19 December 2024, Thursday
KSFE Galaxy Chits Banner 2

വീണ്ടെടുപ്പിന്റെയും വളര്‍ച്ചയുടെയും സുഗമപാത

വത്സന്‍ രാമംകുളത്ത്
March 12, 2022 6:00 am

കാഴ്ചപ്പാട് എന്നതാണ് ഏതൊരു സര്‍ക്കാരിന്റെയും സ്വീകാര്യതയെ വളര്‍ത്തുന്നത്. അത് നയവും വികസനവും ഭരണവും കൈകാര്യം ചെയ്യുന്നതിനും മാറ്റുകൂട്ടും. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ജനഹിതമാണ് അടിസ്ഥാനമാക്കിപ്പോരുന്നത്. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്, 2016 മെയ് 25ന് അധികാരമേറ്റ ഒന്നാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ 2021ലെ ഭരണത്തുടര്‍ച്ച. ധനമന്ത്രിയായതിന്റെ പതിനഞ്ചാം ദിവസം കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച കന്നി ബജറ്റ് ഏറെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. മുന്‍കാലങ്ങളിലേക്കാള്‍ വ്യത്യസ്തമായി കെ എന്‍ ബാലഗോപാലിന്റെ ബജറ്റ് തയാറെടുപ്പുകള്‍ ഏതുവിധത്തിലാണെന്ന ചര്‍ച്ചകളാണ് രാഷ്ട്രീയ‑സാമ്പത്തിക മണ്ഡലത്തില്‍ അന്ന് നിറഞ്ഞുനിന്നത്. ഇക്കുറി മാധ്യമങ്ങളും ആ സംശയംകൂറുന്നുണ്ട്. അലങ്കാരങ്ങളും കഥകളും കവിതകളുമില്ലാതെ നേരിട്ട് കാര്യത്തിലേക്ക് കടന്ന കമ്മ്യൂണിസ്റ്റ് ശൈലിയാണ് ബാലഗോപാലിന്റേതെന്ന് അന്നും ഇന്നും പറയുന്നവരേറെ. കണക്കിലെ കളികളും നടപ്പാക്കാനാവാത്ത പദ്ധതികളും കുത്തിനിറയ്ക്കാത്ത, ജനഹിതമായ ബജറ്റാണ് ഇന്നലെയും കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. കേവലം രാഷ്ട്രീയ പ്രസംഗമായിരുന്നു അതെന്നായിരുന്നു പ്രതിപക്ഷ നേതാവ് കസേരയില്‍ ഇരിക്കാന്‍ തുടങ്ങിയ ദിവസം വി ഡി സതീശന്‍ ആക്ഷേപിച്ചത്. ഇന്നലെയും ബജറ്റിനെ വിമര്‍ശിച്ചതും ബാലിശവും രാഷ്ട്രീയവുമായി തന്നെ. പൊള്ളയായ ബജറ്റെന്നാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. എന്നാല്‍ വികസനോന്മുഖമായ ഒരു കാഴ്ചപ്പാട് ഇന്നലെ സഭയില്‍ അവതരിപ്പിക്കപ്പെട്ട ബജറ്റിനുണ്ടെന്ന പൊതുവികാരം ഇടതുസര്‍ക്കാരിന്റെ നേട്ടമാണ്. ഇടതുപക്ഷ ജനാധിപത്യമുന്നണി തെരഞ്ഞെടുപ്പ് വേളയില്‍ മുന്നോട്ടുവച്ച വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന് ബജറ്റ് ലക്ഷ്യം വച്ചിരിക്കുന്നതായി കാണാം. ദീര്‍ഘകാല പദ്ധതികളിലൂടെ കേരളത്തിന്റെ സാധ്യതയ്ക്കിണങ്ങുന്ന വികസന സങ്കല്പങ്ങളാണ് ബജറ്റില്‍. കാര്‍ഷിക മേഖലയിലും ഭക്ഷ്യവിതരണ രംഗത്തും തൊഴില്‍, വ്യവസായ മേഖലകളിലും കാണുന്ന ഇടപെടലുകള്‍ ശ്ലാഘനീയമാണ്. പൊതുമേഖലയുടെ സംരക്ഷണം, ഐടി രംഗത്തെ വികസനം, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ മികവ് തുടങ്ങിയവയെല്ലാം കാല്‍നൂറ്റാണ്ട് കാലത്തെ വികസനം മുന്നില്‍ കണ്ടാണ് തയാറാക്കിയിരിക്കുന്നതെന്ന് കാണാം. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന്റെ ആഭ്യന്തര ഉല്പാദനവും തൊഴിലവസരങ്ങളും നികുതി വരുമാനവും കൂടുതല്‍ വേഗത്തില്‍ വളരുമെന്ന പ്രതീക്ഷയാണ് ബജറ്റ് പങ്കുവയ്ക്കുന്നത്. ജിഎസ്‌ടി വരുമാനം 2022 ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ ശരാശരി 14.5 ശതമാനം വളര്‍ച്ചരേഖപ്പെടുത്തിയതായി ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞിരിക്കുന്നു. ആവര്‍ത്തിച്ചുണ്ടായ ദുരന്തങ്ങളുടെയും മഹാമാരിയുടെയും പ്രതിസന്ധിക്ക് ശമനമായ ഈ ഘട്ടത്തില്‍ ഇത് മികച്ച നേട്ടമായി വേണം വിലയിരുത്താന്‍. ധനമന്ത്രിയുടെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ഇതൊരു വീണ്ടെടുപ്പിന്റെ സൂചനയാണ്. കോവിഡ് മഹാമാരിയുടെ നാലാം തരംഗം പ്രതീക്ഷിച്ചുകൊണ്ടുതന്നെ ഒരു ബജറ്റ് അവതരിപ്പിക്കുക എന്ന പ്രയാസം ധനമന്ത്രി പങ്കുവയ്ക്കാതിരുന്നില്ല. യുദ്ധകാലത്ത് ലോകത്താകെ വളരുന്ന വിലക്കയറ്റം സംസ്ഥാനത്തെയും ബാധിക്കുമെന്ന ഭീതി നിലനില്‍ക്കുന്നുണ്ട്. മറ്റു പ്രതിസന്ധികളും സംസ്ഥാനം പ്രതീക്ഷിക്കുന്നു. അതിനെയെല്ലാം മറികടക്കാവുന്ന പദ്ധതികളാണ് ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോളവല്ക്കരണ നയങ്ങളെ ചെറുത്തുതോല്‍പ്പിക്കാതെ ജനകീയ ബദല്‍ വികസിപ്പിച്ചെടുക്കാനാവില്ലെന്ന് ബജറ്റ് പ്രസംഗത്തില്‍ മന്ത്രി ഊന്നിപ്പറഞ്ഞത് ശ്രദ്ധേയമാണ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തും ഇടതുപക്ഷ ജനാധിപത്യ മുന്നണി ഈ സമീപനത്തോടെയാണ് ബദലൊരുക്കിയത്. ആഗോളവല്ക്കരണ നയങ്ങള്‍ക്ക് ബദലായി കേരള മാതൃക വളര്‍ത്താന്‍ ഇടതുമുന്നണിയുടെ നയങ്ങള്‍ക്ക് സാധ്യമായി എന്നത് യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യം ഇന്നലെ അവതരിപ്പിക്കപ്പെട്ട ബജറ്റിലൂടെ ധനമന്ത്രിയും സമ്മതിക്കുന്നുണ്ട്.

കോവിഡ് കാലത്തും കണ്ടത് കേന്ദ്രത്തിന്റെ കോര്‍പറേറ്റ് പ്രീണനം

മഹാമാരിയുടെ ആവിര്‍ഭാവത്തിനും മുമ്പേ ആഗോള സമ്പദ്ഘടനയും ഇന്ത്യന്‍ സാമ്പത്തിക രംഗവും മാന്ദ്യത്തിന്റെ നിഴലിലായിരുന്നുവെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ജനവിരുദ്ധമായ നയങ്ങള്‍ക്കും കോര്‍പറേറ്റ് അനുകൂല സേവനങ്ങള്‍ക്കുമെതിരെ രൂക്ഷമായ വിമര്‍ശനവും ബജറ്റ് പ്രസംഗത്തിലുണ്ടായി.
സാധാരണ ജനങ്ങളുടെ വരുമാനം കവര്‍ന്നെടുത്ത്, ആര്‍ത്തിപിടിച്ച കോര്‍പറേറ്റുകളുടെ ലാഭം ഉയര്‍ത്തുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ സൗകര്യമൊരുക്കിയത്. ജനങ്ങളുടെ വാങ്ങല്‍ ശേഷി താഴ്‌ന്നുനിന്നു. ഉല്പാദിപ്പിച്ച സാധനങ്ങള്‍ വാങ്ങാനാളില്ലാതെ കെട്ടിക്കിടക്കുന്ന അവസ്ഥയുണ്ടാക്കി. പ്രതിസന്ധി മറികടക്കാനെന്ന പേരില്‍ എടുക്കുന്ന നയങ്ങളെല്ലാം തൊഴിലാളികളെയും കര്‍ഷകരെയും കൂടുതല്‍ പാപ്പരാക്കുകയാണ്. ഈ സാഹചര്യത്തിലാണ് കര്‍ഷകരും തൊഴിലാളികളും ഐതിഹാസിക ചെറുത്തുനില്‍പ്പ് സമരങ്ങള്‍ നടത്തിയതെന്നും ധനമന്ത്രി പറഞ്ഞു.
സമ്പദ്ഘടനയില്‍ അഭൂതപൂര്‍വമായ മാന്ദ്യവും തകര്‍ച്ചയും നേരിട്ട മഹാമാരിക്കാലത്ത് കോര്‍പറേറ്റുകളുടെ ലാഭം റെക്കോഡ് നിലവാരത്തിലെത്തിയിരുന്നു. മാന്ദ്യത്തെ അതിജീവിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നില്ലെന്നുമാത്രമല്ല, സംസ്ഥാനങ്ങളെ അതില്‍ നിന്നും വിലക്കുകയുമാണ്. അസമത്വത്തിന്റെയും ദാരിദ്ര്യത്തിന്റെയും ലോക റാങ്കിങ്ങില്‍ ഇന്ത്യയുടെ സ്ഥാനം ലജ്ജാകരമാണ്. ധനകാര്യ യാഥാസ്ഥിതികത്വം തലയ്ക്കുപിടിച്ച കേന്ദ്ര സര്‍ക്കാര്‍, 2022–23 ലേക്കുള്ള ബജറ്റുപോലും വളരെ നിരാശാജനകമായാണ് അവതരിപ്പിച്ചത്. അസമത്വം ഇത്രമേല്‍ വര്‍ധിച്ചിട്ടും വരുമാന നികുതി, കോര്‍പറേറ്റ് നികുതി, സ്വത്ത് നികുതി എന്നിവ ഉയര്‍ത്താന്‍ തയാറാവുന്നില്ലെന്നും കെ എന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. വിഭവങ്ങളെല്ലാം കേന്ദ്രത്തിനും വികസന‑ക്ഷേമ ഉത്തരവാദിത്തങ്ങള്‍ എല്ലാം സംസ്ഥാനങ്ങള്‍ക്കും എന്ന നിലയിലാണിപ്പോള്‍ കേന്ദ്ര‑സംസ്ഥാന ബന്ധം. ചരക്ക് സേവന നികുതി (ജിഎസ്‌ടി) നടപ്പിലാക്കിയതോടെ സംസ്ഥാനങ്ങളുടെ നികുതി അധികാരം പൂര്‍ണമായും ഇല്ലാതായി. ജീവിത ഗുണമേന്മയില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ എണ്ണിയെണ്ണി പറഞ്ഞ് കേന്ദ്രപൂളില്‍ നിന്നുള്ള നികുതി വിഹിതം കുറയ്ക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.