങളും വ്യവസ്ഥകളും പാലിക്കുവാന്‍ തയ്യാറാകുന്നില്ലെന്ന ദുരന്തമാണ് നാം കാണുന്നത്. ലോകം മുഴുവന്‍ പലസ്തീനൊപ്പം നില്‍ക്കുകയാണിപ്പോള്‍. നിലവിലെ വിഷയത്തില്‍ ലോകം മഹാഭൂരിപക്ഷവും ചെറുന്യൂനപക്ഷവുമെന്ന വിഭജനത്തിലാണുള്ളത്. ഇസ്രയേലിനൊപ്പം വളരെ കുറച്ച് രാജ്യങ്ങളെയുള്ളൂ. അവശേഷിക്കുന്ന ഭൂരിപക്ഷവും ജനങ്ങളും പലസ്തീനൊപ്പമാണ്. യുഎസിലുള്‍പ്പെടെ ലോകത്തെ പ്രമുഖ നഗരങ്ങളിലെല്ലാം യുദ്ധത്തിനും ഇസ്രയേലിനുമെതിരെ പലസ്തീനൊപ്പമാണ് എന്ന് പ്രഖ്യാപിച്ചുള്ള പ്രകടനങ്ങള്‍ നടക്കുന്നു.
എന്നാല്‍ ഹമാസ് എന്ന ഭീകര സംഘടന നടത്തിയ ക്രൂരതയ്ക്ക് പകരമായി പലസ്തീന്‍ എന്ന രാജ്യത്തെയും അവിടെയുള്ള ജനങ്ങളെയും നിഷ്കാസനം ചെയ്യാനുള്ള തത്രപ്പാടിലാണ് ഇസ്രയേല്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷഭൂമിയില്‍ നിന്ന് വരുന്ന ഓരോ വാര്‍ത്തയും അതാണ് പ്രതിഫലിപ്പിക്കുന്നത്. ഏറ്റവും ഒടുവില്‍ ഗാസയിലെ ആശുപത്രിക്കുനേരെ ആക്രമണവും അഞ്ഞൂറിലധികം പേരുടെ മരണവുമുണ്ടായിരിക്കുന്നു. മധ്യ ഗാസയില്‍ അല്‍ അഹ്‌ലിയ ആശുപത്രിക്കു നേരെ, അര്‍ധരാത്രിയോടെയാണ് ആക്രമണമുണ്ടായത്. രണ്ടും യുദ്ധ നിയമങ്ങള്‍ക്കെതിരാണ്, അന്താരാഷ്ട്രനിയമങ്ങളുടെ ലംഘനവും യുദ്ധക്കുറ്റവുമാണ്. കിടപ്പാടം വിട്ട് സുരക്ഷിത കേന്ദ്രമെന്ന ആശ്വാസത്തിലാണ് ആയിരങ്ങള്‍ ആശുപത്രികളില്‍ അഭയം തേടിയത്. നിരവധിപേർ പരിക്കേറ്റ്, കുടുങ്ങിക്കിടക്കുകയാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം അറിയിച്ചു. അറബ് രാജ്യങ്ങള്‍ ഉള്‍പ്പെടെ എല്ലാവരും ആക്രമണത്തെ അപലപിച്ച് രംഗത്തെത്തി. എന്നാല്‍ ക്രൂരമായ ഈ ആക്രമണമുണ്ടായിട്ടും ഇസ്രയേലിനെ ന്യായീകരിക്കുന്ന സമീപനമാണ് യുഎസ് സ്വീകരിച്ചത്. ഇസ്രയേല്‍ സന്ദര്‍ശനത്തിനെത്തിയ ബൈഡന്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ ആലിംഗനം ചെയ്തു. ഇസ്രയേലിനെ ന്യായീകരിക്കുന്ന നിലപാട് വെളിപ്പെടുത്തുകയും ചെയ്തു. പക്ഷം ചേര്‍ന്നുള്ള നിലപാട് പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും സമീപനം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഇന്നലെ ആശുപത്രിക്കുനേരെയുണ്ടായ ആക്രമണത്തെ അലപിച്ചു നടത്തിയ പ്രതികരണത്തിലും ഇസ്രയേലിന്റെ ക്രൂരതകള്‍ തുറന്നുപറയാന്‍ തയ്യാറായില്ല. അങ്ങുമിങ്ങും തൊടാതെയായിരുന്നു പ്രതികരണം. ഗാസയില്‍ അൽ അഹ്‌ലി ആശുപത്രിയിലെ ദാരുണമായ ജീവഹാനിയിൽ അഗാധമായ ഞെട്ടലും ഇരകളുടെ കുടുംബങ്ങളോട് അനുശോചനവും രേഖപ്പെടുത്തുന്നു എന്ന പ്രതികരണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സമൂഹമാധ്യമമായ എക്സില്‍ കുറിച്ചത്. നിലവിലുള്ള സംഘർഷത്തിൽ ജീവനാശം തുടരുന്നത് ആശങ്കപ്പെടുത്തുന്നുവെന്നും അതിൽ ഉൾപ്പെട്ടവർ ഉത്തരവാദികളാകണമെന്നുമാണ് തുടര്‍ന്ന് കുറിക്കുന്നത്. ഒരിക്കല്‍പോലും ഇസ്രയേലിന്റെ നടപടികളെ പരാമര്‍ശിക്കാതിരിക്കുന്നത് ബോധപൂര്‍വം തന്നെയാണ്. ഇന്ത്യ, കാലങ്ങളായി പിന്തുടര്‍ന്നുപോരുന്ന നയങ്ങള്‍ക്ക് വിരുദ്ധമാണ്, എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുള്ള ആശുപത്രി ആക്രമണഘട്ടത്തില്‍ പോലും നരേന്ദ്ര മോഡി സ്വീകരിക്കുന്ന സമീപനമെന്നത് അത്ഭുതമല്ല, അമര്‍ഷമാണ് സൃഷ്ടിക്കുന്നത്.
ഇസ്രയേലിന്റെ ക്രൂരതകളെ അപലപിക്കുന്നു എന്നതിനര്‍ത്ഥം ഹമാസിനെ അംഗീകരിക്കുന്നുവെന്നാകരുത്. അവരും വ്യവസ്ഥാ ലംഘനം നടത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ബന്ദിയെ മുന്നില്‍ നിര്‍ത്തി വിലപേശലിന് തുടക്കമിട്ടത് അതിന്റെ ഉദാഹരണമാണ്. ഇസ്രയേലില്‍ നിന്നും ബന്ദിയാക്കിയ മിയ ഷെം എന്ന 21കാരിയുടെ വീഡിയോ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചാണ് ഹമാസ് വിലപേശല്‍ നടത്തിയത്. ഇസ്രയേല്‍ തടവിലാക്കിയിരിക്കുന്ന 6000 പലസ്തീനികളെ വിട്ടയച്ചാല്‍ ബന്ദികളെ സ്വതന്ത്രരാക്കാമെന്നാണ് ഹമാസ് നേതാക്കള്‍ വാഗ്ദാനം ചെയ്തത്. വിദേശികളുള്‍പ്പെടെ ഇരുനൂറോളം പേരെയാണ് ഹമാസ് ബന്ദികളാക്കിയിട്ടുള്ളത്. ഇങ്ങനെ വ്യവസ്ഥകളും നിയമങ്ങളും ലംഘിച്ചുള്ള ഈ സംഘര്‍ഷം മാനവരാശിക്കെതിരാണ്. അതാണ് ആശുപത്രിക്കെതിരായ ആക്രമണത്തിലൂടെ ആവര്‍ത്തിച്ചുറപ്പിക്കപ്പെടുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.