രാജ്യത്തെ 107 ജനപ്രതിനിധികള്‍ക്കെതിരെ വിദ്വേഷ പ്രസംഗ കേസുകള്‍ നിലനില്‍ക്കുന്നതായി അസോസിയേഷൻ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് (എഡിആര്‍) റിപ്പോര്‍ട്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ പേര്‍ ബിജെപിയില്‍ നിന്നാണ്. 42 പേര്‍. കോണ്‍ഗ്രസില്‍ നിന്ന് 15 പേരും ആംആദ്മി പാര്‍ട്ടിയില്‍ നിന്ന് ഏഴും സമാജ്‌വാദി, വൈഎസ്ആര്‍ കോണ്‍ഗ്രസ് എന്നിവയില്‍ നിന്ന് അഞ്ച് വീതവും ആര്‍ജെഡിയില്‍ നിന്ന് നാലും സാമാജികര്‍ വിദ്വേഷ പ്രസംഗകുറ്റം നേരിടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഇതില്‍ 33 പേര്‍ എംപിമാരും 74 പേര്‍ എംഎല്‍എമാരുമാണ്. 4,768 സാമാജികരാണ് പഠനത്തില്‍ ഉള്‍പ്പെടുന്നത്. ഇന്ത്യൻ പീനല്‍ കോഡ് വകുപ്പുകളായ 124(എ), 153(എ), 153(ബി), 295(എ), 298, 505(1) and 505 (2) എന്നിവ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ടവയാണ്. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ. പ്രഹ്ളാദ് ജോഷി, ഗിരിരാജ് സിങ്, ശോഭാ കരന്തലാജെ, നിത്യാനന്ദ് റായ്, എംപിമാരായ ദിലീപ് ഘോഷ്, പ്രഗ്യ സിങ് ഠാക്കൂര്‍, നിഷികാന്ത് ദുബെ, ആനന്ദ് കുമാര്‍ ഹെഗ്ഡെ, അസദുദ്ദീൻ ഒവൈസി, ബദ്രുദീൻ അജ്മല്‍, ശശി തരൂര്‍, കനിമൊഴി, സഞ്ജയ് റാവുത്ത്, രാഘവ് ഛദ്ദ, വൈക്കോ എന്നിവര്‍ക്കെതിരെ വിദ്വേഷ പ്രസംഗ കുറ്റം നിലനില്‍ക്കുന്നുണ്ട്. അടുത്തിടെ ലോക്‌സഭയില്‍ ബിജെപി എംപി രമേശ് ബിധൂരി ബിഎസ്‌പി നേതാവ് ഡാനിഷ് അലിക്ക് നേരെ വിദ്വേഷ പ്രസ്താവന നടത്തിയിരുന്നു.
എംഎല്‍എമാരില്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, ജിഗ്നേഷ് മേവാനി, അഖില്‍ ഗോഗോയ്, സോമനാഥ് ഭാരതി, അബു അസ്മി, ബാബുല്‍ സുപ്രിയോ എന്നിവരും കുറ്റം നേരിടുന്നു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള എംപിമാരാണ് വിദ്വേഷ പ്രസംഗ കുറ്റം നേരിടുന്നവരില്‍ മുൻപന്തിയിലുള്ളത്. ഏഴു എംപിമാര്‍. തമിഴ്നാട്-നാല്, ബിഹാര്‍, കര്‍ണാടക, തെലങ്കാന- മൂന്ന് വീതം, അസം, ഗുജറാത്ത്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍-രണ്ട് വീതം, ഝാർഖണ്ഡ്, മധ്യ പ്രദേശ്, കേരള, ഒഡിഷ, പഞ്ചാബ് ഒന്ന് വീതം എംപിമാര്‍ വിദ്വേഷ പ്രസംഗ കുറ്റം നേരിടുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. ബിജെപിയിലെ 22 എംപിമാരും കോണ്‍ഗ്രസിലെ രണ്ടും, ആം ആദ്മി പാര്‍ട്ടി, എഐഎംഐഎം, എഐയുഡിഎഫ്, ഡിഎംകെ, എംഡിഎംകെ, പാട്ടാളി മക്കള്‍ കച്ചി, ശിവ സേന(ഉദ്ദവ് താക്കറെ), വിസികെ, സ്വതന്ത്രര്‍ എന്നിവരില്‍ നിന്ന് ഒന്ന് വീതം എംപിമാരും ഇതിലുണ്ട്.
വിദ്വേഷ പ്രസംഗ കുറ്റം നേരിടുന്ന എംഎല്‍എമാരുടെ എണ്ണത്തിലും ബിജെപി തന്നെയാണ് മുന്നില്‍. 20 പേര്‍. കൂടുതല്‍ എംഎല്‍എമാര്‍ വിദ്വേഷകുറ്റത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത് ബിഹാറിലും ഉത്തര്‍പ്രദേശിലുമാണ്. ഒമ്പത് വീതം. ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളില്‍ ആറു എംഎല്‍എമാര്‍ വീതവും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അസം, തമിഴ്നാട്-അഞ്ച് വീതം, ഡല്‍ഹി, ഗുജറാത്ത്, പശ്ചിമബംഗാള്‍— നാല് വീതം, ഝാര്‍ഖണ്ഡ്, ഉത്തരാഖണ്ഡ്-മൂന്ന് വീതം, കര്‍ണാടക, പഞ്ചാബ്, രാജസ്ഥാൻ, ത്രിപുര‑രണ്ട് വീതം, മധ്യപ്രദേശ്, ഒഡിഷ‑ഒന്ന് വീതം എംഎല്‍എമാരും കുറ്റം നേരിടുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ വിദ്വേഷപ്രസംഗ കുറ്റം നിലനില്‍ക്കുന്ന 80 സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
English Summary:Hate speech cases against 107 representatives; Mostly from BJP
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.