26 April 2024, Friday

തിരസ്കൃതരുടെ സുവിശേഷങ്ങൾ

പ്രീത് ചന്ദനപ്പള്ളി
October 3, 2021 4:00 am

ചരിത്രത്തെ സൂക്ഷ്മമായി കണ്ടെത്താനുള്ള ശ്രമം, ലിംഗസമത്വത്തെ സംബന്ധിച്ച നവ കാഴ്ചപ്പാടുകൾ, പൊതു ഇടത്തിൽനിന്ന് പുറന്തള്ളപ്പെട്ട മനുഷ്യരുടെ കർത്തൃത്വം അന്വേഷിക്കൽ, കേരളീയ സമൂഹത്തിൽ പെൺ ജീവിതം എങ്ങനെയാകണമെന്ന ആഴത്തിലുള്ള അവബോധ നിർമ്മിതി, ശാസ്ത്രത്തിന്റേയും സാങ്കേതിക വിദ്യയുടേയും വളർച്ച എഴുത്തിൽ വരുത്തിയ മാറ്റങ്ങളുടെ പുതിയ മാതൃക ഇത്തരം ബഹുസ്വരതകളാണ് എ പി അശ്വിനിയുടെ നിത്യകല്യാണി @ ഹെർസ്റ്റോറിക്ക. കോം.

തിരസ്കൃതരുടെ സുവിശേഷമാണ് ഈ നോവൽ. മുഖ്യധാരാ ഇടങ്ങളിൽ നിന്ന് തിരസ്ക്കരിക്കപ്പെട്ടവർ ചരിത്രത്തിലായാലും വർത്തമാനത്തിലായാലും അത് ദളിതരും സ്ത്രീകളുമാണന്ന് പെട്ടെന്ന് പറയുവാൻ സാധിക്കും. കൊളോണിയൽ — ഫ്യൂഡലിസ്റ്റ് ജീവിത പരിസരങ്ങളിൽ നിന്നും അമ്പേഷണങ്ങൾ മാറിയെന്ന് പ്രത്യക്ഷത്തിൽ അവകാശമുന്നയിക്കുമ്പോഴും ആന്തരികമായി അത്രയൊന്നും ചലിച്ചിട്ടില്ലാത്ത മലയാളി മനസു തന്നെയാണ് ഉത്തരാധുനികതവരെയുള്ള നോവൽ പരിസരങ്ങളിൽ നാം കണ്ടുമുട്ടിയിട്ടുള്ളത്. അത്തരം വാർപ്പുു മാതൃകകളുടെ തിടമ്പേറ്റി നമ്മൾ സാംസ്കാരിക- പുരോഗമന — സാക്ഷര കേരളത്തെക്കുറിച്ച് ഉച്ചൈസ്തരം ഉദ്ഘോഷിക്കുമ്പോഴാണ് ”പുരോഗമന കേരളം കോപ്പാണന്നു മനസിലായില്ലേ?” എന്ന് നിത്യ കല്യാണി ചോദിക്കുന്നത്.

അഭിയും നിത്യ കല്യാണിയും തമ്മിൽ നടത്തുന്ന ചാറ്റിൽ, നിത്യയുടെ പ്രസ്താവനയാണിത്. പുരോഗമന കേരളമെന്ന് വർത്തമാനത്തിൽ നാം വാതോരാതെ പറയുമ്പോഴും അതിന്റെ യഥാർത്ഥ മുഖമെന്താണെന്ന് നമുക്ക് നോവൽ കാട്ടി തരുന്നു. വർണ്ണവ്യവസ്ഥയുടെ ഫോസിലുകളിൽ കുരുങ്ങിക്കിടക്കുന്ന കേരളത്തിന്റെ കപട പുരോഗമന സാംസ്കാരിക മുഖത്തേക്ക് ആഞ്ഞ് തുപ്പുകയാണ് നിത്യകല്യാണി. അത് തന്നെയാണ് ഈ നോവലിന്റെ പ്രമേയവും.

നിത്യകല്യാണിയെ പരിചയപ്പെടുന്നതിനു മുൻപ് അവളുടെ അമ്മ കല്യാണിയെ പരിചയപ്പെടണം. എങ്കിലേ നമുക്ക് നിത്യയുടെ കഥാപരിസരം ശരിയായി മനസിലാക്കാൻ കഴിയുകയുള്ളു.
” അതേ. നമ്മുടെ ചങ്കരന്റെ പെങ്കൊച്ചിനോട് പേരു ചോദിച്ചപ്പോൾ അവള് പറയാ… നിത്യ കല്യാണീന്ന്… കല്യാണി അതിന്റെ തള്ളയുടെ പേരല്ലേ. ഇതെന്താപ്പാ ഇങ്ങനൊരു പേര്. നാട്ടുനടപ്പനുസരിച്ച് തന്തേടെ പേരല്ലേ വയ്ക്കേണ്ടത്.?”
നിത്യ കല്യാണിയുടെ അമ്മായിയുടെ ഈ സംസാരത്തിന് നിത്യയുടെ അമ്മ കല്യാണിയുടെ ഒരു മറുപടിയിങ്ങനെയാണ്.

“പഷ്ട്. ഈ നാട്ടിൽ നടപ്പൊക്കെ എന്നാണ് ഉണ്ടായത് നാത്തൂനെ. നമ്മുടെ പെണ്ണുങ്ങൾ പാടത്തിറങ്ങൂലെന്ന് വാശി പിടിച്ചപ്പോഴാണ് നമ്മുടെ പിള്ളേർക്ക് അക്ഷരം കിട്ടിയത്. മുണ്ടു മുറുക്കി പണിയെടുത്തിട്ടും പത്തായം നിറച്ചിട്ടും നമ്മുടെ മാടങ്ങൾക്ക് അരവയറ്… നമ്മള് മുല മറയ്ക്കാൻ… തുടങ്ങിയ കാലമൊന്നും മറന്നു പോകല്ല് നാത്തൂനേ. ചൂദ്രച്ചിമാര് പെര തൊറന്ന് കൊടുത്ത് വരമ്പ് എഴുതി വാങ്ങിച്ചെങ്കി, അരിവാള് കൊണ്ട് ഓന്റെയൊക്കെ സാമാനം പോറി എറിഞ്ഞ കഥയാണ് നമ്മക്ക് പറയാനുള്ളത്. അതോണ്ട് നാട്ടു നടപ്പിനെക്കുറിച്ച് ഇങ്ങോട്ട് പറയണ്ടാ.”

ഇങ്ങനെ പ്രതികരിക്കുന്ന അമ്മയുടെ മകളാണ് നിത്യകല്യാണി. സവർണ പുരുഷ ബോധങ്ങളാൽ നിർമ്മിതമായ രേഖീയ ചരിത്രങ്ങളിൽ നമുക്ക് കല്യാണിയെ കാണാൻ കഴിയില്ല. പക്ഷേ കല്യാണിമാർ നമ്മുടെ ചുറ്റുമുണ്ടായിരുന്നു. അവർ ചേർന്നു നിർമിച്ച നവോത്ഥാനവും. ഇത് കല്യാണിമാരുടെയും കൊച്ചാപ്പിമാരുടെയും കാളിമാരുടെയും തങ്കച്ചിമാരുടെയും രാധമ്മമാരുടെയും കഥയാണ്.
ഈ നോവൽ നമ്മെ വല്ലാതെ നോവിക്കുന്നുണ്ട് ചിന്തിപ്പിക്കുന്നുണ്ട്.
എഴുപതുകളിലും എൺപതുകളുടെ മധ്യകാലത്തും നിറഞ്ഞുനിന്ന രാഷ്ട്രീയ കാൽപ്പനികതയും അതിലൂടെ രൂപപ്പെട്ട ബിംബാധിഷ്ഠിത ഭാഷയും ഇന്നും ഭൂതത്തെപ്പോലെ ഒട്ടുമിക്ക നോവലിസ്റ്റുകളുടെയും എഴുത്തുകളിൽ ഒഴിയാബാധയായി നിൽക്കുമ്പോൾ അശ്വനി എ പി ‘നിത്യ കല്യാണി‘യിലൂടെ ഒരു വിപ്ലവം സൃഷ്ടിക്കുകയാണ്.

അഭിജിത്തിന്റെ ചാറ്റ് ബോക്സിൽ കയറി. നടേശന്റെയും നാണു നായരുടെയും ചായക്കടകളിലൂടെ ചരിത്രത്തിലേക്ക് നടന്ന് കല്യാണിയുടെ ജീവിതം വായിച്ചിരിക്കുമ്പോൾ വായനക്കാരനിൽ ഒരു രാസമാറ്റമുണ്ടാകുന്നു. ഭാഷയ്ക്കും ഭക്ഷണത്തിനും ഇന്നും ജാതിയുണ്ടെന്ന് വായിച്ച് മുന്നോട്ട് പോകുമ്പോഴാണ് നിത്യയുടെ ചില പ്രണയങ്ങൾ കണ്ടുമുട്ടുന്നത്. അതിലൊന്ന് നമ്മൾ ഇങ്ങനെ വായിക്കുന്നു.
ആദ്യ കാമുകൻ ബിജുവിന്റെ വാക്കുകൾ.
“ഞാൻ പറഞ്ഞില്ലേ നിത്യ, പ്രണയത്തിന് ജാതിയില്ല. പക്ഷേ വിവാഹത്തിന് ജാതിയും മതവും പണവും പദവിയുമുണ്ട്. നീ എന്തു കരുതി നിത്യ. എന്നെ കെട്ടി മേലയിൽ മേനോന്മാരുടെ തറവാട്ടമ്മയാകാമെന്നോ? നിന്റെ അപ്പന് ഇപ്പോഴും ചിരട്ടയിൽ തന്നെയാ കഞ്ഞോളം…”

കേരളിയ സമൂഹത്തിന്റെ ജാതി ശരീരത്തിന് വല്യ മാറ്റമൊന്നും വന്നിട്ടില്ല എന്ന് നിത്യകല്യാണി നമുക്ക് കാട്ടി തരുന്നു. ജാതി തിരിച്ചു വിവാഹ പരസ്യങ്ങൾ നൽകുന്ന നാടിന്റെ മുഖം ഒരുവശത്ത്, ജാതി രഹിത പ്രണയങ്ങളുടെ രാഷ്ട്രീയം മറു വശത്ത്. ഒന്നും അത്ര നിഷ്കളങ്കമല്ല എന്ന് നിത്യകല്യാണിയുടെ ഹെർസ്റ്റോറിക്ക നമുക്ക് കാട്ടി തരുന്നു. അവർണ സ്ത്രീയെ വിവാഹം കഴിച്ച സവർണ പുരുഷന്മാരുടെ കഥയിലേക്കും നോവൽ നമ്മെ കൊണ്ട് പോകുന്നുണ്ട്. രാധമ്മയുടെ ജാതി ഒരു പാപമായി നാരായണൻ നിർവചിക്കുന്ന ഭാഗം വായനക്കാരോട് ചോദിക്കുന്ന ചോദ്യങ്ങൾ ഈ സദർഭത്തിൽ എടുത്തു പറയേണ്ടതാണ്. എത്ര എത്ര കഥകളിലൂടെയാണ് നിത്യകല്യാണി വായനക്കാരെ കൊണ്ട് പോകുന്നത്, പൊള്ളൽ ഏൽപ്പിക്കുന്നത്. ഈ അനുഭവങ്ങളാണ് അവളെ ജ്ഞാനസ്നാനപ്പെടുത്തുന്നത്.

പത്താം അധ്യായം തിരിച്ചറിവിന്റേതാണ്. ലേഡീസ് ഒൺലി എന്ന് പേരിട്ടിരിക്കുന്ന ഇവിടെ 13 തിരിച്ചറിവുകളുണ്ട്. അതിൽ ചിലത് ഇങ്ങനെയാണ്.
*പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലാത്തിടത്ത് അതിനി സ്വന്തം വീടായാലും അങ്ങ് ഇറങ്ങി പൊക്കോണം നിന്ന് സമയം കളയരുത്.
*തണലായില്ലങ്കിലും നിഴലാകരുത്.
*ഭക്തിയായാലും പുരോഗമനമായാലും സ്വന്തം യുക്തിക്ക് പ്രാധാന്യം കൊടുക്കുക. അതിര് കടന്നാൽ രണ്ടും തിരിഞ്ഞു കൊത്തും.
*മറ്റുള്ളവരുടെ സ്വപ്നത്തിന്റെ ഭാരമെടുത്ത് വേണ്ടാത്തിടത്ത് വെക്കരുത്. ചുമക്കാനും ഇറക്കാനും പറ്റാതാകും.… ഇങ്ങനെ പോകുന്നു തിരിച്ചറിവുകളുടെ പട്ടിക. ആ തിരിച്ചറിൽ നിന്നാണ് അവൾ അഭിയോട് പറയുന്നത്:
“പെണ്ണുങ്ങൾക്ക് ആണുങ്ങളെ പെട്ടെന്ന് മടുക്കും. എന്നിട്ടും ഇട്ടിട്ടു പോകാത്തത് എന്നോ കൊടുത്ത വാക്കിന്റെ പേരിൽ മാത്രമാണ്. ശരിക്കും അത്തരം ക്ലീഷേകളിൽപെട്ടു പോകാത്ത സ്ത്രീകളോടാണ് എനിക്കിഷ്ടം.”
അവൾ ജീവിതത്തെ കാണുന്നത് ഇങ്ങനെയാണ്, ”ജീവിതം ഒരേ സമയം രസകരവും സങ്കീർണ്ണവുമായ ഒരു ഗെയിമാണ്. ഭാരമില്ലായ്മയാണ് അതിന്റെ കാതൽ. കുരുക്കളും കെട്ടുകളും അറിഞ്ഞു കൊണ്ട് ഉള്ളിലേക്ക് കടക്കുക. അത്രമേൽ ഫ്ളക്സിബിളായി പുറത്തേക്കിറങ്ങുക. അളന്ന് കുറിച്ച് മാർക്കിടുന്നവരുടെ അവസാന നിമിഷത്തെ അപഹരിച്ചു കടന്നുകളയുക. ഇട്സ് വെരി ചലഞ്ചിംഗ് ആൻഡ് ബ്യൂട്ടിഫുൾ സെക്കന്റ്സ്. അവളവളെ തന്നെ സ്നേഹിക്കുക. എത്രമേൽ സ്നേഹിക്കാമോ അത്രയും അത്രയും…”
ദളിത് — സ്ത്രീ-പാർശ്വവൽകൃത പക്ഷങ്ങളിലൂടെയാണ് യാത്രയെന്നു പറയുകയും ഉപരിപ്ലവമായി മാത്രം ചർച്ച ചെയ്യുകയും, ഇന്നും വരേണ്യ മതിലകങ്ങളിൽ ലാസ്യ നൃത്തം ചവിട്ടുകയു ചെയ്യുന്ന മുഖ്യധാരാ മലയാള സാഹിത്യ ചരിത്രത്തിന് നിത്യകല്യാണി ഒരു പക്ഷേ അപ്രസക്തമായിരിക്കും.

പെൺ ജീവിത സന്ദർഭങ്ങളെ വ്യത്യസ്ത രീതിയിൽ സമീപിക്കുന്ന നിരവധി നോവലുകൾ മലയാള സാഹിത്യത്തിലുണ്ടായിട്ടുണ്ട്. മിക്കതിലും ഉടൽ തടവറകളിൽ കുരുങ്ങിപ്പോയ പെൺജീവിതം ആവിഷ്ക്കരിക്കുമ്പോൾ നിത്യകല്യാണി എല്ലാ ലൈംഗിക ചോദനകളെയും നിലനിർത്തി തന്നെ ജീവിതം പോരാട്ടമാക്കുകയാണ്. വന്ദനശിവ ഇങ്ങനെ പറയുന്നുണ്ട്:
‘മൂന്നാം ലോക സ്ത്രീകൾ മനുഷ്യ ചരിത്രത്തിന്റെ നടുക്കളത്തിലേക്ക് നമ്മുടെ ജീവിതസമസ്യകളേയും ഉപജീവനപ്രശ്നങ്ങളേയും കൊണ്ടുവരികയാണ് ഇപ്പോൾ. എല്ലാ ജീവന്റേയും നിലനില്പിനായുള്ള സാദ്ധ്യതകൾ വീണ്ടെടുക്കുന്നതിലൂടെ സമൂഹത്തിലും പ്രകൃതിയിലും ഉള്ള സ്ത്രൈണാന്ത:സത്ത വീണ്ടെടുക്കാനുള്ള അസ്ഥിവാരം ഇടുകയാണ് അവർ ചെയ്യുന്നത്. അതിലൂടെ നിലനിർത്താനും പരിപാലിക്കാനും ശേഷിയുള്ള ഭൂമിയുടെ വീണ്ടെടുക്കലുമാണ് അവർ ചെയ്യുന്നത്.”
ഇവിടെ അന്തർലീനമായിരിക്കുന്ന ആൺകോയ്മയെയും സ്ത്രീചൂഷണത്തെയും ഇല്ലായ്മ ചെയ്യുവാനും സ്ത്രൈണാന്ത: സത്ത വീണ്ടെടുക്കുവാനുമുള്ള ശ്രമങ്ങളെ കുറിച്ചുമാണ് വന്ദനശിവ പ്രതിപാദിക്കുന്നത്.
എന്നാൽ ഇവിടെ ‘നിത്യകല്യാണി’ നമ്മെ അതിൽ നിന്നൊക്കെയെത്രയോ അപ്പുറത്തുള്ള തിരിച്ചറിവുകളിലേക്ക് കൂട്ടികൊണ്ടു പോകുന്നു.
ഉറപ്പാണ്. മലയാള നോവൽ സാഹിത്യത്തിന്റെ വഴിത്തിരിവാകുന്നു നിത്യകല്യാണി @ ഹെർസ്റ്റോറിക്ക. കോം.

നിത്യകല്യാണി @ ഹെർസ്റ്റോറിക്ക. കോം.
അശ്വനി എ പി
ധ്വനി ബുക്ക്സ്
വില — 200/-

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.