27 April 2024, Saturday

അവളൊരു നല്ലകുട്ടിയായിരുന്നത്രേ

അജിന സന്തോഷ്
August 29, 2021 4:05 am

അവളൊരു നല്ലകുട്ടിയാണത്രേ,

കോഴി കൂവുന്നതിന് മുൻപ് എഴുന്നേറ്റ്

മുറ്റമടിക്കാറുണ്ട്.

അടുക്കളയിൽ കയറി വെച്ചുണ്ടാക്കാറുണ്ട്

മുഴിഞ്ഞ തുണികൾ അലക്കി വെളുപ്പിക്കാറുണ്ട്.

അവളൊരു നല്ലകുട്ടിയാണത്രേ,

ഭർത്താവിന്റെ ഒരു തുറിച്ചു നോട്ടത്തിൽ

പോലും മുട്ട് വിറക്കാറുണ്ട്.

അയാളുടെ തലോടലുകൾ തല്ലുകളാവുമ്പോൾ

ശബ്ദം പുറത്തെത്തിക്കാതെ കരയാറുണ്ട്.

അവളൊരു നല്ലകുട്ടിയാണത്രേ,

നേടിയ ബിരുദങ്ങൾ പെട്ടിയിലിരിക്കുമ്പോളും

അക്ഷരജ്ഞാനമില്ലെന്ന് നടിക്കാറുണ്ട്

സ്വന്തം ചിന്തകളെ ചാരംകൊണ്ട് മൂടി

ചില കൽപ്പനകൾക്ക് കാതോർക്കാറുണ്ട്.

അവളൊരു നല്ലകുട്ടിയാണത്രേ,

എരിവും പുളിയും മധുരവുമെല്ലാം

പാകത്തിനു ചേർക്കുമ്പോഴും

നാവിന്റെ രുചിമുകുളങ്ങളെ

പഴയ ഭക്ഷണത്തിനായ് തുറന്നിടാറുണ്ട്.

അവളൊരു നല്ലകുട്ടിയാണത്രേ,

ഇഷ്ടഗാനങ്ങളെ കുക്കർ വിസിലിൽ

അലിയിപ്പിച്ചു കളയാറുണ്ട്

മനസ്സിൽ വിരിയുന്ന ഭാവനകൾ

പുറത്തേക്കെത്തിക്കാതെ വിഴുങ്ങാറുണ്ട്.

അവളൊരു നല്ലകുട്ടിയാണത്രേ,

ഉത്തരത്തിൽ ഒരു ചോദ്യചിഹ്നമായി

തൂങ്ങിയാടിയപ്പോൾ,

എല്ലാവരും വീണ്ടും അതുതന്നെ പറഞ്ഞു. .

അവളൊരു നല്ലകുട്ടിയായിരുന്നത്രേ…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.