18 December 2024, Wednesday
KSFE Galaxy Chits Banner 2

കാലം നമിക്കുന്ന കാമ്പിശേരിയും ഭാസിയും

പി എസ് സുരേഷ്
March 3, 2022 7:00 am

വാക്കിലും, അരങ്ങിലും വിസ്മയം തീർത്ത് മലയാളികളെ ഏറെ പ്രചോദിപ്പിക്കുകയും, സ്വാധീനിക്കുകയും ചെയ്ത, കാമ്പിശേരി കരുണാകരന്റെയും തോപ്പിൽ ഭാസിയുടെയും ജന്മശതാബ്ദി ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകുന്നു. രണ്ടു വർഷക്കാലം നീണ്ടു നില്ക്കുന്ന പരിപാടികള്‍ക്കാണ് സംഘാടക സമിതി രൂപം നല്കിയിരിക്കുന്നത്. ഈ മഹാരഥന്മാർക്ക് ജന്മം നല്കിയ വള്ളികുന്നത്താണ് ആഘോഷങ്ങളുടെ ഔപചാരികമായ ഉദ്ഘാടനം. കുട്ടിക്കാലം മുതൽ ആത്മ മിത്രങ്ങളായിരുന്ന ഇരുവരുടെയും തറവാടുകൾ തമ്മിൽ അര കിലോമീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളു. അസാധാരണമായിരുന്നു ആ ബന്ധം. പത്തു വയസ്സുകാരനായ കാമ്പിശേരിയുടെയും, എട്ടു വയസുകാരനായ ഭാസിയുടെയും ബന്ധത്തെ പറ്റി കാമ്പിശേരി എഴുതിയിട്ടുള്ളതു് ഇങ്ങനെ. ‘ഭാസിക്ക് എന്നെക്കാൾ പ്രായക്കുറവുണ്ടങ്കിലും, ഞങ്ങളുടെ സഹവാസം ബാല്യകാലത്ത് ആരംഭിച്ചതും, ഇന്നും അനുസ്യൂതം തുടരുന്നതുമാണ്. ജീവിതത്തിൽ ഇന്നോളം ഞങ്ങളുടെ വഴി രണ്ടായിട്ടില്ല. രാഷ്ട്രീയ കാര്യത്തിലായാലും, കലാപരമായ കാര്യങ്ങളിലായാലും ഒരു വഴി തിരിയൽ എന്ന പ്രശ്നമേ ഞങ്ങളുടെ മുന്നിൽ ഉദിക്കുന്നില്ല’. ഒരു പായിൽ കിടന്നുറങ്ങി, ഒരു പാത്രത്തിൽ ആഹാരം കഴിച്ച് മുന്നോട്ടു നീങ്ങിയതായിരുന്നു അവരുടെ ബാല്യം.

പാരമ്പര്യത്തെ മുറുകെ പിടിക്കുന്ന മുതിർന്നവർ നിഷേധികളെന്ന് വിധിയെഴുതിയ ഇവർ ചുറ്റുപാടുമുള്ള സാമൂഹ്യ അനാചാരങ്ങളേയും, കൊള്ളരുതായ്മകളേയും വെല്ലുവിളിച്ചു. ഇരുവര്‍ക്കും സമാനതകളേറെ. ഒരു പോലെ നാടകാഭിമുഖ്യമുള്ള ഇവർ സംസ്കൃതം പഠിച്ചു. യുവജന സംഘമുണ്ടാക്കി. ഭാരത തൊഴിലാളി എന്നൊരു കയ്യെഴുത്തു മാസിക നടത്തി. കാമ്പിശേരി ആയിരുന്നു ചീഫ് എഡിറ്റർ. ഒരുമിച്ച് നാടകങ്ങളും പ്രഹസനങ്ങളും വായിച്ചു. ഒരുമിച്ച് നാടകം അവതരിപ്പിച്ചു. ഭാസിയുടെ വാക്കുകളിൽ പറഞ്ഞാൽ ‘ഞങ്ങളിരുവരും രണ്ട് ഗർഭപാത്രങ്ങളിൽ ജനിച്ചവരാണെങ്കിലും, ഒരേ വാസനക്കാരായിരുന്നു. ഭാസി പില്കാലത്ത് നാടകകൃത്തായി. കാമ്പിശേരി അഭിനേതാവായി. രചനയും അഭിനയവും നാടകത്തിന്റെ അവിഭാജ്യ ഘടകങ്ങളാണല്ലോ. രണ്ടു ഭാഗങ്ങളിൽ നിലയുറപ്പിച്ച് അവര്‍ ഉയരങ്ങൾ കീഴടക്കി.

വിദ്യാഭ്യാസം കഴിഞ്ഞ് കുറെക്കാലം ഇരുവരും കോൺഗ്രസ് പ്രവർത്തകരായി. അധികാരം കൈവന്നപ്പോൾ ജനവിരുദ്ധർ ഒന്നടങ്കം കോണ്‍ഗ്രസില്‍ ചേക്കേറി. ഇന്നലെവരെ തങ്ങളെ എതിർത്തവർ ഖദർ ധാരികളായപ്പോൾ ഇരുവരും കോൺഗ്രസ് വിട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ആകൃഷ്ടരായി.
കാമ്പിശേരിക്ക് ഗുരുതരമായ രോഗം ബാധിച്ചതുകൊണ്ട് ആശുപത്രിയിലായി. അതുകൊണ്ട് ശൂരനാട് കേസില്‍ പ്രതിയായില്ല. എന്നാല്‍ ഭാസി പ്രതിയായി ഒളിവ് ജീവിതം നയിച്ചു. ഒളിവിലിരുന്നുകൊണ്ട് ചെറുകഥകളും ഏകാങ്കങ്ങളും ആദ്യനാടകവും എഴുതി. രോഗവിമുക്തനായ കാമ്പിശേരി പത്രപ്രവര്‍ത്തനത്തിലേയ്ക്ക് തിരിഞ്ഞു. ഭാസിയാകട്ടെ ഒളിവിലിരുന്നെഴുതിയ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ സ്റ്റേജില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചു. അതിലെ പരമുപിള്ളയെന്ന കഥാപാത്രത്തിന് കാമ്പിശേരിയാണ് ജീവന്‍ നല്‍കിയത്. അപ്പോഴും അവരുടെ നാടക ധാരണ ഒന്നാണെന്ന് തെളിയിച്ചു. നാടകത്തിലെ രണ്ട് കൈവഴികളിലൂടെയുള്ള അസാധാരണമായ കൂടിച്ചേരല്‍.


ഇതുകൂടി വായിക്കാം;ആരേയും ഭാവ ഗായകനാക്കിയ കാവ്യഗന്ധര്‍വന്‍— ഒഎന്‍വി എന്ന ത്രയാക്ഷരം


1942ല്‍ സംസ്കൃത കോളജില്‍ പഠിച്ചുകൊണ്ടിരുന്ന കാമ്പിശേരിയെ തിരുവനന്തപുരം ആര്‍ട്സ് കോളജ് പിക്കറ്റ് ചെയ്തതിന് അറസ്റ്റ് ചെയ്ത് ഇരണിയല്‍ ലോക്കപ്പിലടച്ചു. തടവില്‍ നിന്നിറങ്ങി പഠിത്തവും നഷ്ടപ്പെട്ട കാമ്പിശേരി വള്ളികുന്നത്ത് വന്നത് തികഞ്ഞ കമ്മ്യൂണിസ്റ്റ് അനുഭാവിയായിട്ടായിരുന്നു. തിരുവനന്തപുരത്ത് സംസ്കൃത കോളജില്‍ പഠിച്ചിരുന്ന ഭാസി വിദ്യാര്‍ത്ഥി പ്രവര്‍ത്തകനാവുകയും കുറച്ചുകാലം ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. സ്വാതന്ത്ര്യം കിട്ടിയതോടെയാണ് തടവില്‍ നിന്ന് പുറത്ത് വന്നത്. അതോടെ ഭാസിയും അല്പസ്വല്പം കമ്മ്യൂണിസ്റ്റായി. രാജ്യത്ത് വളര്‍ന്നുവന്ന രാഷ്ട്രീയ കാലാവസ്ഥയാണ് ഇരുവരെയും കമ്മ്യൂണിസ്റ്റ് അനുഭാവികളാക്കിയത്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് സ്വാതന്ത്ര്യാനന്തരം വന്ന രൂപാന്തരത്തില്‍ മനംമടുത്ത ഇവര്‍ ആ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. ക്രമേണ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരായി മാറി. 1952ല്‍ ഇടതുപക്ഷ ഐക്യമുന്നണി സ്ഥാനാര്‍ത്ഥിയായി പുതുപ്പള്ളി മണ്ഡലത്തില്‍ നിന്ന് കാമ്പിശേരി തിരു-കൊച്ചി നിയമസഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടു. ആ നിയമസഭ അല്പായുസായിരുന്നെങ്കിലും കുറഞ്ഞ കാലത്തിനുള്ളില്‍ കാമ്പിശേരി പ്രഗത്ഭനായ നിയമസഭാ സാമാജികനായി. എംഎല്‍എ പണി തനിക്ക് പറ്റിയതല്ലെന്ന് വിശ്വസിച്ച കാമ്പിശേരി നിയമസഭാ ജീവിതത്തോട് വിടപറഞ്ഞു. എംഎല്‍എയായിരിക്കുന്ന സമയത്താണ് ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ നാടകത്തില്‍ അഭിനയിച്ചത്. പകല്‍ നിയമസഭാ പ്രവര്‍ത്തനവും രാത്രിയില്‍ നാടകാഭിനയവും. അന്ന് കമ്മ്യൂണിസ്റ്റ് എംഎല്‍എമാരായിരുന്ന പുനലൂര്‍ രാജഗോപാലന്‍നായരും കാമ്പിശേരിയും ഈ നാടകത്തിലെ അഭിനേതാക്കളായിരുന്നു. രാത്രിയില്‍ ഒന്നും രണ്ടും നാടകങ്ങളാണ് കെപിഎസി അവതരിപ്പിച്ചത്.

അതുകഴിഞ്ഞ് സഭയിലെത്തിയിരുന്ന അനാരോഗ്യവാനായ കാമ്പിശേരി അത്ഭുതമായിരുന്നു. വൈദ്യനാകാന്‍ ശ്രമിച്ച് വിപ്ലവകാരിയായ ആളാണ് തോപ്പില്‍ ഭാസി. മരണവുമായുള്ള മത്സരഓട്ടമായിരുന്നു അദ്ദേഹത്തിന്റെ ഒളിവ് ജീവിതം. ആ ഓട്ടമത്സരത്തില്‍ അന്ന് ഭാസിക്കായിരുന്നു ജയം. ഇടതുകയ്യില്‍ കഠാര വച്ചുകൊണ്ട് വലതുകൈ കൊണ്ട് നാടകവും കഥയുമെഴുതി. ഒരു എഴുത്തുകാരനാകുമെന്ന് താനൊരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഭാസി തന്നെ പറയുന്നു. ശൂരനാട് സംഭവവുമായി ബന്ധപ്പെട്ട് തൂക്കുകയര്‍ കിട്ടാവുന്ന കുറ്റങ്ങളായിരുന്നു അദ്ദേഹത്തിന്റെ മേല്‍ ചുമത്തപ്പെട്ടത്. അതില്‍ നിന്ന് മോചിതനായി നാട്ടിലെത്തിയ ഭാസി കുറച്ചുകാലം വള്ളികുന്നം പഞ്ചായത്ത് പ്രസിഡന്റായി. 54ലും 57ലും നടന്ന തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് നിയമസഭയിലെത്തുകയും ചെയ്തു. അദ്ദേഹവും പ്രഗത്ഭനായ നിയമസഭാ സാമാജികനായി. 54ല്‍ ‘ജനയുഗം’ പത്രാധിപസമിതിയില്‍ ചേര്‍ന്ന കാമ്പിശേരി 1977 ജുലൈ 27 വരെ ജനയുഗത്തില്‍ തുടര്‍ന്നു. പത്രത്തിന്റെയും വാരികയുടെയും സിനിരമ, ബാലയുഗം, നോവല്‍പതിപ്പ് എന്നീ പ്രസിദ്ധീകരണങ്ങളുടെയും പത്രാധിപരായിരുന്നു. തോപ്പില്‍ഭാസി 59 ഓടെ നിയമസഭാ പ്രവര്‍ത്തനം നിര്‍ത്തി മുഴുവന്‍ സമയ നാടക‑സിനിമാ രംഗത്തേക്ക് മാറി.

‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിന്റെ നെടുംതൂണായ പരമുപിള്ളയെ കാമ്പിശേരിയാണ് രംഗത്ത് അവതരിപ്പിച്ചത്. അത് നാടകവേദിയിലെ തന്നെ അനശ്വര കഥാപാത്രമായി മാറുകയായിരുന്നു. തകര്‍ന്ന ഇന്നലെയും ഉയരുന്ന നാളെയും കൂട്ടിയിണക്കി ഇന്നലെയില്‍ നിന്ന് നാളെയിലേയ്ക്കുള്ള പരിവര്‍ത്തനത്തെ പ്രതിനിധീകരിക്കുന്ന കണ്ണിയായാണ് നാം നാടകത്തില്‍ പരമുപിള്ളയെ കാണുന്നത്. പഴയതും പുതിയതും തമ്മില്‍ അദ്ദേഹത്തിന്റെ ഉള്ളില്‍ ഉണ്ടാകുന്ന ആത്മസംഘര്‍ഷവും കടുത്ത ജീവിതാനുഭവങ്ങളിലെ സംഘട്ടനവും കൊണ്ട് പുതിയതിന്റെ പ്രതീകമായ ചെങ്കൊടി ഉയര്‍ത്തിപ്പിടിക്കുന്നതാണ് നാടകത്തിന്റെ സത്ത. ആ നാടകത്തിലെ ഓരോ കഥാപാത്രവും അനശ്വരമായതിന് പിന്നില്‍ ഒരുപിടി മഹാന്മാരുടെ കൂട്ടായ പരിശ്രമവുമുണ്ട്. കാമ്പിശേരിയോളം വായനക്കാരുടെ മനസ് അറിഞ്ഞ പത്രാധിപന്മാര്‍ വിരളം. അതുപോലെയാണ് കാണികളുടെ മനസ്സ് കീഴടക്കുന്ന കാര്യത്തില്‍ ഭാസിയെന്ന നാടകകൃത്തും. ഇരുവര്‍ക്കുമുള്ള മറ്റൊരു സമാനത ആപാരമായ നര്‍മ്മബോധമാണ്. കാമ്പിശേരിയുടെ തെരഞ്ഞെടുത്ത കൃതികള്‍ക്ക് ആമുഖമായ ‘അനുസ്മരണം’ എന്ന ശീര്‍ഷകത്തില്‍ ഭാസി ഇങ്ങനെ എഴുതി- ‘വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന കാര്യത്തില്‍ കാമ്പിശേരിക്ക് നിര്‍ബന്ധമുണ്ടായിരുന്നു. വിശ്വസിക്കുന്ന ആദര്‍ശങ്ങളും വിലമതിക്കുന്ന പ്രത്യയ ശാസ്ത്രങ്ങളും വിറ്റു കാശാക്കാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. യുക്തിവാദവും വിപ്ലവചിന്തയും പ്രസംഗിക്കാന്‍ മാത്രമുള്ളതല്ലെന്നും പ്രവൃത്തിയിലൂടെ തെളിയിക്കാനുള്ളതുകൂടിയാണെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. അതനുസരിച്ച് പ്രവര്‍ത്തിക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വിപ്ലവ പ്രവര്‍ത്തനത്തെ ഒരു ലാഭകരമായ വ്യവസായമാക്കിക്കൊണ്ട് നടക്കാന്‍ അദ്ദേഹം ശ്രമിച്ചിരുന്നില്ലതാനും.


ഇതുകൂടി വായിക്കാം;  പി ഭാസ്കരൻ: മലയാള കാവ്യ — ചലച്ചിത്ര കലയുടെ രാജശില്പി


 

ഇരുവരും തികഞ്ഞ ഭൗതികവാദികളായിരുന്നു. സ്വാതന്ത്ര്യസമര സേനാനികള്‍ക്കുള്ള പെന്‍ഷന്‍ വേണ്ടെന്ന് വയ്ക്കുന്ന കാര്യത്തില്‍ ഇരുവരും ഒരേ അഭിപ്രായക്കാരായിരുന്നു. സ്വാതന്ത്ര്യസമരവുമായി പുലബന്ധംപോലുമില്ലാത്തവരും സ്വാതന്ത്ര്യസമരസേനാനികളെ ആക്രമിക്കാന്‍ നടന്നവരും പെന്‍ഷന്‍ വാങ്ങുന്നത് കണ്ടപ്പോഴാണ് അതിന്റെ പ്രതിഷേധമെന്നോണം അവര്‍ ആ തീരുമാനമെടുത്തത്. ആക്ഷേപഹാസ്യമാണ് കാമ്പിശേരിയുടെ സാഹിത്യശൈലിയുടെ മുഖമുദ്ര. നര്‍മ്മരസം തുളുമ്പുന്ന വിനോദ ലേഖനങ്ങള്‍ കാമ്പിശേരിയെപോലെ അധികമാരും എഴുതി കണ്ടിട്ടില്ല. അതിന്റെ ഉത്തമോദാഹരണമാണ് ‘കൂനന്തറ പരമുവും പൂന കേശവനും’ ഇതില്‍ കൂനന്തറ കാമ്പിശേരിയും പൂന കേശവന്‍ ഭാസിയുമാണെന്നാണ് തോപ്പില്‍ ഭാസിയുടെ ‘കണ്ടുപിടുത്തം’. പേരിന് മാത്രം പത്രാധിപരായിരുന്ന ഒരാളായിരുന്നില്ല കാമ്പിശേരി. പത്രത്തിന്റെ ഓരോ മേഖലയിലും അദ്ദേഹത്തിന്റെ ശ്രദ്ധ ചെന്നിരിക്കും. കാലാകാലങ്ങളില്‍ ഓരോ പുതുമകള്‍ അദ്ദേഹം കണ്ടെത്തും. ആ പുതിയ പംക്തികള്‍ വായനക്കാരെ ആകര്‍ഷിക്കുകയും ചെയ്യും. ജനയുഗത്തിന്റെ മാനേജ്മെന്റിലും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പത്തു പതിനെട്ട് മണിക്കൂര്‍ വരെ ദിവസവും ജോലി ചെയ്തിരുന്ന കാമ്പിശേരിയുടെ അധ്വാനക്കൂടുതലാണ് കേവലം 55 വര്‍ഷത്തെ ജീവിതത്തിനിടയില്‍ അദ്ദേഹത്തെ നഷ്ടപ്പെടുത്തിയത്. 68 വര്‍ഷം ഇതിഹാസതുല്യം നമ്മോടൊപ്പം ജീവിച്ച ഭാസിയുടെ സംഭവബഹുലമായ ജീവിതത്തിന് 92 ‍ഡിസംബര്‍ എട്ടിന് പര്യവസാനമായി. ഒരിക്കലും പിരിയില്ലെന്നുകരുതിയ, പിരിയാന്‍ കൂട്ടാക്കാത്ത ബന്ധത്തിനുടമകളായിരുന്നു അവര്‍. വള്ളികുന്നം കടുവുങ്കല്‍ വാര്‍ഡില്‍ തോപ്പില്‍ വീട്ടുവളപ്പിലും അരക്കിലോ മീറ്റര്‍ അകലെ മീനത്തുവാര്‍ഡിലെ കാമ്പിശേരി തറവാട്ടുവളപ്പിലും അന്തിയുറങ്ങുകയാണ് ആ അളിയന്‍മാര്‍.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.