22 January 2025, Wednesday
KSFE Galaxy Chits Banner 2

രാജ്ഭവന്‍ എന്ന വെള്ളാന

പ്രത്യേക ലേഖകന്‍
October 28, 2022 4:42 am

ജനാധിപത്യസംവിധാനത്തില്‍ അനാവശ്യ അലങ്കാരമായ ഗവർണറും ഔദ്യോഗിക വസതിയായ രാജ്ഭവനും ധൂർത്തിന്റെ കേന്ദ്രമാണ്. കേരള ഗവർണർക്കും പരിവാരങ്ങൾക്കുമായി സംസ്ഥാന ഖജനാവില്‍ നിന്ന് നല്‍കേണ്ടി വരുന്നത് കനത്ത ശമ്പളവും ആനുകൂല്യങ്ങളും സൗകര്യങ്ങളുമാണ്. ഗവർണറുടെ വാർഷിക ശമ്പളവും ആനുകൂല്യങ്ങളും 42 ലക്ഷം രൂപയാണ്. പ്രതിവർഷം എട്ടുകോടിയോളം രൂപയാണ് പേഴ്സണൽ സ്റ്റാഫിന് ശമ്പളവും ആനുകൂല്യവും നൽകേണ്ടത്.
മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിനെ കുറിച്ച് പൊതുസമൂഹത്തിനു മുമ്പില്‍ അപകീര്‍ത്തികരമായ പ്രചരണം നടത്തുന്ന ആരിഫ് മുഹമ്മദ് ഖാനുവേണ്ടി രാജ്ഭവനിൽ ജോലി ചെയ്യുന്നത് 144 പേരാണ്. ഇതിൽ 74 പേരുടേതും പിൻവാതിലിലൂടെയുള്ള താല്ക്കാലിക നിയമനം. താൽക്കാലിക പേഴ്സണൽ സ്റ്റാഫുകളുടെ ശമ്പളവും ആനുകൂല്യങ്ങളും വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. ശരാശരി നൂറ് ഫയലാണ് ഒരു വർഷം രാജ്ഭവന്റെ പരിഗണനയ്ക്ക് എത്തുന്നത്. ഇതിനായാണ് 144 പേർ. പ്രതിമാസം അഞ്ഞൂറ് ഫയലുകള്‍ വരെ കൈകാര്യം ചെയ്യേണ്ടിവരുന്ന മന്ത്രിമാരുടെ ഓഫീസിലും വസതിയിലുമായി പരമാവധി 25 പേർ മാത്രമാണുള്ളത്.
സെക്രട്ടറി ഉൾപ്പെടെ മൂന്ന് അഖിലേന്ത്യാ സർവീസുകാർ ഗവര്‍ണറുടെ പേഴ്സണൽ സ്റ്റാഫിലുണ്ട്. ഒരു ഐഎഎസ് ഓഫീസറും രണ്ട് എഡിസിമാരും ഒരു കൺട്രോളറും. ഇതിന് താഴെ രണ്ട് ഡെപ്യൂട്ടി സെക്രട്ടറിമാർ ഒരുലക്ഷത്തിനു മുകളിൽ ശമ്പളം വാങ്ങുന്നവരായുണ്ട്. ഒരു ലക്ഷത്തിനടുത്ത് ശമ്പളം കെെപ്പറ്റുന്ന രണ്ട് അണ്ടർ സെക്രട്ടറിമാർ, പ്രൈവറ്റ് സെക്രട്ടറി, പിആർഒ, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി, പിഎ, അഡീഷണൽ പിഎ, സെക്ഷൻ ഓഫീസർ, ടൂർ സൂപ്രണ്ട്, 12 അസിസ്റ്റന്റ്, 22 ഓഫീസ് അറ്റൻഡന്റ്, ഗാർഡനർ ‑12, ലാസ്കർ ‑അഞ്ച്, ടൈപ്പിസ്റ്റ് ‑നാല്, വെയിറ്റർ ‑രണ്ട്, ഫോട്ടോഗ്രാഫർ, ഗാർഡൻ സൂപ്പർവൈസർ, ഹയർഗ്രേഡ് സെക്ഷൻ ഓഫീസർ, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, മോട്ടോർ സൈക്കിൾ ഡെസ് പാച്ച് റൈഡർ, കുക്ക്, രണ്ട് അലക്കുകാർ, തയ്യൽക്കാരൻ, ബൈൻഡർ, ആശാരി, ഡ്രൈവർ, ക്ലീനർ എന്നിവരുമുണ്ട്. 

ആരോഗ്യ പരിപാലനത്തിനായി മെഡിക്കൽ ഓഫീസർ, രണ്ട് സ്റ്റാഫ് നഴ്സ്, ഫാർമസിസ്റ്റ്, നഴ്സിങ് അസിസ്റ്റന്റ്, രണ്ട് ഹോസ്പിറ്റൽ അറ്റൻഡന്റ് എന്നിവരെ ആരോഗ്യ വകുപ്പിൽനിന്ന് ഡെപ്യൂട്ടേഷനിൽ നിയമിച്ചിരിക്കുന്നു. തൂപ്പുജോലിക്കായി 24 പേരാണുള്ളത്. തോട്ടം സൂക്ഷിപ്പിന് ഒമ്പത്, പാചകത്തിന് മൂന്ന്, അലക്കുകാരുടെ മേൽനോട്ടക്കാര്‍ എന്നിവരെയും നിയമിച്ചിട്ടുണ്ട്. ഗവർണറുടെ സെക്രട്ടറിക്കും അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റുണ്ട്. മാസങ്ങൾക്കുമുമ്പ് ഗവർണർക്കായി വാങ്ങിയ മെഴ്സിഡെസ് ബെൻസ് കാറിന് ഖജനാവിൽ നിന്നെടുത്തത് എഴുപത് ലക്ഷത്തിലേറെ രൂപയാണ്. വാഹനത്തിന്റെ അറ്റകുറ്റപ്പണികൾക്കായി ഈ വർഷം ഇതുവരെ 3.80 ലക്ഷം രൂപ ചെലവഴിച്ചു. പെട്രോളിന് 8.8 ലക്ഷം രൂപയും. കഴിഞ്ഞവർഷം പെട്രോളിന് 7.35 ലക്ഷം രൂപയും അറ്റകുറ്റപ്പണിക്ക് 6.34 ലക്ഷം രൂപയും ഉപയോഗിച്ചു. 2020–21ൽ ഇത് യഥാക്രമം 6.75 ലക്ഷവും 6.41 ലക്ഷവുമാണ്. ഇതിനുപുറമെയാണ് വിമാനക്കൂലി. ഈവർഷം ഇതുവരെ ചെലവ് 11.7 ലക്ഷം.

സംസ്ഥാന സർക്കാരിന്റെ എല്ലാ ചെലവിനും നിയമസഭയുടെ അംഗീകാരം വേണം. എന്നാല്‍ രാജ്ഭവന്റെ കാര്യത്തിൽ ഇത് ബാധകമല്ല. ഈ ചെലവ് ചർച്ചയും വോട്ടെടുപ്പുമില്ലാതെതന്നെ നിയമസഭ പാസാക്കും. ട്രഷറിയിൽ എത്തുന്ന ബില്ല് പാസാക്കുക മാത്രമാണ് സർക്കാര്‍ ചെയ്യുക. ട്രഷറിയിൽ പണമില്ലെങ്കിലും രാജ്ഭവന്റെ ബിൽ പാസാക്കി പണം നൽകണമെന്നാണ് വ്യവസ്ഥ. ഇതിന്റെ വിനിയോഗം പരിശോധനയ്ക്ക് വിധേയമാകുന്നേയില്ല. ഇതിനെല്ലാം പുറമെ ഗവർണറുടെ അതിഥികളായി രാജ്ഭവനിലെത്തുന്നവരുടെ ചെലവും സംസ്ഥാനമാണ് വഹിക്കുക.

TOP NEWS

January 22, 2025
January 22, 2025
January 22, 2025
January 21, 2025
January 21, 2025
January 21, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.