August 18, 2022 Thursday

ഈ കാലവിളംബം കടുത്ത നീതിനിഷേധം

Janayugom Webdesk
August 1, 2022 5:00 am

‘വൈകുന്ന നീതി, നീതിയുടെ നിഷേധ’മാണെന്ന സാര്‍വലൗകിക നീതിന്യായ തത്വം ഒരു രാഷ്ട്രമെന്ന നിലയിൽ ഇന്ത്യയും അതിൽ അധിവസിക്കുന്ന നൂറ്റിമുപ്പതില്പരം കോടി ജനങ്ങളും നീതിന്യായ വ്യവസ്ഥയുടെ ഗുരുതരമായ അനാസ്ഥ കാരണം നേരിടുന്ന കൊടിയ രാഷ്ട്രീയ അനീതിയിലേക്കും ജനാധിപത്യ സംവിധാനത്തെ നിയമം ഉപയോഗിച്ച് അട്ടിമറിക്കുന്ന ഭരണകൂട നടപടിയിലേക്കുമാണ് ശ്രദ്ധ ക്ഷണിക്കുന്നത്. 2017 ഫെബ്രുവരി ഒന്നിനാണ് മോഡി സർക്കാർ ഒരു ധനകാര്യ ബില്ലിന്റെ രൂപത്തിൽ തെരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച ബില്‍ ലോക്‌സഭയിൽ അവതരിപ്പിച്ചത്. നാളിതുവരെ ഒരു രാഷ്ട്രീയപാർട്ടിക്കു സംഭാവന നല്കാൻ ആഗ്രഹിക്കുന്ന കമ്പനിക്ക് അതുനൽകുന്ന സാമ്പത്തിക വർഷത്തെ മൊത്തലാഭത്തിന്റെ ഏഴര ശതമാനം മാത്രമേ നല്കാൻ കഴിയുമായിരുന്നുള്ളൂ. പുതിയ ബില്‍ ആ നിയന്ത്രണം നീക്കം ചെയ്തു. സംഭാവന നൽകുന്നവർ അത് ആർക്കു നൽകി എന്നത് വെളിപ്പെടുത്തണമെന്ന നിയമപരമായ ബാധ്യതയും പുതിയ നിയമം അസാധുവാക്കി. അത്തരം സംഭാവനകൾ ചെക്ക്, ഡ്രാഫ്റ്റ്, ഇലക്ട്രോണിക് കൈമാറ്റം തുടങ്ങി കേന്ദ്ര സർക്കാർ നിർദ്ദേശിക്കുന്ന രീതിയിലെ നല്കാൻ പാടുള്ളു എന്നും വ്യവസ്ഥ ചെയ്തു. ബോണ്ടുകൾക്കു നിയമ സാധുതയുടെയും സുതാര്യതയുടെയും പരിവേഷം നല്കുകയായിരുന്നു ഇതുവഴി. എന്നാൽ സംഭാവനകളുടെ സ്രോതസ് രഹസ്യമായിരിക്കും എന്നതാണ് നിയമത്തിലെ വിരോധാഭാസം. ഇത് അക്ഷരാർത്ഥത്തിൽ വൻകിട കോര്‍പറേറ്റുകളിൽനിന്നുള്ള പണത്തിന്റെ കുത്തൊഴുക്ക് ഭരണകക്ഷിയിലേക്ക് ഉറപ്പുവരുത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ തെരഞ്ഞെടുക്കപ്പെട്ട 29 ശാഖകൾവഴി ഇരുപത്തിയൊന്നു തവണകളായി ഇതിനകം നടന്ന മൊത്തം 10,246 കോടി രൂപയുടെ ബോണ്ടുവില്പനയിലൂടെ സമാഹരിച്ച പണത്തിന്റെ സിംഹഭാഗവും എത്തിച്ചേർന്നത് ബിജെപിയുടെ ഖജനാവിലാണെന്നത് എടുത്തുപറയേണ്ടതില്ലല്ലോ.


ഇതുകൂടി വായിക്കൂ:  ഇഡിയുടെ അധികാരം ശരിവച്ച് സുപ്രീം കോടതി


നിയമം നിലവിൽ വന്ന ഉടനെതന്നെ അപകടം മണത്ത ജനാധിപത്യ പ്രസ്ഥാനങ്ങളും സംഘടനകളും അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയുണ്ടായി. നിയമത്തിനെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ (സിഇസി) കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അതിനെ ‘പ്രതിലോമ നടപടി’ എന്നാണ് വിശേഷിപ്പിച്ചത്. അത് വ്യാജ കമ്പനികൾക്കും വിദേശ താല്പര്യങ്ങൾക്കും ഇന്ത്യൻ തെരഞ്ഞെടുപ്പു പ്രക്രിയയെ സ്വാധീനിക്കാൻ അവസരം നല്കുമെന്നും അജ്ഞാത സ്രോതസുകൾക്കു നിയമസാധുത നല്കുമെന്നും സത്യവാങ്മൂലം വ്യക്തമാക്കി. ഉത്തരവാദപ്പെട്ട മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്ന വസ്തുതകളനുസരിച്ച് റിസർവ് ബാങ്കും തെരഞ്ഞെടുപ്പ് ബോണ്ടിനെതിരെ പലതവണ എതിർപ്പ് രേഖപ്പെടുത്തിയതായി പറയുന്നു. അത് ഇന്ത്യൻ നാണയ വ്യവസ്ഥയ്ക്ക് ഭീഷണിയും കള്ളപ്പണം വെളുപ്പിക്കലിനെ പ്രോത്സാഹിപ്പിക്കുന്നതുമാണെന്ന മുന്നറിയിപ്പും നല്കിയിരുന്നു. പ്രതിപക്ഷ രാഷ്ട്രീയ പാർട്ടികളും പൗരസംഘടനകളും തെരഞ്ഞെടുപ്പ് ബോണ്ടിനെതിരെ രംഗത്ത് വന്നു. തെരഞ്ഞെടുപ്പ് ബോണ്ടിനെതിരായ ഹർജികളുടെ തുടർ പരിഗണന, അവ സമർപ്പിക്കപ്പെട്ടു നാലുകൊല്ലങ്ങൾ പിന്നിട്ടിട്ടും പരമോന്നത നീതിപീഠത്തിന്റെ അടിയന്തര ശ്രദ്ധ പതിയേണ്ട വിഷയമായി മാറിയിട്ടില്ലെന്നത് അത്യന്തം ഉത്ക്കണ്ഠാജനകമാണ്. ബിജെപിയും നരേന്ദ്രമോഡി ഭരണകൂടവും സുപ്രീം കോടതിയുടെ ഈ കുറ്റകരമായ അനാസ്ഥ മുതലെടുത്തു വരാൻപോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും 2024 ലെ പൊതു തെരഞ്ഞെടുപ്പും ലക്ഷ്യമാക്കി തങ്ങളുടെ ഖജനാവ് നിറയ്ക്കാനുള്ള തകൃതിയായ പ്രവർത്തനവുമായി മുന്നേറുകയാണ്. കോർപറേറ്റുകളെ ഭീഷണിപ്പെടുത്തി വൻതുകകൾ സമാഹരിക്കാൻ ബിജെപി നടത്തുന്ന ശ്രമത്തെപ്പറ്റി സുപ്രീം കോടതിയിൽ പരാമർശമുണ്ടായി. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റടക്കം കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്താണ് ബോണ്ടുവഴിയുള്ള പണപ്പിരിവ്.


ഇതുകൂടി വായിക്കൂ: ന്യായാധിപര്‍ അന്യായം പറയുമ്പോള്‍


ഇക്കഴിഞ്ഞ ഏപ്രിൽ മാസം അഞ്ചിന് ഹർജിക്കാരായ അസോസിയേഷൻ ഫോർ ഡമോക്രറ്റിക് റീഫോംസിനുവേണ്ടി അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ വിഷയം ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. കോവിഡ് 19 കാരണമാണ് കാലതാമസമെന്നു സൂചിപ്പിച്ച ചീഫ് ജസ്റ്റിസ് വിഷയം പരിഗണിക്കുമെന്ന് തുറന്ന കോടതിയിൽ ഉറപ്പു നൽകിയിരുന്നു. അതിനു ശേഷം തെരഞ്ഞെടുപ്പ് ബോണ്ടുകളുടെ രണ്ടുവില്പനകൂടി പൂർത്തിയായിരിക്കുന്നു. ഇന്ത്യൻ ജനാധിപത്യത്തെ വികലമാക്കുന്നതും തെരഞ്ഞെടുപ്പുകളെ അര്‍ത്ഥശൂന്യമാക്കുന്നതുമായ വിഷയത്തിൽ സുപ്രീം കോടതി വരുത്തുന്ന കാലവിളംബം അക്ഷന്തവ്യവും സംശയാസ്പദവുമാണ്. അത് ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയുടെ ആരോഗ്യകരമായ നിലനില്പിന് കനത്ത ഭീഷണിയാണ്. ഭരണഘടനയുടെയും അതുവഴി ജനാധിപത്യത്തിന്റെയും കാവലാളായി വർത്തിക്കേണ്ട പരമോന്നത കോടതി അലംഭാവം വെടിഞ്ഞു തെരഞ്ഞെടുപ്പ് ബോണ്ട് വിഷയത്തിൽ സത്വര തീർപ്പിനു തയാറാവണം. ഇനിയും അതിൽ കാലതാമസം വരുത്തുന്നത് ഇന്ത്യക്കും അതിന്റെ ജനാധിപത്യ വ്യവസ്ഥയ്ക്കും കനത്ത ആഘാതമായിരിക്കും സൃഷ്ടിക്കുക.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.