December 1, 2022 Thursday

കവിതയുടെ സംഘഗാനം

ഡോ. പി എസ് ശ്രീകല
March 14, 2021 2:58 am

സാഹിത്യകാരൻ എന്ന നിലയിൽ മലയാള കവിതയിൽ തനതായൊരു വഴിഒരുക്കി നടന്നുനീങ്ങുന്ന കാവ്യവ്യക്തിത്വമാണ് ഏഴാച്ചേരി രാമചന്ദ്രന്റേത്. ഏഴാച്ചേരിയുടെ നാല്പത്തിയഞ്ചാമത്തെ പുസ്തകമാണ് ‘താമസമെന്തേ വരുവാൻ’. മലയാളി പ്രിയത്തോടെ ഓർക്കുന്ന ഒരു ഗാനത്തിന്റെ ആദ്യവരിയാണിതെന്ന് പറയുന്നതുതന്നെ അധികപ്പറ്റാകും. നാല്പത്തിയേഴ് കവിതകളുടെ സമാഹാരമാണ് ഈ പുസ്തകം. വ്യത്യസ്തവും അതേസമയം പരിചിതവും മാനവികവുമായ നാല്പത്തിയേഴ് അനുഭവങ്ങളിലൂടെ അനുവാചകർക്ക് സഞ്ചരിക്കാൻ കവി അവസരമൊരുക്കുന്നു. അനുഭവങ്ങൾ എന്ന പ്രയോഗം ഭൂതകാലത്തിലല്ല, ഓരോ വായനയിലും നവീനവും കാലികവുമായ അനുഭവമാണ് ആ കവിതകൾ പ്രദാനം ചീയ്യുന്നത്.

പുസ്തകത്തിന് ആമുഖമായി ചേർത്തിരിക്കുന്ന ‘രണ്ടു വാക്ക്’ കവി അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്: “പാടും ദുരിതവും ചാല് കീറിയ മുഖങ്ങൾ കാണുമ്പോൾ ഇനിയും എഴുതാൻ തോന്നുന്നു. ചിന്തയുടെ ഉദാരമനസ്സും ഉരുക്കുപേശിയും കൂട്ടായിരിക്കേണമേ! പ്രപഞ്ചത്തോടുള്ള പ്രാര്‍ഥനയാണത്. “ജീവിതത്തിന് കടലേ കവിതയ്ക്കു ഞങ്ങൾക്ക് മഷിപ്പാത്രം” (വൈലോപ്പിള്ളി) എന്നെഴുതിയ കവിയുടെ കാൽപാടുകൾ പിന്തുടരുന്ന കാവ്യമനസ്സിനെ മേലുദ്ധരിച്ച ആദ്യവാചകത്തിൽ കാണാം. അത് മലയാള കവിതാപാരമ്പര്യത്തിന്റെ കലർപ്പില്ലാത്ത ധാരയുടെ സഞ്ചാരപഥം കൂടിയാണ്. പതിമൂന്നാം നൂറ്റാണ്ടിൽനിന്ന് ആ സഞ്ചാരം ആരംഭിക്കുന്നു. “ഊഴിയിൽ ചെറിയവർക്കറിയുവാൻ ഇരാമചരിതത്തിലൊരു തെല്ല്” അവതരിപ്പിച്ച പേരറിയാത്ത ആ പെരുംകവി തുടങ്ങിവച്ച യാത്രയാണത്. കവിതയുടെ തനതുപാരമ്പര്യമാണത്. കേരളത്തിന്റെ ദ്രാവിഡതനിമയാണത്.

കവിതയുടെ ആത്മാവായ വികാരത്തെ സ്വന്തം ആത്മാവായിത്തന്നെ സ്വാംശീകരിക്കുന്ന കവിയാണ് എഴാച്ചേരി. ഏകാന്തതയിൽ അനുസ്മരിക്കപ്പെടുന്ന വികാരങ്ങളുടെ പ്രവാഹമാണ് കവിത (വെർഡ്സ് വർത്ത് ) എന്ന കാല്പനികതയല്ല ഏഴാച്ചേരിക്കവിതയിലെ വികാരങ്ങൾ. നേരത്തെ സൂചിപ്പിച്ച ചിന്തയുടെ ഉരുക്കുപേശി അവയ്ക്ക് തരളിതത്വത്തിനപ്പുറമുള്ള യാഥാർഥ്യത്തിന്റെ ചൂര് പകരുന്നു. ഈ സമാഹാരത്തിലെ ആദ്യകവിതയായ ഷണ്മുഖപ്രിയ കാണുക. “നെറ്റിയിൽ പങ്കപ്പാടിൻ ഭൂപട“ത്തോടെ കഞ്ഞിത്തെളിക്കു യാചിച്ചുനിൽക്കുന്ന മനുഷ്യനെ — കവിയെ- നമുക്കാ കവിതയിൽ കാണാം. പൂജാമുറിക്കുള്ളിൽ കാണുന്ന വിഗ്രഹങ്ങളിലല്ല, പങ്കപ്പാട് തെളിയുന്ന നെറ്റികളിലാണ് ദൈവങ്ങൾ കുടികൊള്ളുന്നതെന്ന് കവി ഓർമ്മിപ്പിക്കുകയും ചെയ്യുന്നുണ്ട്.
“അടഞ്ഞ പൂജാമുറി-
ക്കുള്ളിൽ നീ കാണും മട്ട-
ല്ലുടഞ്ഞ ജന്മങ്ങളാ -
ണീശ്വര നിയോഗങ്ങൾ” എന്ന എഴുതുന്നു.
പ്രകൃതിയെ സുന്ദരമാക്കുന്നതും ഇതേ മനുഷ്യനത്രെ. ഋതുക്കളുടെ കാലാന്തരങ്ങളെ ആസ്വദിക്കാൻ, വർണ്ണിക്കാൻ മനുഷ്യനില്ലെങ്കിൽ പ്രകൃതി പോലും നിരാശപ്പെടുമെന്നതിനു സംശയമില്ല. കൊടും ചൂടിൽ വിടരാൻ വയ്യാതെ നിൽക്കുന്ന പൂക്കളെ കവിക്ക് മാത്രമേ ഇങ്ങനെ കാണാനാവൂ:
“വല്ലാത്ത ചൂടാണോന്നാം
മഴയ്ക്ക് പരോൾ കിട്ടു-
മെന്നു കാമിച്ചേ പൂക്കൾ”
ഇങ്ങനെ പാടിയ കവികളെ ഓർക്കുന്ന കവിതയാണ് “സ്വർണ്ണ ചിറകുള്ള വിഷുപ്പക്ഷികൾ”.
“ചുറ്റിലും കണിക്കൊന്ന
പൂത്തുനിൽക്കുമ്പോൾ പാടാ-
തൊക്കുമോ മേടക്കാറ്റേ,
നാമൊരേ വീടല്ലയോ!” — പ്രകൃതിയും മനുഷ്യനും രണ്ടല്ലെന്ന തിരിച്ചറിവാണിവിടെ. ഇടശ്ശേരി, വൈലോപ്പിള്ളി, പി കുഞ്ഞിരാമൻ നായർ എന്നിവർക്ക് സമർപ്പിക്കുന്ന കവിതയാണിത്. ഇക്കവിപരമ്പരയിലെ കണ്ണിയാണല്ലോ ഏഴാച്ചേരിയും.
ചരിത്രവും ഭൂമിശാസ്ത്രവും ലോകരാഷ്ട്രീയവും വർഗ്ഗസമരവും സാമാന്യരെ പഠിപ്പിക്കാൻ വെമ്പൽക്കൊണ്ട പി ഗോവിന്ദപ്പിള്ള എന്ന പി ജി യെ അനുസ്മരിക്കുന്ന കവിതയാണ് ഭജഗോവിന്ദം.
“വരച്ചു മായ്ച്ചു കോടി-
ഭൂപടം മനക്കണ്ണിൽ;
ചിരിച്ചു ശിലാകാല
മർത്യൻ വരവേറ്റു”
“കേവലമനുഷ്യത്വം ഏകമെന്നുദ്ഘോഷിച്ചു ” മണ്മറഞ്ഞ പി ജി ക്കുള്ള സാംസ്കാരിക കേരളത്തിന്റെ ആദരമാണ് ഈ കവിത.
ഈ സമാഹാരത്തിൽ ഏറ്റവും ശ്രദ്ധേയമായ കവിതയാണ് ബാബുരാജിന് സമർപ്പിച്ചിരിക്കുന്ന ‘താമസമെന്തേ വരുവാൻ? ’ “നൊമ്പരവായ്ത്താരികളുടെ ആത്മസമർപ്പണം” നടത്തിയ ഗായകനാണ് ബാബുരാജ്.
“ബാബുക്ക പാടുന്നേരം
ഒച്ചവയ്ക്കല്ലേ, ദൈവം
താഴത്തുവന്നീ മണ്ണിൻ
സുകൃതം നുകർന്നോട്ടെ! ” മലയാളിക്ക് അഹങ്കാരമായി മാറിയ ആസ്വാദ്യാവസ്ഥ തന്നെയാണിത്. മലയാളത്തിന്റെ പ്രിയഗായകനായി എന്നും വാഴുന്ന ബാബുരാജിന് കവിതകൊണ്ട് താജ്മഹൽഒരുക്കുകയാണ് ഈ കവിതയിൽ കവി.
പ്രകൃതിയോടൊപ്പം മനുഷ്യനും മനുഷ്യനിൽത്തന്നെ ദുരന്തങ്ങളുടെയും പീഡനങ്ങളുടെയും ദുസ്സഹപർവ്വങ്ങൾ താണ്ടുന്ന ജീവിതങ്ങളും മനസ്സിൽ പേറി നടക്കുന്ന കവിയാണ് എഴാച്ചേരി. ആശാന്റെ സീതാകാവ്യത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് എഴുതിയ ‘സീതയുടെ കണ്ണാടിപ്രതിഷ്ഠ’ എന്ന കവിത ഇന്നും തുടരുന്ന പുരുഷാധിപത്യം സ്ത്രീയിൽ ഏൽപ്പിക്കുന്ന ആഘാതങ്ങൾക്കുനേരെ പ്രതികരിക്കുന്നു.
“ചപലാകുല വ്യർത്ഥമോഹമാർ-
ന്നകമേ വീണു പിടയ്ക്കുമെൻ കിളി,
വനവേടന് കാഴ്ച വച്ചിടു -
ന്നുടലും വിണ്ടുമലർന്നമാനവും” ഈ നേരവസ്ഥ എന്നും വെളിപ്പെടുത്തിയ കവിയാണ് എഴാച്ചേരി.
ഇത്തരം വിണ്ടുകീറുന്ന യാഥാർഥ്യങ്ങളെ കപട ദേശീയതയുടെ പുതപ്പുകൊണ്ട് മൂടിവയ്ക്കാൻ ശ്രമിക്കുന്ന ഇന്ത്യൻ വർത്തമാനത്തെയും കവി ചൂണ്ടിക്കാണിക്കുന്നു.
“ശരണമില്ലാത്തൊരീണങ്ങളിന്ത്യയെ
ന്നുരുവിടുന്ന വികാരസാരംഗിയിൽ
ഉയിരിടുന്നൊരു ചെമ്പനീർപ്പൂവി-
നിതാളിലാരുടെ കണ്ണീർക്കങ്ങൾ! ” എന്ന് നെഹ്രുവിന്റെ കണ്ണുനീർ, ദേശസ്നേഹികളുടെ കണ്ണുനീർ വീഴുന്ന ഇന്ത്യയെ ആറ് ദർശനങ്ങൾ എന്ന കവിതയിൽ കാണാം.
ഇന്ത്യൻ മനസ്സിലെ ഗാന്ധിയുടെ സ്ഥാനത്ത് ഗോഡ്സെയെ പ്രതിഷ്ഠിക്കാൻ നടക്കുന്ന ശ്രമങ്ങളെ അപലപിക്കുന്നുണ്ട് കവി. ചരിത്രത്തോട് ചെയ്യുന്ന അനീതി നിശബ്ദനായി നോക്കിനിൽക്കാൻ കഴിയുന്നില്ലെന്നത്കൊണ്ടുതന്നെയാണിത്. ഇന്നത്തെ ഇന്ത്യയിൽ
“അഴുക്കുപാത്രം കൊണ്ട്
കിഴക്കിൻ മുഖം സൂര്യൻ
മറച്ചാണുദിക്കുന്ന-
ത്തിന്ത്യയെ കണ്ടെത്തുവാൻ” എന്ന നേര് കവി അവതപ്പിക്കുന്നു.
‘ഒന്നല്ലൊരുകോടി മാവേലിമാർ’ കേരളത്തിന് സ്വന്തമായുണ്ടെന്ന് വർത്തമാനകേരളത്തെ പാടിയുണർത്തുന്നുണ്ട്. അത് കേരളമെന്ന സംഘഗാനമാണ്, മർത്യജീവിതമെന്ന ഉയിർപ്പിന്റെ ഗാനമാണ്. ഈ കവിത കേരളം നേരിട്ട പ്രളയക്കെടുതിയുടെയും മഹാമാരിയുടെയും പശ്ചാത്തലത്തിൽ പ്രസക്തമാവുന്നു. നമ്മളൊന്ന് എന്ന മാനവികതയാണ് ഏഴാച്ചേരിക്കവിതയുടെ അന്തർധാര. അതിൽ നിന്നുള്ള ശാഖാപ്രവാഹങ്ങളാണ് എല്ലാക്കവിതയും. അന്ധത നടിക്കാൻ ആവുന്നില്ലെന്നത് മനുഷ്യപക്ഷത്തേക്ക് കൂടുതൽ കൂടുതൽ ചേർന്ന് നില്ക്കാൻ കവിയെ സന്നദ്ധനാക്കുകയും ചെയ്യുന്നു. മനുഷ്യമനസ്സുകളെ ഒന്നായിച്ചേർക്കുന്ന സംഘഗാനമായി ഏഴാച്ചേരിക്കവിത വർത്തിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.