23 December 2024, Monday
KSFE Galaxy Chits Banner 2

മനുഷ്യാവകാശ പ്രവര്‍ത്തകരെ വിചാരണയില്ലാതെ ജയിലിലടയ്ക്കുന്നു: കാനം

സ്വന്തം ലേഖകന്‍
കൊല്ലം
November 1, 2021 9:58 pm

മലയാള ദിനപത്രങ്ങളിലെ ഏറ്റവും നല്ല എഡിറ്റോറിയലിനുള്ള കാമ്പിശ്ശേരി കരുണാകരന്‍ മാധ്യമ അവാര്‍ഡ് ‘മാധ്യമം’ ദിനപത്രത്തിലെ സി ദാവൂദിന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ സമ്മാനിച്ചു. 25,000 രൂപയും ഫലകവും പ്രശംസാപത്രവും അടങ്ങുന്ന അവാര്‍ഡ് കടപ്പാക്കട കാമ്പിശ്ശേരി കരുണാകരന്‍ ലൈബ്രറിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവാര്‍ഡിന് അര്‍ഹമായ ‘സ്റ്റാന്‍ സ്വാമിക്ക് വെള്ളം കുടിക്കാന്‍ സ്‌ട്രോ വേണം’ എന്ന മുഖപ്രസംഗം തോമസ് ജേക്കബ്, എന്‍ പി രാജേന്ദ്രന്‍, എം പി അച്യുതന്‍ എന്നിവരടങ്ങിയ ജഡ്ജിംഗ് കമ്മിറ്റിയാണ് തെരഞ്ഞെടുത്തത്.

ഇന്ന് ഓരോ നിയമവും പൗരന്റെ സ്വാതന്ത്ര്യത്തിനും സ്വകാര്യതയ്ക്കും എതിരെയുള്ളതാണെന്ന് അവാര്‍ഡ് സമ്മാനിച്ചുകൊണ്ട് കാനം രാജേന്ദ്രന്‍ പറഞ്ഞു. യുഎപിഎ പോലെയുള്ള നിയമങ്ങള്‍ ഉപയോഗിച്ച് മനുഷ്യാവകാശ പ്രവര്‍ത്തകരെ വിചാരണയില്ലാതെ ജയിലിലടക്കുകയാണ്. ഇടതുപക്ഷം കരിനിയമങ്ങള്‍ക്ക് എതിരാണ്. ജനങ്ങളുടെ പ്രശ്നങ്ങളേക്കാള്‍ മറ്റുള്ളവയ്ക്ക് പ്രാമുഖ്യം നല്‍കുമ്പോള്‍ മാധ്യമ ധര്‍മ്മമെന്ന ലക്ഷ്യത്തിലെത്തിച്ചേരാന്‍ കഴിയുന്നില്ലെന്ന സങ്കടകരമായ അവസ്ഥ നിലനില്‍ക്കുന്നുണ്ടെന്നും സാമൂഹ്യപ്രതിബദ്ധത ഏറ്റവും പ്രധാനമാണെന്ന് വിശ്വസിച്ച പത്രാധിപന്മാരില്‍ പ്രമുഖനായിരുന്നു കാമ്പിശ്ശേരി കരുണാകരനെന്നും കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.പത്രപ്രവര്‍ത്തന മണ്ഡലത്തിലെ പാഠപുസ്തകമായിരുന്നു കാമ്പിശ്ശേരി കരുണാകരനെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ സിപിഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരന്‍ പറഞ്ഞു.
‘പത്രങ്ങളുടെ ഭാവി- മണിമുഴങ്ങുന്നോ?’ എന്ന വിഷയത്തെ അധികരിച്ച് മലയാള മനോരമ മുന്‍ എഡിറ്റോറിയല്‍ ഡയറക്ടര്‍ തോമസ് ജേക്കബ് പ്രഭാഷണം നടത്തി. കാലം മാറുന്നത് അനുസരിച്ച് പ്രസിദ്ധീകരണങ്ങളെ മാറ്റാന്‍ കഴിവുള്ള പത്രാധിപന്മാരുണ്ടെങ്കില്‍ അച്ചടി മാധ്യമങ്ങള്‍ക്ക് ഒരിക്കലും മണിമുഴങ്ങില്ലെന്ന് തോമസ് ജേക്കബ് അഭിപ്രായപ്പെട്ടു.

നീതിന്യായ സംവിധാനം എത്രമാത്രം മനുഷ്യത്വരഹിതമാണെന്ന് സ്റ്റാന്‍ സ്വാമിയുടെ വിചാരണ വെളിവാക്കുന്നതായി മറുപടി പ്രസംഗത്തില്‍ സി ദാവൂദ് പറഞ്ഞു. ഇന്ത്യ പതിയെ ഒരു കേന്ദ്രഭരണ പ്രദേശമായി മാറുകയാണെന്നും ദാവൂദ് കൂട്ടിച്ചേര്‍ത്തു.കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന ചടങ്ങില്‍ ലൈബ്രറി പ്രസിഡന്റ് സി ആര്‍ ജോസ്‌പ്രകാശ് അധ്യക്ഷത വഹിച്ചു. ഏറ്റവും നല്ല ബാലതാരത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡിന് അര്‍ഹയായ ഗൗരി മീനാക്ഷിയെ മുല്ലക്കര രത്നാകരന്‍ അനുമോദിച്ചു. ജനയുഗം എക്സിക്യുട്ടീവ് എഡിറ്റര്‍ അബ്ദുള്‍ ഗഫൂര്‍, സിപിഐ സിറ്റി കമ്മിറ്റി സെക്രട്ടറി അഡ്വ. എ രാജീവ് എന്നിവര്‍ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി പി എസ് സുരേഷ് സ്വാഗതവും എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം ജയന്‍ മഠത്തില്‍ നന്ദിയും പറഞ്ഞു.

Pho­to: KLM-KAMBISSERY KARUNAKARAN AWARD
കാമ്പിശ്ശേരി കരുണാകരൻ അവാർഡ് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനിൽ നിന്നും സി ദാവൂദ് ഏറ്റുവാങ്ങുന്നു

eng­lish summary;KLM-KAMBISSERY KARUNAKARAN AWARD ANNOUNCED
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.