27 April 2024, Saturday

കുറി വരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്‌കരിച്ചാലും.…

ഗാനസപര്യയുടെ എംഡിആര്‍ കാലം…
സുരേഷ് എടപ്പാള്‍
August 13, 2023 3:45 am

താനും വര്‍ഷങ്ങള്‍ക്കു മുമ്പ് മലപ്പുറം ജില്ലയിലെ ഒരു ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ സാംസ്‌കാരിക സദസ്. മുഖ്യാതിഥിയായി പങ്കെടുക്കുന്നത് സിനിമാ പിന്നണി ഗാനരചയിതാവും സംഗീത സംവിധായകനുമായ എം ഡി രാജേന്ദ്രന്‍. ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് ‘കുറിവരച്ചാലും കുരിശു വരച്ചാലും കുമ്പിട്ടു നിസ്‌കരിച്ചാലും…’ എന്ന ഗാനം വളരെ ഭംഗിയായി മിടുക്കി പെണ്‍കുട്ടി ആലപിക്കുന്നു. സദസൊന്നടങ്കം പാട്ടില്‍ ലയിച്ച നിമിഷങ്ങള്‍. പാടി കഴിഞ്ഞപ്പോള്‍ അവളെ അടുത്തേക്ക് വിളിച്ച് എംഡിആറിന്റെ ചോദ്യം ”ആരാ മോളെ ഈ പാട്ടെഴുതിയതെന്ന് അറിയാമോ…?” ആദ്യം ഇല്ലെന്ന് പറഞ്ഞെങ്കിലും അല്‍പ്പം സംശയിച്ച് വയലാറാണോ സാര്‍ എന്നവള്‍. ഉത്തരം ശരിയല്ലെന്നു കണ്ടതോടെ ഒഎന്‍വി, യൂസഫലി കേച്ചേരി അങ്ങനെ അവള്‍ക്കറിയാവുന്ന നാലഞ്ച് പേരുകള്‍… വേദിയിലുണ്ടായിരുന്ന ചില അധ്യാപകരും ചില കവികളുടെ പേരുകള്‍ പറഞ്ഞു.
ഒടുവില്‍ മുഖ്യാതിഥി പ്രസംഗിക്കാനുള്ള ഊഴം വന്നെത്തി. നിങ്ങളെല്ലാവരും ആസ്വദിച്ച ഈ വേദിയില്‍ ആലപിച്ച ഗാനം എഴുതിയതാരെന്ന ചോദ്യം അദ്ദേഹം ആവര്‍ത്തിക്കുന്നു. അപ്പോഴാണ് മനസിലായത് കേരളത്തിന്റെ സാസ്‌കരിക മണ്ഡലത്തില്‍ നിറഞ്ഞു കേള്‍ക്കുന്ന ജനപ്രിയ ഗാനത്തിന്റെ രചയിതാവാരെന്ന് ഭൂരിപക്ഷത്തിനും അറിയില്ലെന്ന്. പാട്ടെഴുതിയത് ആരെന്നെറിയില്ലെങ്കിലും നിങ്ങള്‍ എന്റെ വരികള്‍ ഏറ്റുചൊല്ലുന്നതില്‍ സന്തോഷമുണ്ടെന്ന എംഡിആറിന്റെ വാക്കുകളെ കുട്ടികളും രക്ഷിതാക്കളും അധ്യാപകരും കയ്യടിയോടെ സ്വീകരിച്ചു.

എംഡിആറിന്റെ സിനിമാഗാനങ്ങളുടെ ആസ്വാദകരായ പലര്‍ക്കും ആ പാട്ട് എംഡിആറിന്റേതാണെന്ന് ഉറപ്പിക്കാന്‍ കഴിയാത്തതിനു കാരണം അതിന്റെ പ്രമേയംതന്നെയായിരുന്നു. മനുഷ്യ മനസുകളുടെ പ്രണയം, വിരഹം, മോഹം തുടങ്ങിയ വൈകാരിക തലങ്ങളെ അതിസുന്ദരമായ വരികളിലൂടെ ജനഹൃദയങ്ങളില്‍ കോറിയിട്ട എംഡിആറിന്റെ തൂലികയില്‍ നിന്നും ഒട്ടു പ്രതീക്ഷിക്കാത്ത സാമൂഹിക പ്രാധാന്യമുള്ള നവോത്ഥാന രചനയായിരുന്നു ‘മൗനം’ എന്ന സിനമയിലെ ”കുറിവരച്ചാലും…” എന്നു തുടങ്ങുന്ന ഗാനം. കഴിഞ്ഞ ഒരു ദശകത്തില്‍ കേരളത്തിന്റെ സാംസ്‌കാരിക വേദികളില്‍ നിറഞ്ഞു നില്‍ക്കുന്ന അര്‍ത്ഥവത്തായ പാട്ടിന്റെ ഈരടികള്‍ വര്‍ഗീയതയും വിഭാഗീയതയും വേരിറങ്ങിയ വര്‍ത്തമാന ഇന്ത്യക്കുള്ള ഉണര്‍ത്തുപാട്ടാണ്. മതവും ജാതിയും ജനങ്ങളെ ഭിന്നിപ്പിക്കുന്ന കാലത്ത് കരുണാമയനായ ദൈവം ഒന്നാണെന്നും മനുഷ്യന്‍ ഒന്നാണെന്നും മനോഹരമായ നമ്മുടെ രാജ്യത്തെ മതത്തിന്റെ പേരില്‍ രക്തപങ്കിലമാക്കരുതെന്നുമുള്ള കവിയുടെ കേണപേക്ഷ ഇന്ത്യന്‍ ദേശീയതയുടേയും നാനത്വത്തിന്റെയും കാവലാളാകാന്‍ ഓരോ പൗരനോടുമുള്ള ആഹ്വാനം കൂടിയാണ്. തമിഴില്‍ കുറി വരൈന്താലും എന്നു ഹിന്ദിയില്‍ തിലക് ലഗാത്തെയെന്നുമാണ് തുടക്കം.

മരിക്കുന്നതിന് ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് തൃശൂരില്‍ ഒരു സ്വീകരണ ചടങ്ങില്‍ പങ്കെടുത്ത പ്രശസ്ത ഗായകന്‍ എസ് പി ബാലസുബ്രഹ്‌മണ്യന്‍ ഗാനം കേട്ടപ്പോള്‍ ആവേശഭരിതനാകുകയും പാട്ട് തന്റെ ഹൃദയത്തില്‍ തൊട്ടതായി വേദിയില്‍ തന്നെ പറയുകയുമുണ്ടായി. ഫാ. പോള്‍ പൂവത്തിങ്കല്‍ ഗാനം പാടിയപ്പോള്‍ വികാരഭരിതനായി കേട്ടുനിന്ന എസ് പി ബാലസുബ്രഹ്‌മണ്യത്തിന്റെ ചിത്രം എംഡിആറിന് മറക്കാനാവുന്നില്ല. രാജ്യത്തെ മുഴുവന്‍ പേരും ഈ പാട്ടിന്റെ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് ഗാനം ഏറ്റുപാടണമെന്നായിരുന്നു എസ്‌പിബിയുടെ ആവശ്യം. ”ഇതൊരു ഭാഷയുടെയോ സംസ്ഥാനത്തിന്റെയോ മാത്രം പാട്ടല്ല; ദേശത്തിന്റെ പാട്ടാണ്. നാഷണല്‍ സോംഗ്” എസ്‌പിബി പറഞ്ഞു. ”മൗനത്തിന്റെ ആദ്യ ഷോയ്ക്ക് തിലകന്‍ ചേട്ടനൊപ്പമാണ് പോയത്. മടക്കയാത്രയിലുടനീളം കുറി വരച്ചാലും പാടിക്കൊണ്ടിരിക്കുകയിരുന്നു അദ്ദേഹം” എംഡിആര്‍ ഓര്‍ത്തു.

ഋതുഭേദങ്ങളുടെ പ്രണയകല്‍പ്പനകള്‍ക്ക് ഒരുനാളും മങ്ങാത്ത ചാരുത നല്‍കിയ മലയാളത്തിന്റെ പ്രിയകവി എംഡിആറിന്റെ കാവ്യ സപര്യയുടെ നാലര പതിറ്റാണ്ടിലെത്തി നല്‍ക്കുമ്പോള്‍ കാലം ആവശ്യപ്പെട്ട കാല്‍പ്പനികതയുടെ ഉത്തരവാദിത്തങ്ങള്‍ പൂര്‍ണമായും നിറവേറ്റി എന്ന ഉത്തമ ബോധ്യത്തിലാണ് കവി. മനുഷ്യവിചാര‑വികാരങ്ങളെ ആറ്റിക്കുറുക്കിയ വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്തി മലയാളത്തിലെ മഹാന്മാരായ സംഗീത സംവിധായകരുടേയും പാട്ടുകാരുടേയും ഇഷ്ടപാത്രമായി മാറിയ എഴുത്തുകാരന്‍ ഇന്നേറ്റവും അഭിമാനിക്കുന്നതാകട്ടെ സാധാരണജനങ്ങളുടെ മനസു നിറച്ച സ്വയം രചനയും സംഗീതവും നിര്‍വ്വഹിച്ച മാടമ്പ് തരിക്കഥ എഴുതി സുരേഷ് മച്ചാ സംവിധാനം ചെയ്ത് യേശുദാസ് ആലപിച്ച മൗനത്തിലെ ഈ ഗാനത്തിന്റെ പേരില്‍ തന്നെ. ഗോഡ്മാന്‍(1999) എന്ന സിനിമക്കുവേണ്ടിയാണ് വരികള്‍ പിറന്നതെങ്കിലും പിന്നീട് അത് മൗനത്തിലെത്തുകയായിരുന്നു.

മലയാളിയുടെ പാട്ടു പുസ്തകത്തില്‍ ഒരിക്കലും മറക്കാനാകാത്ത നിരവധി ഗാനങ്ങള്‍ എഴുതി ചേര്‍ത്ത എംഡിആറിനും കുറിവരച്ചാലും കുരിശുവരച്ചാലും എന്ന ഗാനത്തിന്റെ രചയിതാവ് എന്നപേരില്‍ അറിയപ്പെടുന്നതാണ് ഏറ്റവും വലിയ സന്തോഷമെന്ന് പറയുന്നു. പൗരത്വ ഭേദഗതിയുടെ പേരില്‍ രാജ്യമെങ്ങും അലയടിച്ച പ്രതിഷേധ നാളുകളില്‍ കേരളത്തിന്റെ തെരുവോരങ്ങളില്‍ അലയടിച്ച കാലാതി വര്‍ത്തിയായ ഒരു ഗാനം തന്റെതാണെന്ന് ഓര്‍ക്കുമ്പോള്‍ എംഡിആറിന്റെ മനസില്‍ ആവേശം അലകടലായി ഉയരുകയാണ്. ജനങ്ങള്‍ക്കുവേണ്ടി സാഹിത്യകാരനെന്ന നിലയില്‍ തന്റെ കടമ നിറവേറ്റാന്‍ കഴിഞ്ഞെന്ന തോന്നല്‍ നല്‍കിയത് ഈ ഗാനമാണ്. ഒരു പാട്ടെഴുത്തുകാരന് നല്‍കാവുന്ന പരമാവധി അംഗീകാരം സംഗീതാസ്വദകര്‍ നല്‍കിയെങ്കിലും സാമൂഹിക പ്രതിബദ്ധതയോടെ രാജ്യത്തിനുവേണ്ടി എഴുതിയ വരികള്‍ സാധാരണ ജനം ഏറ്റെടുക്കുമ്പോഴുണ്ടായ സന്തോഷം വാക്കുകള്‍ക്കതീതമാണെന്ന് എംഡിആര്‍ പറയുന്നു.

നവോത്ഥാനമെന്ന സങ്കല്‍പ്പം മുന്‍ നിര്‍ത്തിയുള്ള ഗാനത്തെ സര്‍വരും രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചപ്പോഴും രചയിതാവെന്ന നിലയില്‍ പാട്ടിനൊപ്പം പേര് ചേര്‍ത്തുവെക്കപ്പെടാതെ പോകുമ്പോള്‍ ചെറുതെങ്കിലും ഒരു കണിക വിഷമം ബാക്കി. വയലാറിന്റെ ‘മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു…’ എന്ന വിഖ്യാത ഗാനമാണ് ‘മൗന’ത്തിലെ പാട്ടെഴുതാന്‍ പ്രചോദനമായത്. വയലാറിന്റെ പാട്ടിന്റെ ഒരു തുടര്‍ച്ചയായിവേണം ഈ പാട്ടിനെ വായിക്കാന്‍. പലരും പ്രസംഗത്തിനിടെ വയലാര്‍ എഴുതിയ കുറി വരച്ചാലും എന്ന ഗാനത്തെ കുറിച്ചു പറയാറുണ്ട്. ”വയലാറുമായുള്ള താരതമ്യം പോലും അഭിമാനമായി കാണുന്നയാളാണ് ഞാന്‍.” എംഡിആര്‍ പറയുന്നു.

ഒരു കാലഘട്ടത്തിലെ കൗമാര‑യൗവനങ്ങളുടെ ചുണ്ടുകള്‍ ഏറ്റുപാടിയ ഹിമശൈല സൈകത, സുന്ദരീ (ശാലിനി എന്റെ കൂട്ടുകാരി), ശിശിരകാല മേഘമിഥുന, ശശികല ചാര്‍ത്തിയ (ദേവരാഗം), അല്ലിയിളം പൂവോ, ഋതുഭേദ കല്‍പ്പന ചാരുത നല്‍കിയ (മംഗളം നേരുന്നു), നന്ദസുതാവര തവ ജനനം, കുറുനിരയോ (പാര്‍വതി), വാചാലം എന്‍ മൗനവും (കൂടും തേടി)… ആസ്വാദകരുടെ ഹൃദയാന്തരാളത്തില്‍ കുളിര്‍മഴയായി ഇന്നും പെയ്തിറങ്ങിക്കൊണ്ടിരിക്കുന്നു. 1979ല്‍ തോപ്പില്‍ ഭാസിയുടെ ‘മോചനം’ എന്ന ചിത്രത്തിനു വേണ്ടി ഗാനങ്ങള്‍ എഴുതിക്കൊണ്ട് സിനിമാരംഗത്തു പ്രവേശിച്ചു. തുടര്‍ന്ന് ശാലിനി എന്റെ കൂട്ടുകാരി, സ്വത്ത്, കഥയറിയാതെ തുടങ്ങിയ പടങ്ങള്‍ക്കു വേണ്ടി ഗാനങ്ങള്‍ എഴുതിയ ഗാനങ്ങള്‍ അദ്ദേഹത്തെ സിനിമാപ്രേമികളുടെ പ്രിയപ്പെട്ടവനാക്കി. ആദ്യത്തെ അഞ്ചു ചിത്രങ്ങളിലും എംഡിആറിന്റെ വരികള്‍കള്‍ക്ക് ഈണമിട്ടത് ദേവരാജന്‍ മാസ്റ്ററെന്നത് ആ പ്രണയം തുളമ്പുന്ന വരികളുടെ തൂലികക്ക് ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്.

ഇളയരാജ, ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് കീരവാണി, രവീന്ദ്രന്‍, എം ജയചന്ദ്രന്‍, ബോംബെ രവി, ജോണ്‍സണ്‍ തുടങ്ങി ഒട്ടേറെ പ്രതിഭാധനരായ സംഗീത സംവിധായകര്‍ എം ഡി രാജേന്ദ്രന്റെ വരികള്‍ക്ക് ഈണം നല്‍കിയപ്പോള്‍ മലയാളത്തിന് ലഭിച്ചത് അസുലഭമായ സൗഭാഗ്യങ്ങളായിരുന്നു. കാലത്തില്‍ അടയാളപ്പെടുത്തിയ അനശ്വരമായ മികച്ച ഗാനങ്ങളാണ് ഈ കുട്ടുകെട്ടുകളില്‍ പിറവിയെടുത്തത്. ഒടുവില്‍ ഫൈനല്‍സ് എന്ന സിനിമയില്‍ പുതു തലമുറയിലെ വാഗ്ദാനമായ കൈലാസ് മോനോനൊപ്പവും പ്രവര്‍ത്തിച്ചു.

യേശുദാസും പി ജയചന്ദ്രനും ജാനകിയും ചിത്രയും മാധുരിയും എം ജി ശ്രീകുമാറുമെല്ലാം ആ ഗാനങ്ങള്‍ക്ക് ജീവന്‍ നല്‍കിയപ്പോള്‍ രാത്രില്‍ റേഡിയോയില്‍ നിന്നൊഴുകിയെത്തുന്ന എംഡിആര്‍ ഗാനം കേട്ടുറങ്ങുന്നത് പലരുടേയും പതിവായി മാറിയകാലം. ജന്മാന്തരങ്ങളെ കോള്‍മയിര്‍ കൊള്ളിക്കും പീയൂഷവാഹിനി പോലെ. പക്ഷേ കവി ഇപ്പോള്‍ പ്രണയത്തിന്റെ ഭാവനാലോകത്തുനിന്നകന്ന് വര്‍ത്തമാനകാലത്തിന്റെ യാഥാര്‍ത്ഥ്യങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കയാണ്. അവിടെയാണ് ‘കുറിവരച്ചാലും കുരിശു വരച്ചാലു‘മെന്ന മാനവികതയുടെ ഈരടികള്‍ പിറവിയെടുക്കുന്നത്. എഴുപത്തിയൊന്നാം വയസ്സിലെത്തി നില്‍ക്കുമ്പോള്‍ എം ഡി ആറിന്റെ മനസു നിറയെ ലോകത്തു പടരുന്ന അശാന്തിയെക്കുറിച്ചുള്ള ആവലാതികളും ആശങ്കകളുമാണ്. അസ്വസ്ഥമാകുന്ന മനുഷ്യമനസുകളെ പ്രതീക്ഷയുടെ ലോകത്തേക്ക് കൈപിടിക്കുന്ന രചനകള്‍ മാത്രമല്ല, ചുണ്ടുകള്‍ക്കു മൂളാനുള്ള സംഗീതവും അവിടെ പിറവിയെടുക്കാനിരിക്കയാണ്.

”എഴുതിയ പാട്ടുകളെല്ലാം എനിക്ക് സ്വന്തം കുട്ടികളെപ്പോലെയാണ്. എങ്കിലും അവയെക്കാളൊക്കെ ഞാന്‍ വിലമതിക്കുന്നു കുറി വരച്ചാലും എന്ന ഗാനം. ആയുസിലൊരിക്കല്‍ മാത്രം കൈവരുന്ന ഭാഗ്യമാണത്. ഒന്നരപ്പതിറ്റാണ്ടോളം മുന്‍പ് റെക്കോര്‍ഡ് ചെയ്യപ്പെട്ടതാണ് ‘കുറിവരച്ചാലും’ എന്ന ഗാനം. ‘അന്ന് വര്‍ഗീയത ഇത്രത്തോളം തീവ്രവും ഭീതിതവുമല്ല നമ്മുടെ നാട്ടില്‍. സിനിമയിലെ സന്ദര്‍ഭത്തിന് ഇണങ്ങുന്ന ഒരു പാട്ട്. അത്രയേ ആലോചിച്ചിരുന്നുള്ളൂ. പക്ഷേ ഇന്ന് ആ വരികള്‍ക്ക് കൈവന്നിട്ടുള്ള മാനം എന്നെപ്പോലും അത്ഭുതപ്പെടുത്തുന്നു; ഭയപ്പെടുത്തുന്നു.”
-എംഡിആര്‍

കുറി വരച്ചാലും കുരിശു വരച്ചാലും
കുമ്പിട്ടു നിസ്‌കരിച്ചാലും
കാണുന്നതും ഒന്ന് കേള്‍ക്കുന്നതും ഒന്ന്
കരുണാമയനാം ദൈവം ഒന്ന് ദൈവം ഒന്ന് (2)

പമ്പാസരസ്തകം ലോകമനോഹരം പങ്കിലമാക്കരുതേ
രക്തപങ്കിലമാക്കരുതേ (2)
വിന്ധ്യഹിമാചലസഹ്യസാനുക്കളില്‍
വിത്തു വിതയ്ക്കരുതേ വര്‍ഗീയ വിത്തുവിതയ്ക്കരുതേ (കുറി വരച്ചാലും…)

ഗീതയും ബൈബിളും വിശുദ്ധ ഖുറാനും
ഭാരതഹൃദയമല്ലോ അദ്വൈത ഭാരത ഹൃദയമല്ലോ (2)
സിന്ധുവും ഗംഗയും വൈകയും നിളയും
ഇന്ത്യ തന്‍ അക്ഷയനിധികള്‍ എന്നെന്നും
ഇന്ത്യ തന്‍ ഐശ്വര്യഖനികള്‍ (കുറി വരച്ചാലും…)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.