21 June 2024, Friday

മോഡിയുടെ മാറിമറിയുന്ന തെരഞ്ഞെടുപ്പ് ആഖ്യാനങ്ങള്‍

Janayugom Webdesk
May 17, 2024 5:00 am

തെരഞ്ഞെടുപ്പ് പ്രചരണത്തിൽ ഉടനീളം ജനങ്ങളെ മതത്തിന്റെ അടിസ്ഥാനത്തിൽ വിഭജിക്കാൻ ബോധപൂർവമായ ശ്രമം നടത്തിവന്നിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി താൻ ഒരിക്കലും ‘ഹിന്ദു-മുസ്ലിം’ പരാമർശം നടത്തിയിട്ടില്ലെന്നും അങ്ങനെ നടത്തിയാൽ ‘പൊതുജീവിതം ഉപേക്ഷിക്കു‘മെന്നും ന്യൂസ് 18 ചാനലിന് നൽകിയ അഭിമുഖത്തിൽ അവകാശപ്പെട്ടത് പ്രേക്ഷകരെ തെല്ലും അമ്പരപ്പിച്ചുണ്ടാവില്ല. കാരണം, തന്റെ പ്രചരണ പരിപാടിയിൽ ഉടനീളം അദ്ദേഹം ആവർത്തിച്ച കല്ലുവച്ച നുണകൾ പ്രേക്ഷകർക്ക് സുപരിചിതമായിക്കഴിഞ്ഞിരിക്കുന്നു. എൻഡിഎ മുന്നണിക്ക് താൻ തുടക്കത്തിൽ പ്രവചിച്ചതുപോലെയും, ഷായും നഡ്ഡയുമടക്കം അനുചരന്മാർ ആവർത്തിച്ചതുപോലെയും 400ൽ അധികം സീറ്റുകൾ നേടണമെങ്കിൽ മുസ്ലിം ന്യൂനപക്ഷത്തിന്റെ വോട്ടുകൾകൂടി കിട്ടിയേ മതിയാവു എന്ന തിരിച്ചറിവായിരിക്കണം പ്രചരണ ആഖ്യാനത്തിലെ ഈ മലക്കംമറിച്ചിലിന് പ്രേരകമായിട്ടുണ്ടാവുക. നാലുഘട്ടം പിന്നിട്ടപ്പോൾ പോളിങ് ശതമാനത്തിൽ ഉണ്ടായ ഇടിവും ഇനി നടക്കാൻപോകുന്ന മൂന്നു ഘട്ടങ്ങളിൽ മുസ്ലിം വോട്ടുകൾ നിർണായകമാകും എന്ന തിരിച്ചറിവുമായിരിക്കണം പുതിയൊരു ‘മുസ്ലിം പ്രീണന’ ആഖ്യാനം പ്രചരണത്തിൽ കൊണ്ടുവരാൻ നിർബന്ധിതമാക്കിയിരിക്കുക. തന്റെ ബാല്യകാലത്ത് മുസ്ലിം അയൽക്കാർക്കിടയിൽ ഭേദചിന്തകൾ കൂടാതെ ജീവിച്ചതിനെപ്പറ്റിയും പെരുന്നാൾ വേളകളിൽ അവർ വീട്ടിൽ എത്തിച്ചുനൽകിയ ഭക്ഷണത്തെപ്പറ്റിയും മോഡി പൊടുന്നനെ വാചാലനാകുന്നതും കൃത്യമായ ലക്ഷ്യത്തോടെയാണെന്നു വേണം കരുതാന്‍. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും മോഡി നടത്തിയ മുസ്ലിം വിരുദ്ധ പ്രചരണവും പ്രസംഗങ്ങളും അച്ചടി, ദൃശ്യ, സമൂഹ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കേയാണ് ഈ മലക്കംമറിച്ചിൽ. കഴിഞ്ഞ ഒരാഴ്ചമാത്രം മോഡി ചുരുങ്ങിയത് അഞ്ചുതവണയെങ്കിലും ‘ഹിന്ദു-മുസ്ലിം’ പരാമർശം നടത്തിയതായി അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ ഉദ്ധരിച്ചുകൊണ്ട് ‘ദി ക്വിന്റ്’ വാർത്താ പോർട്ടൽ സ്ഥാപിക്കുന്നു. കഴിഞ്ഞ 10 വർഷം ജനങ്ങളെ മതത്തിന്റെയും വംശത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിച്ച മോഡി താൻ എല്ലാ വിഭാഗീയതകൾക്കും അ­തീ­തനാണെന്നും രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും പ്രതിനിധിയാണെന്നും വരുത്തിത്തീർക്കാനും അവസരം കിട്ടുമ്പോഴെല്ലാം ശ്രമിച്ചിട്ടുണ്ട്. 

തന്റെ ‘യഥാർത്ഥ കരുത്ത് 140 കോടി ഇന്ത്യക്കാരുടെ സ്നേഹവും അനുഗ്രഹവുമാണെ‘ന്ന് മോഡി മഹാരാഷ്ട്രയിലെ ടിൻഡോറിയിൽ ഒരു റാലിയെ അഭിസംബോധന ചെയ്യവേ അവകാശപ്പെടുകയുണ്ടായി. അതിന് ഒരുദിവസം മുമ്പ് ഇന്ത്യ ടിവിക്ക് നൽകിയ പ്രതികരണത്തിൽ ‘എന്നെ സ്വേച്ഛാധിപതി എന്ന് വിളിക്കുകവഴി പ്രതിപക്ഷം 140 കോടി ജനങ്ങളെയാണ് അപമാനിക്കുന്നതെ‘ന്നും മോഡി അവകാശപ്പെട്ടു. മുഴുവൻ ജനങ്ങളുടെയും ആരാധനാപാത്രമാണ് താനെന്ന മോഡിയുടെ അവകാശവാദത്തിൽ തെല്ലും പുതുമയില്ലെന്ന് കാലാകാലങ്ങളായി അദ്ദേഹം നടത്തിപ്പോന്നിട്ടുള്ള പ്രസ്താവനകൾ പരിശോധിച്ചാൽ കാണാൻകഴിയും. 2002ലെ ഗുജറാത്ത് കലാപകാലത്തും മുസ്ലിം മത ന്യൂനപക്ഷത്തിൽപെട്ട ആയിരങ്ങളുടെ കൂട്ടക്കൊല അരങ്ങേറുമ്പോഴും മോഡി തനിക്കെതിരെ ഉയർന്നുവന്ന വിമർശനങ്ങളെ നേരിട്ടത് ആറ് കോടി ഗുജറാത്തികളുടെ പേരിലായിരുന്നു എന്നത് വിസ്മരിച്ചുകൂടാ. മോഡിയുടെ ഈ അവകാശവാദങ്ങൾ ലളിതമായ കണക്കുകളുടെ അടിസ്ഥാനത്തിൽ പരിശോധിച്ചാൽ അതിന്റെ പൊള്ളത്തരം വ്യക്തമാകും. ബിജെപിക്ക് അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വോട്ടുവിഹിതം ലഭിച്ചത് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ്. അന്ന് അവർക്ക് ലഭിച്ച 37.36 ശതമാനം വോട്ടും മോഡിക്കുള്ള പിന്തുണയാണെന്ന് കണക്കാക്കിയാൽ തന്നെ അത് 22–23 കോടി വോട്ടർമാരുടെ മാത്രം പിന്തുണയാണ്. മൊത്തം വോട്ടർമാരുടെ എണ്ണം ഉദ്ദേശം 92 കോടിയായിരുന്നു. അതായത്, ആകെ വോട്ടർമാരിൽ 69–70 കോടി വോട്ടർമാർ മോഡിയെ പിന്തുണയ്ക്കാൻ സന്നദ്ധരല്ലെന്നുവേണം വിലയിരുത്താൻ. ഇവിടെയാണ് 140 കോടി ജനങ്ങൾ മോഡിയ്ക്കു നൽകുന്ന സ്നേഹത്തിന്റെയും അനുഗ്രഹത്തിന്റെയും പൊള്ളത്തരം തുറന്നുകാട്ടപ്പെടുന്നത്. ദൗർഭാഗ്യവശാൽ ഗുജറാത്ത് കലാപം മുതൽ ഇങ്ങോട്ട് പിന്തുടർന്നുപോന്ന വിഭാഗീയതയുടെയും ഭിന്നിപ്പിന്റെയും ഹിംസയുടെയും നിഷേധാത്മക രാഷ്ട്രീയം നന്നായി അറിയുന്ന മുതിർന്ന മാധ്യമപ്രവർത്തകർ പോലും ആ വസ്തുതകൾ ജനങ്ങളിൽനിന്ന് മറച്ചുവയ്ക്കുകയും മോഡിക്കു ചുറ്റും വ്യാജപരിവേഷം സൃഷ്ടിക്കുകയുമാണ് ചെയ്യുന്നത്. 

പൊടുന്നനെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഗതി ന്യൂനപക്ഷ വിദ്വേഷത്തിൽനിന്നും പ്രീണനത്തിലേക്കും ഭൂരിപക്ഷ വർഗീയതയിൽനിന്നു മുഴുവൻ ജനങ്ങളുടെയും ആരാധനാപാത്രമെന്ന ആഖ്യാനം സൃഷ്ടിക്കാനുമുള്ള ശ്രമത്തിലേക്കും മാറ്റിയത് ബിജെപിയുടെയും മോഡിയുടെയും കണക്കുകൂട്ടലുകൾ തെറ്റുന്നുവെന്നതിന്റെ സൂചനയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചതുമുതൽ പലവിധ ആഖ്യാനങ്ങളിലൂടെ അധികാരം ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് മോഡിയും ബിജെപിയും നടത്തിയത്. അവയിൽ ഏതിലെങ്കിലും ഒന്നിൽ ഉറച്ചുനിന്ന് മുന്നോട്ടുപോകാനാവാത്തവിധം മാറിമറിയുന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ തികഞ്ഞ ആശയക്കുഴപ്പത്തിലാണ് മോഡിയും ബിജെപിയും എത്തിനിൽക്കുന്നത്. വികസനം, രാമക്ഷേത്രം, വിഭാഗീയത എന്നിവയെല്ലാം പിന്നിട്ടാണ് ഇപ്പോഴത്തെ ഘട്ടത്തിൽ എത്തിയത്. എന്നിട്ടും തൊഴിലില്ലായ്മ, വിലക്കയറ്റം, സ്ത്രീസുരക്ഷ, രാജ്യത്തിന്റെയും ജനങ്ങളുടെയും ഐക്യവും സമാധാന ജീവിതവും നേരിടുന്ന വെല്ലുവിളികൾ തുടങ്ങിയ കാതലായ വിഷയങ്ങൾ തെരഞ്ഞെടുപ്പ് ചർച്ചയിൽ നിന്നും ഒഴിവാക്കാനാണ് പ്രധാനമന്ത്രിയും ബിജെപിയും ശ്രമിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.