27 April 2024, Saturday

ഹിച്ച് കോക്ക് മലബാറിൽ?

പി സുനിൽകുമാർ
വിചിത്രം വിസ്മയം
August 13, 2023 3:16 am

ഇംഗ്ളീഷ് ചലച്ചിത്രകാരനും മികച്ച സംവിധായകനുമായ ഹിച്ച്കോക്ക് മലബാറിൽ വന്നുവെന്ന് പറഞ്ഞാൽ? നമുക്ക് അറിയില്ല. നമ്മുടെ മനസിലേക്ക് ഹിച്ച്കോക്ക് എന്ന പേര് കേട്ടാൽ ഓടി വരുക ആൽഫ്രഡ് ഹിച്ച്കോക്ക് എന്ന സിനിമാ സംവിധായകനെയാണ്. ആദ്യം അത് പറയാം. ആൽഫ്രഡ് ഹിച്ച്കോക്ക് പഠിച്ചത് എൻജിനീയറിങ് വിഷയമായിരുന്നു. പക്ഷേ താല്പര്യം സിനിമയിലും. സിനിമ പഠിക്കാൻ സ്റ്റുഡിയോകളിൽ ചേർന്ന അദ്ദേഹം 1922 മുതൽ സ്വതന്ത്ര സംവിധായകനായി. പതിനൊന്ന് നിശബ്ദ ചിത്രങ്ങളുൾപ്പെടെ അൻപത് ചിത്രങ്ങൾ. സിനിമകളെന്ന് പറഞ്ഞാൽ കാലത്തെ വെല്ലുന്ന ക്ലാസിക്കുകൾ നിർമ്മിച്ച ലോകത്തെ മികച്ച പത്ത് സംവിധായകരിൽ ഒരാൾ എന്ന ബഹുമതിക്കർഹമാക്കിയ സിനിമകൾ. ജോണ്‍ റസൽ ടെയ് ലർ പറഞ്ഞപോലെ “സിനിമയുടെ ലോകത്ത് ഏറ്റവുമധികം അംഗീകാരമുള്ള വ്യക്തി.” സിനിമയിൽ പിന്നാലെ വന്നവരെ അത്ഭുതപൂർവം സ്വാധീനിച്ച സംവിധായകൻ. സംവിധായകരുടെ എല്ലാം സംവിധായകൻ. മനുഷ്യമനസിനെ ആഴത്തിൽ പഠിച്ച, ആ മനസിന്റെ പ്രയാണങ്ങളെ വേണ്ടപോലെ പ്രേക്ഷകമനസിൽ തട്ടും വിധം ആവിഷകരിച്ച കലാകാരൻ. സിനിമാ പ്രേക്ഷകർ നിതാന്ത വിസ്മയം പോലെ ഇന്നും കാണുന്ന സിനിമകളുടെ സൃഷ്ടാവ്.
അദ്ദേഹം ഡൽഹിയിൽ വന്നിട്ടുണ്ട്, 1955 ൽ തന്റെ പുതിയ ചിത്രമായ ‘ദി ട്രബിൾ വിത്ത് എ ഹാരി’ യുടെ പ്രചാരണത്തിനു വേണ്ടി. വന്ന കാലത്ത് നടൻ ദിലീപ് കുമാറിനെ കണ്ടിരുന്നു. അതിന്റെ ചിത്രം 2018ൽ പുറത്ത് വന്നിരുന്നു. ഒരു അപൂർവ ഫോട്ടോ. 1976ൽ അദ്ദേഹം മരിച്ചു. കേരളത്തിലും ആരാധകർ ഒട്ടേറെ ഉണ്ടെങ്കിലും ഇവിടെ വന്നതിന് തെളിവില്ല. 

കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ വർഷങ്ങളിൽ ഒരു ഹിച്ച്കോക്ക് ബ്രിട്ടീഷ് പട്ടാളത്തിൽ ഉയർന്ന പദവിയിൽ ഉണ്ടായിരുന്നു. റിച്ചാർഡ് ഹവാർഡ് ഹിച്ച്കോക്ക് എന്നായിരുന്നു മുഴുവൻ പേര്. അദ്ദേഹമാണ് കേരളത്തിൽ വന്നത്. അന്ന് കേരളം ഇല്ലല്ലോ. 1956 നവംബർ ഒന്നിന് ആണല്ലോ കേരളം ഉണ്ടായത്. അതുവരെ തിരുവിതാംകൂർ, കൊച്ചി മലബാർ എന്നിങ്ങനെ മൂന്ന് പ്രദേശങ്ങളായിരുന്നല്ലോ. മലബാർ മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്നു 1956വരെ. വന്നു എന്ന് മാത്രമല്ല കുറച്ചു കാലം മലബാറിനെ അടക്കി ഭരിച്ചു. 1884 ൽ ബ്രിട്ടനിൽ ഈസ്റ്റ് മിഡ് ലാൻഡ്സിൽ ജനനം. വളർന്നത് കെന്റ് എന്ന സ്ഥലത്ത്. വളർന്നപ്പോൾ ബ്രിട്ടീഷ് പൊലീസിൽ ജോലിയായി. 1903 ൽ ഇന്ത്യയിലേക്ക് വന്നു. ഇന്ത്യൻ പൊലീസിലേക്ക് എത്തിയ ഹിച്ച്കോക്ക് ക്രൂരനായ ഓഫീസർ എന്ന പേരെടുത്തു. 1910 ൽ മലബാറിലെ ബ്രിട്ടീഷ് പൊലീസിന്റെ ചുമതലക്കാരനായി നിയമിക്കപ്പെട്ടു. 1884 ൽ എച്ച് വി കനോലി എന്ന ബ്രിട്ടീഷ് കളക്ടറുടെ ആവശ്യപ്രകാരം മലപ്പുറം സ്പെഷ്യൽ പൊലീസ് രൂപം കൊണ്ടിരുന്നു. കുറച്ചു പൊലീസുകാർ മാത്രമുള്ള സായുധ പൊലീസ് സംഘം പിന്നീട് മലബാർ സ്പെഷ്യൽ പൊലീസ് എന്ന പേരിൽ വിപുലീകരിച്ചു. കലാപങ്ങളും സംഘർഷങ്ങളും പ്രകൃതി ക്ഷോഭങ്ങളും നേരിടാനുള്ള പാരാ മിലിറ്ററി സംഘം. 

സ്വാതന്ത്ര്യ സമരം കൊടുമ്പിരിക്കൊള്ളുന്ന കാലം, മലബാറിൽ പല തരത്തിലുള്ള പ്രക്ഷോഭങ്ങളും സമരങ്ങളും നടക്കുന്ന കാലം. ബ്രിട്ടീഷ് പൊലീസ് ക്രൂരമായി സമരങ്ങളെ നേരിടുമ്പോളാണ് ഹിച്ച്കോക്ക് മലബാറിൽ പൊലീസ് മേധാവിയായി വരുന്നത്. 1916 ൽ ബ്രിട്ടീഷ് സർക്കാർ സമരങ്ങളെ ഒതുക്കുന്നതിലെ വൈഭവം കണക്കിലെടുത്ത് ഹിച്ച്കോക്കിന് കിങ്സ് പൊലീസ് മെഡൽ സമ്മാനിച്ചു. പ്രതികാരത്തിന്റെ മുഖമെന്ന വിശേഷണം പൊലീസിലും പുറത്തും ഹിച്ച്കോക്കിന് ലഭിച്ചു. മികച്ച ഹോക്കി കളിക്കാരനായിരുന്ന ഹിച്ച്കോക്ക് പ്രക്ഷോഭങ്ങളെയും അതേ സ്പിരിറ്റിൽ നേരിട്ടിരുന്നു.
1921 ൽ മലബാർ സ്പെഷ്യൽ പൊലീസിന്റെ ചുമതല ഹിച്ച് കോക്കിന് നൽകി ബ്രിട്ടീഷ് സർക്കാർ. എംഎസ് പി യുടെ രണ്ടാം ബാച്ച് രൂപീകരിക്കുകയും ബാച്ചിന്റെ കമാൻഡന്റായി അദ്ദേഹം നിയമിക്കപ്പെടുകയും ചെയ്തു. മലബാറിൽ നടന്ന കലാപത്തിൽ അറസ്റ്റ് ചെയ്യപ്പെട്ടവരെ തിരൂർ നിന്ന് വാഗണിൽ കയറ്റിക്കൊണ്ടു പോകാൻ ഉത്തരവിട്ടതും അദ്ദേഹം തന്നെ. നൂറോളം പേർ വാഗണിൽ കിടന്ന് ശ്വാസം മുട്ടി മരിച്ചതിന്റെ പേരിൽ ഹിച്ച്കോക്ക് വിചാരണ നേരിട്ടെങ്കിലും ഉന്നത ഉദ്യോഗസ്ഥനായ അയാൾക്ക് വേണ്ടത്ര സമയം ഇതൊക്കെ നോക്കിക്കാണാൻ കിട്ടിയിട്ടുണ്ടാവില്ലെന്ന നിരീക്ഷണത്തിൽ വെറുതേ വിടുകയായിരുന്നു. മലബാർ സ്പെഷ്യൽ പൊലീസ് എന്ന വലിയ സന്നാഹങ്ങളുള്ള പോലീസ് സംഘം പിന്നെയും പല കലാപ പ്രദേശങ്ങളിലും പോയി ലഹളകൾ അടിച്ചമർത്തുകയുണ്ടായി. മദിരാശിയിലും വിശാഖപട്ടണത്തും ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ കലാപങ്ങൾ അമർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. വിശാഖപട്ടണത്ത് അതിന്റെ സ്മാരകം കാണാം. മലപ്പുറത്ത് ഉണ്ടായിരുന്ന ട്രെയിനിങ് കോളജിനും ഏറ്റുമുട്ടൽ നടന്ന സ്ഥലത്ത് സ്ഥാപിച്ച സ്മാരകത്തിനും ഹിച്ച്കോക്കിന്റെ പേര് നൽകിയിരുന്നു, ഹിച്ച്കോക്കിന്റെ പ്രതിമയും. 

1922 ൽ ഹിച്ച്കോക്കിന് ബ്രിട്ടീഷ് സാമ്രാജ്യം സിഐഇ എന്ന ഉന്നത അവാർഡ് നൽകി ആദരിച്ചു. തുടർന്ന് സേലത്തേക്ക് ഡിഐജിയായി സ്ഥലം മാറി അദ്ദേഹം പോകുകയുണ്ടായി. 1926ൽ ജന്മനാട്ടിലേക്ക് അദ്ദേഹം തിരികെ പോയി. കടുത്ത അൾസർ രോഗബാധയാൽ വലഞ്ഞിരുന്ന ഹിച്ച്കോക്ക് 1926 ഓഗസ്റ്റ് 31ന് 42-ാം വയസിൽ മരണത്തിന് കീഴടങ്ങി. അദ്ദേഹത്തിന്റെ പേരിൽ മലപ്പുറത്ത് ഉണ്ടായിരുന്ന സ്മാരകം പിന്നീട് പുനർനാമകരണം ചെയ്യുകയും ചെയ്തു. പ്രതിമയും മാറ്റി. സംഘർഷത്തിൽ മരിച്ച പോലീസുകാരുടെ സ്മരണയ്ക്കായി സ്ഥാപിച്ച കുടീരത്തിന്റെ ചില ഭാഗങ്ങൾ ഇപ്പോഴും ചരിത്രത്തിന്റെ ശേഷിപ്പുകളായി നിലനിൽക്കുന്നു, തുടച്ചു മാറ്റാനാകാത്ത ചരിത്ര ഗതികളെപ്പോലെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.