22 January 2025, Wednesday
KSFE Galaxy Chits Banner 2

ജനപക്ഷത്തുനിൽക്കുന്ന നിയമ നിർമ്മാണം

Janayugom Webdesk
July 3, 2024 5:00 am

ളരെ സുപ്രധാനമായൊരു നിയമ ഭേദഗതിയാണ് കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ചിരിക്കുന്നത്. 1968ലെ കേരള നികുതി വസൂലാക്കൽ നിയമം ഭേദഗതി ചെയ്തുകൊണ്ടുള്ള ബില്ലാണ് സംസ്ഥാന റവന്യു വകുപ്പ് മന്ത്രി കെ രാജൻ അവതരിപ്പിച്ച് സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് വിട്ടിരിക്കുന്നത്. ജീവിതത്തിന്റെ അനിവാര്യതയായി മാറുന്ന വായ്പയും സാമ്പത്തിക പ്രതിസന്ധി കാരണം അത് തിരിച്ചടയ്ക്കാൻ കഴിയാതെ വരുമ്പോൾ നേരിടേണ്ടി വരുന്ന ജപ്തി ഉൾപ്പെടെയുള്ള നിയമനടപടികളും വലിയൊരു സാമൂഹ്യപ്രശ്നമായി ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വിവിധ കാരണങ്ങളാൽ വായ്പയെടുക്കേണ്ടി വരുന്നവരാണ് പൗരന്മാരിലെ മഹാഭൂരിപക്ഷവും. കാർഷികം, വ്യവസായം, ഭവനനിർമ്മാണം എന്നിങ്ങനെ വിവിധ ആവശ്യങ്ങൾക്കായി സഹകരണ, ദേശസാല്‍കൃത, ഷെഡ്യൂൾഡ്, വാണിജ്യ ബാങ്കുകളിൽ നിന്ന് കടമെടുക്കേണ്ടിവരുന്നു. അതാത് കാലത്തെ സാമ്പത്തികസ്ഥിതി പരിഗണിച്ചാണ് ഓരോരുത്തരും വായ്പയെടുക്കുന്നത്. എന്നാൽ പിന്നീട് അവിചാരിത സാഹചര്യങ്ങളാലും അപ്രതീക്ഷിത കാരണങ്ങളാലും വായ്പ തിരിച്ചടയ്ക്കാനാവാതെ വ‍രുമ്പോൾ ജപ്തി ഉൾപ്പെടെ നടപടികളെ അഭിമുഖീകരിക്കേണ്ടിവരുന്നു. പൊതുമേഖലാ വാണിജ്യ ബാങ്കുകൾ സർഫാസി നിയമത്തിന്റെയും സഹകരണ ബാങ്കുകൾ സഹകരണ നിയമത്തിന്റെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലുള്ള നടപടികളാണ് സ്വീകരിക്കാറുള്ളത്. ഈ നിയമങ്ങളുടെ പരിധിക്കകത്ത് നിന്നുകൊണ്ടുള്ള ആശ്വാസ പദ്ധതികൾക്കുശേഷമാണ് ജപ്തി ഉൾപ്പെടെ കർശന നടപടികളിലേക്ക് കടക്കേണ്ടി വരുന്നത്. കൂടാതെ സമാശ്വാസത്തിനായി സർക്കാരിന്റെ ഇടപെടലുകളും ഉണ്ടാകാറുണ്ട്. പുത്തൻതലമുറ ബാങ്കുകളുടെ കടന്നുവരവോടെ ഈ രംഗത്തെ കിടമത്സരങ്ങൾ വർധിക്കുകയും ഏതിനും വായ്പയെടുക്കുകയെന്ന മാനസികാവസ്ഥയിലേക്ക് വലിയ വിഭാഗം ചെന്നെത്തുകയും ചെയ്തു. എങ്കിലും ബാങ്കുകളുടെയും വാണിജ്യ സ്ഥാപനങ്ങളുടെയും ഭാഗത്തുനിന്ന് ജപ്തി നടപടികളുണ്ടാകുമ്പോൾ സാമൂഹ്യമായ അഭിമാനക്ഷതവും മാനസികമായ പ്രയാസങ്ങളും സൃഷ്ടിക്കപ്പെടുന്ന ചിലരെങ്കിലും നടപടിക്ക് കാത്തുനിൽക്കാതെ ആത്മഹത്യയിൽ അഭയം തേടുന്ന സ്ഥിതിയുണ്ടാകുന്നു. ഇത്തരം സാമൂഹ്യ പ്രശ്നത്തിനും വായ്പയെടുത്ത് ബുദ്ധിമുട്ടുന്നവർക്ക് ആശ്വാസം നൽകുന്നതിനുമാണ് പുതിയ ഭേദഗതി നിയമത്തിലേക്കുള്ള എൽഡിഎഫ് സർക്കാരിന്റെ ചുവടുവയ്പ്. 


ഇതുകൂടി വായിക്കൂ: ഹിന്ദു വിശ്വാസം തീരുമാനിക്കാന്‍ ബിജെപി‌ക്ക് എന്തവകാശം?


ഇപ്പോഴത്തെ സാഹചര്യത്തിൽ പൊതുമേഖലാ വാണിജ്യ ബാങ്കുകളുടെ ജപ്തി നടപടികളിൽ ഇടപെടുന്നതിന് പരിമിതമായ അധികാരങ്ങൾ മാത്രമാണ് സംസ്ഥാന സർക്കാരിന് ഉണ്ടായിരുന്നത്. അതിന്റെ ശക്തി വർധിപ്പിക്കുകയും സാധാരണക്കാർക്ക് അനുഗുണമാകുന്ന കൂടുതൽ വിപുലമായ അധികാരം ആർജിക്കുകയും ചെയ്യുകയുമാണ്, സബ്ജക്ട് കമ്മിറ്റി പരിഗണനയ്ക്കുശേഷം അംഗീകരിക്കപ്പെടുന്ന പുതി യ നിയമത്തിലൂടെ സാധ്യമാകുവാൻ പോകുന്നത്. നിയമത്തിന്റെ ഏറ്റവും പ്രധാന പ്രത്യേകത എല്ലാത്തരം ജപ്തികളിലും ഇടപെടാൻ സർക്കാരിന് അധികാരം ലഭിക്കുന്നു എന്നുള്ളതാണ്. സഹകരണ, ദേശസാല്‍കൃത, ഷെഡ്യൂൾഡ്, കൊമേഴ്സ്യൽ ബാങ്കുകളുടെയും ജപ്തി നടപടിയിൽ സർക്കാരിന് ഇടപെട്ട് വായ്പ എടുത്തയാൾക്ക് ആശ്വാസം നൽകാൻ സാധിക്കും. 


ഇതുകൂടി വായിക്കൂ: നാടുണർത്തിയ നവകേരള സദസ്


ജപ്തി നടപടിക്കിടവരുത്തുന്ന വായ്പാ കുടിശികയിൽ കാൽലക്ഷം രൂപവരെ തഹസിൽദാർക്കും ഒരുലക്ഷം വരെ ജില്ലാ കളക്ടർക്കും അഞ്ചുലക്ഷം വരെ റവന്യുമന്ത്രിക്കും 10ലക്ഷം വരെ ധനമന്ത്രിക്കും 20ലക്ഷം വരെ മുഖ്യമന്ത്രിക്കും അതിന് മുകളിലുള്ള തുകയ്ക്ക് സംസ്ഥാന സർക്കാരിനും ഇടപെടാനും നടപടി താൽക്കാലികമായി നിർത്തിവച്ച് ഗഡുക്കളായി തുക തിരിച്ചടയ്ക്കുന്നതിന് അവസരം നൽകാനും അധികാരം കൈവരും. നിലവിലെ നിയമത്തിൽ ഇതിനുള്ള അധികാര പരിധിയും തുകയും വളരെ പരിമിതമായ തോതിലായിരുന്നു. തഹസിൽദാർ മുതൽ മുഖ്യമന്ത്രിവരെയുള്ളവർക്ക് വായ്പാ തുക 10 ഗഡുക്കളായി തിരിച്ചടയ്ക്കാനുള്ള ഉത്തരവിറക്കാൻ മാത്രമേ കഴിയുമായിരുന്നുള്ളൂ. മാത്രമല്ല ജപ്തി നടപടി നീട്ടിവയ്ക്കാൻ പറ്റുകയുമില്ലായിരുന്നു. മന്ത്രിമാർ തങ്ങളുടെ അധികാരമുപയോഗിച്ച് നിര്‍ത്തിവച്ച ജപ്തി നടപടി ബാങ്കുകൾ കോടതിയിൽ ചോദ്യം ചെയ്യുന്ന സാഹചര്യവുമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് ജപ്തി നടപടികളിൽ ഇടപെട്ട് സാധാരണക്കാർക്ക് സമാശ്വാസം നൽകുന്നതിനുള്ള നിയമഭേദഗതിക്ക് സർക്കാർ സന്നദ്ധമായിരിക്കുന്നത്. നിയമം പ്രാബല്യത്തിലാകുന്നതോടെ ജപ്തി റദ്ദാക്കലും ഗഡുക്കൾ അനുവദിക്കലും മാത്രമല്ല പിഴപ്പലിശയിൽ ഇളവും നടപ്പിലാക്കപ്പെടും. പിഴപ്പലിശ 12ൽ നിന്ന് ഒമ്പതു ശതമാനമായി കുറയ്ക്കാനും ജപ്തി ചെയ്യപ്പെടാനിടയുള്ള ഭൂമി വില്പന നടത്തി വായ്പാ കുടിശിക തിരിച്ചടയ്ക്കുന്നതിന് ഉടമയ്ക്ക് അവസരം നൽകുന്നതിനും വഴിയൊരുങ്ങും. ജപ്തിചെയ്യപ്പെട്ട ഭൂമി അഞ്ചുവർഷത്തിനുള്ളിൽ തുക ഒരുമിച്ചോ, ഗഡുക്കളായോ അടച്ച് ഉടമയ്ക്ക് തന്നെ തിരികയെടുക്കാനുള്ള സാഹചര്യവുമുണ്ടാകും. എങ്കിലും വൻകിട പൊതുമേഖലാ ബാങ്കുകളും മറ്റും സർഫാസി നിയമത്തെത്തന്നെ ആശ്രയിക്കുമെന്ന വെല്ലുവിളി നിൽക്കുന്നുണ്ട്. ആ നിയമത്തിലും ജനപക്ഷ ഭേദഗതിയുണ്ടാകേണ്ടതുണ്ട്. 

Kerala State AIDS Control Society

TOP NEWS

January 22, 2025
January 22, 2025
January 21, 2025
January 21, 2025
January 21, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.