27 April 2024, Saturday

ശാസ്ത്ര സാങ്കേതികതയും യുവജനങ്ങളും

ടി ടി ജിസ്‌മോൻ
സംസ്ഥാന സെക്രട്ടറി, എഐവെെഎഫ് 
November 24, 2023 4:30 am

ശാസ്ത്ര സാങ്കേതിക മേഖലയിലും കണ്ടുപിടിത്തങ്ങളിലും നമ്മുടെ രാജ്യത്തിന് സമ്പന്നമായ ഒരു പൈതൃകം അവകാശപ്പെടാനുണ്ട്. ശാസ്ത്ര സാങ്കേതിക വികസനത്തിലൂടെ സാമ്പത്തിക വളർച്ചയും സാമൂഹിക ക്ഷേമവും കൈവരുത്തിയാൽ മാത്രമേ രാജ്യത്തിന് പുരോഗതി നേടുവാന്‍ കഴിയുകയുള്ളൂ! 1958ൽ ജവഹർലാൽ നെഹ്രു മുൻ കയ്യെടുത്ത് നടപ്പാക്കിയ സയന്റിഫിക് പോളിസി റസല്യൂഷനും 1983ലെ സയന്റിഫിക് റസല്യൂഷനും സ്വയം പര്യാപ്തവും സുസ്ഥിരവും നൂതനവുമായിരിക്കണം ഇന്ത്യൻ കണ്ടുപിടിത്തങ്ങളുടെ മുഖമുദ്ര എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ രൂപപ്പെടുത്തിയെടുത്തതായിരുന്നു. ശാസ്ത്ര സാങ്കേതിക മേഖലയുടെ വളർച്ചയ്ക്കും പരിപോഷണത്തിനുമായുള്ള രാജ്യത്തിന്റെ തീവ്ര ശ്രമം ഫലം കാണുകയും ഹോമി ജഹാംഗീർ ബാബയെയും വിക്രം സാരാഭായിയെയും എപിജെ അബ്ദുൾ കലാമിനെയും പോലുള്ള ശാസ്ത്രജ്ഞര്‍ ഒത്തുചേരുകയും ചെയ്തപ്പോഴാണ് ഇന്ത്യക്കുമേൽ ശാസ്ത്ര ലോകത്തിന്റെ കണ്ണ് പതിയാൻ തുടങ്ങിയത്. അങ്ങനെയാണ് ആര്യഭട്ടയും മൈത്രിയും അപ്സരയും ബുദ്ധന്റെ ചിരിയുമെല്ലാം ഇന്ത്യക്ക് ദർശിക്കാൻ കഴിയുന്നതും. എന്നാൽ ഇപ്രകാരമുള്ള ശാസ്ത്രസാങ്കേതിക മേഖലകളിലെ അഭിമാനകരമായ പാരമ്പര്യങ്ങളെക്കുറിച്ചുള്ള അവകാശ വാദങ്ങൾക്കിടയിലും വർത്തമാന കാലഘട്ടത്തിൽ ഇന്ത്യൻ ശാസ്ത്ര സാങ്കേതിക മേഖല നേരിട്ടു കൊണ്ടിരിക്കുന്ന പ്രതിസന്ധികളുടെ ബീഭത്സതയെ കാണാതെ പോകാൻ കഴിയില്ല.
മേഖലയിലെ യുവാക്കളുടെ പ്രാതിനിധ്യക്കുറവ്, അടിസ്ഥാന സൗകര്യത്തിലെ പിന്നാക്കാവസ്ഥ, ബജറ്റിലെ കുറഞ്ഞ വിഹിതം, വൻതോതിലുള്ള വിദേശ ആശ്രിതത്വം തുടങ്ങി നിരവധി വിഷയങ്ങളാണ് ഇന്ത്യയുടെ ശാസ്ത്ര സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായി നില കൊള്ളുന്നത്. വിദേശീയരുടെ കണ്ടുപിടിത്തങ്ങളിൽ നിന്ന് പകർപ്പെടുക്കാനും കോടികളുടെ ആയുധക്കച്ചവടം ഉറപ്പിക്കാനുമുള്ള നീക്കങ്ങൾ യുവജനങ്ങളെ ശാസ്ത്രീയ മേഖലയിൽ നിന്നകറ്റുകയും നിലവിലെ ശാസ്ത്രജ്ഞരെ മുരടിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് സത്യം. സ്വപ്രയത്നം കൊണ്ട് ശാസ്ത്ര സാങ്കേതിക വിദ്യയിൽ ബഹുദൂരം മുന്നേറിയ മൂന്ന് ഏഷ്യൻ രാഷ്ട്രങ്ങളുടെ ചരിത്രം നാം നോക്കണം. രണ്ടാം ലോക മഹായുദ്ധത്തിൽ തകർന്നടിഞ്ഞ ജപ്പാൻ ശാസ്ത്രത്തിന്റെ ചിറകിലേറി ഉയിർത്തെഴുന്നേറ്റ് ലോക ശക്തിയായി മാറുകയുണ്ടായി.
യഥാക്രമം 1948ലും 1949ലും രൂപംകൊണ്ട ദക്ഷിണ കൊറിയയും ചൈനയും ഇന്ന് ശാസ്ത്ര സാങ്കേതിക മേഖലകളിൽ അജയ്യരായി നിലകൊള്ളുന്ന രാഷ്ട്രങ്ങളാണ്. ഈ രാഷ്ട്രങ്ങളെല്ലാം സ്വജനങ്ങളിലും ശാസ്ത്രജ്ഞരിലും വിശ്വാസമർപ്പിച്ച് ശാസ്ത്ര ഗവേഷണത്തിലും ഉല്പാദനത്തിലും പുതിയ പടികൾ താണ്ടുകയാണെന്ന് നമുക്ക് കാണുവാൻ കഴിയും.


ഇതുകൂടി വായിക്കൂ: മഞ്ഞു പുതച്ച താഴ്‌വര


എന്നാൽ നാം ഇന്നും പ്രതിരോധ ആയുധങ്ങൾക്ക് വേണ്ടി റഷ്യയെയും ഇസ്രയേലിനെയും യുഎസിനെയും ആശ്രയിക്കുന്ന സ്ഥിതി വിശേഷമാണ് നില നിൽക്കുന്നത്. ഇത്തരത്തിൽ ഇന്ത്യൻ സർക്കാരും ജനങ്ങളും ഒരു പോലെ വിദേശാശ്രിതരായ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കണ്ടേ മതിയാകൂ. സയൻസ് കോൺഗ്രസുകളിൽ നടക്കുന്ന കേവല പ്രഖ്യാപനങ്ങളല്ലാതെ ശാസ്ത്ര സാങ്കേതിക വിദ്യക്ക് ആവശ്യമായ മനുഷ്യവിഭവശേഷിയും പ്രകൃതി വിഭവങ്ങളുടെ സമാഹരണവും ശരിയായി ഉപയോഗിക്കുന്നതിനാവശ്യമായ തുക അനുവദിക്കുന്നതിൽ നാം വേണ്ടത്ര ജാഗ്രത കാണിക്കുന്നില്ല എന്നത് ഒരു വസ്തുതയാണ്.
ബഹിരാകാശ ഗവേഷണം, ആരോഗ്യ രംഗം, ആണവ ഗവേഷണം, നാനോ ടെക്നോളജി, ബയോ ടെക്നോളജി, ഭക്ഷ്യ ഉല്പാദനം, സംഭരണം, സംസ്കരണം, പ്രതിരോധം, വിവര സാങ്കേതിക വിദ്യ, വിദ്യാഭ്യാസം തുടങ്ങി ശാസ്ത്രത്തിന്റെ വിവിധ തുറകളിൽ ഇന്ത്യക്ക് പുരോഗതി കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ആഗോള തലത്തിലെ ശാസ്ത്രീയ ഗവേഷണ പോരാട്ടങ്ങളുമായി തുലനം ചെയ്യുമ്പോൾ ഇന്ത്യൻ ശാസ്ത്ര മേഖലയുടെ ഉല്പാദനക്ഷമതയും വളർച്ചയും ഏറെ പിറകിലാണെന്നതാണ് സത്യം. ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസവും ബിരുദാനന്തര ബിരുദവും ലഭിക്കുന്നവർ ധാരാളം ഉണ്ടെങ്കിലും അതത് ഗവേഷണ മേഖലയിൽ അവരുടെ പങ്ക് വളരെ കുറവാണെന്ന് കാണാൻ കഴിയും. കെജി തലം തൊട്ട് പിജി വരെ ക്ലാസുകളിൽ പരീക്ഷണങ്ങൾക്കും സ്വയം കണ്ടെത്തലുകൾക്കും എവിടെയും പ്രാധാന്യം നൽകുന്നില്ല. ഉയർന്ന മാർക്ക് നേടുന്നതിലും മത്സര പരീക്ഷയിൽ മികവ് തെളിയിക്കുന്നതിലും മാത്രമായി പഠനം ചുരുങ്ങുമ്പോൾ മുരടിച്ചു പോകുന്നത് വിദ്യാർത്ഥികളിലെ സ്വതന്ത്ര ചിന്തയും പര്യവേക്ഷണ കലയുമാണ്.

പുസ്തകത്തിൽ നിന്നു ലഭിക്കുന്ന അറിവിനുമപ്പുറം അന്വേഷണ ത്വരയെ ഉണർത്തുന്നതിന് ഉതകുന്ന വിധത്തിലുള്ള വിദ്യാഭ്യാസ നയ രൂപീകരണങ്ങളിലൂടെ വളർന്നു വരുന്ന യുവ ശാസ്ത്രജ്ഞരെ പ്രോത്സാഹിപ്പിക്കുന്നതിനും സഹായിക്കുന്നതിനും നമുക്ക് സാധിക്കും. ഒരു വ്യക്തിയിൽ ശാസ്ത്ര ശീലം വളർന്നു വികസിക്കുന്നതിനുള്ള ഏറ്റവും ഉത്തമ സമയം ശൈശവ കാലഘട്ടമാണ് എന്നിരിക്കെ വിദ്യാലയങ്ങളിലെ ശാസ്ത്രാനുബന്ധ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതടക്കം ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഘടനാപരമായ പരിഷ്കാരങ്ങളാണ് അനിവാര്യമായിട്ടുള്ളത്. ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ് അനുശാസിക്കുന്നത് ശാസ്ത്രയുക്തി സമൂഹമനസിൽ പരിവർത്തിപ്പിക്കാനാണ്. പുതിയ ഉല്പാദനാനുബന്ധ പ്രോത്സാഹന പദ്ധതിയും ശാസ്ത്ര സാങ്കേതിക മേഖലകളുമായി ബന്ധപ്പെട്ടതാണ്. ഇത്തരം നടപടികൾ ശാസ്ത്ര സമൂഹത്തെയും ശാസ്ത്രവുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയെയും ശക്തിപ്പെടുത്തുന്നുവെന്ന് കാണാൻ നമുക്ക് കഴിയും.
വ്യക്തിയും സമൂഹവും രാഷ്ട്രവും നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ ശാസ്ത്രത്തിന്റെ രീതിയാണ് ഉത്തമം എന്ന ബോധ്യം എല്ലാതലത്തിലും ഉണ്ടാകണം. ശാസ്ത്രവിദ്യാഭ്യാസം നേടിയവർ പോലും അന്ധവിശ്വാസങ്ങളുടെയും കപടശാസ്ത്രങ്ങളുടെയും പ്രചാരകരാകുന്ന വർത്തമാന കാലത്ത് യുവജനങ്ങളുടെ ഉത്തരവാദിത്തം വർധിക്കുകയാണ്.


ഇതുകൂടി വായിക്കൂ: ചരിത്രം സാക്ഷി


അന്ധവിശ്വാസത്തിലും അനാചാരങ്ങളിലും ബന്ധിതമായിരുന്ന സമൂഹം സ്വാതന്ത്ര്യത്തിന് ശേഷം ഏറെ മുന്നോട്ടുപോയത് ശാസ്ത്രബോധം വളർത്തുന്നതിൽ നടത്തിയ ബോധപൂർവമായ ഇടപെടലുകൾ മൂലമാണ്. രാജ്യത്തെ അഭിവൃദ്ധിയിലേക്ക് നയിക്കാൻ ശാസ്ത്രീയമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കാരണക്കാരായി എന്നതാണ് ആധുനിക ഇന്ത്യയുടെ ചരിത്രം വ്യക്തമാക്കുന്നത്.
മിത്തുകളും കെട്ടുകഥകളും ചരിത്രമായി വ്യാഖ്യാനിക്കുന്നവരെ ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളുടെ തലപ്പത്ത് പ്രതിഷ്ഠിക്കുന്ന അവസ്ഥയും വിശ്വാസങ്ങൾ ശാസ്ത്രമാണെന്ന് സ്ഥാപിക്കാനുള്ള ഗവേഷണ പദ്ധതികൾ പ്രഖ്യാപിക്കുന്ന രീതിയിൽ ശാസ്ത്രബോധത്തെ വെല്ലുവിളിക്കുന്ന അപകടകരമായ സാഹചര്യവും സംജാതമായിക്കൊണ്ടിരിക്കുന്ന സന്ദര്‍ഭത്തില്‍ യുവതീ യുവാക്കൾ ഓരോരുത്തരും ശാസ്ത്ര ചിന്തയുടെ പ്രചാരകരായി മാറേണ്ടതുണ്ട്.
ശാസ്ത്രവും സാങ്കേതിക വിദ്യയും പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രാഭിരുചി യുവജനങ്ങളിൽ പരിപോഷിപ്പിക്കുന്നതിനും കേരള സർക്കാർ സ്വീകരിച്ചിരിക്കുന്ന മാർഗങ്ങൾ രാജ്യത്തിന് തന്നെ മാതൃകയാണ്. കേരള ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിൽ 2002ൽ രൂപീകരിച്ച ഒരു സ്വയംഭരണ സ്ഥാപനമായ കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ (കെഎസ്‌സി‌എസ‌്ടിഇ) ശാസ്ത്ര സാങ്കേതികതയിലൂടെ വികസനവും മാറ്റങ്ങളും കൊണ്ടുവരുന്നതിനായുള്ള ഏജൻസി ആയി പ്രവർത്തിക്കുന്നു.
1972ൽ സ്ഥാപിതമായ ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കമ്മിറ്റി കേരള സർക്കാരിന്റെ ശാസ്ത്ര നയത്തിന് അനുസൃതമായി 2002ൽ കെഎസ്‌സിഎസ്‌ടിഇ ആയി പുനഃ സംഘടിപ്പിക്കുകയും മുഖ്യമന്ത്രി പ്രസിഡന്റും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് അധ്യക്ഷനായും ഉള്ള എക്സിക്യൂട്ടീവ് കൗൺസിലും ചേർന്നു സംസ്ഥാന കൗൺസിൽ കെഎസ്‌സിഎസ്‌ടിയെ നിയന്ത്രിക്കുകയും ചെയ്യുന്നു.


ഇതുകൂടി വായിക്കൂ: ഇന്ത്യയുടെ വിജയം അനിവാര്യമാണ്


ശാസ്ത്രവും സാങ്കേതിക വിദ്യയും പ്രോത്സാഹിപ്പിക്കുന്നതിനും ശാസ്ത്രാഭിരുചി യുവജനങ്ങളിൽ പരിപോഷിപ്പിക്കുന്നതിനും പുരസ്കാരങ്ങളും അംഗീകാരങ്ങളും കൗൺസിൽ നൽകി വരുന്നു. പ്രസ്തുത കൗൺസിൽ ലോകത്തിന്റെ ഏതു ഭാഗത്തും പ്രവർത്തിക്കുന്ന കേരളീയൻ ആയ യുവശാസ്ത്രജ്ഞന്റെ ആജീവനാന്ത സംഭാവനകൾ കണക്കിലെടുത്തു കേരള ശാസ്ത്ര പുരസ്കാരം, നൽകിവരുന്നു. ഇവ കൂടാതെ യുവ ശാസ്ത്രജ്ഞന്മാർക്കുള്ള പുരസ്കാരം എന്‍വയോൺമെന്റ് ഏർലി കരിയർ റിസർച്ച് അവാർഡ് ശാസ്ത്രസാഹിത്യ പുരസ്കാരങ്ങളും പ്രമുഖ പരിസ്ഥിതി പ്രവർത്തകനുള്ള പുരസ്കാരം തുടങ്ങി ശാസ്ത്ര സാങ്കേതിക പരിപോഷണത്തിനുള്ള പുരസ്കാരങ്ങളും നൽകുന്നുണ്ട്.
ശാസ്ത്ര സാങ്കേതിക വിദ്യകൾ സാമാന്യ ജനങ്ങൾക്കു ലഭ്യമാക്കുകയും അവ പ്രയോജനപ്പെടുത്തുന്നുവെന്ന് ഉറപ്പ് വരുത്തേണ്ട ബാധ്യതയും യുവ തലമുറയ്ക്ക് ഉണ്ട്. ഒരു ഉല്പന്നത്തിന്റെ കണ്ടുപിടിത്തം എന്നതിലുപരി ഒരു രാഷ്ട്രം അതിന്റെ ശാസ്ത്ര സാങ്കേതികത കൊണ്ട് ലക്ഷ്യംവയ്ക്കുന്നത് സമൂഹം നേരിടുന്ന വെല്ലുവിളികളെ ശരിയാംവണ്ണം പ്രതിരോധിക്കലും സാമൂഹിക ക്ഷേമവുമാണെന്ന ബോധ്യമാണ് എല്ലാത്തിലും ഉപരിയായി യുവ തലമുറയ്ക്കടക്കം ഉണ്ടാകേണ്ടത്!

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.